[]കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.
കേസിലുള്‍പ്പെട്ടിരിക്കുന്ന ഉന്നതരെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രണ്ടിടങ്ങളിലായി 250 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. കേസിലുള്‍പ്പെട്ടിരിക്കുന്ന ഉന്നതരെ സഹായിച്ചത് മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ ഒക്കെയാവാം.
ഈ ഉന്നതര്‍ ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടാവും.കേസില്‍ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കും. – കോടതി പറഞ്ഞു.
ഭൂമിയിടപാടിനുപയോഗിച്ചിരിക്കുന്ന പണത്തിന്റെ സ്രോതസും പണം മുടക്കിയത് ആരാണെന്നതും കണ്ടെത്തണം- കോടതി നിര്‍ദേശിച്ചു.
കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നായിരുന്നു കോടതിയില്‍ സി.ബി.ഐ വാദിച്ചത്. എന്നാല്‍ കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതില്‍ എന്ത് ബുദ്ധിമുട്ടാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
ഭൂമിയിടപാടിനായി ഉപയോഗിച്ച പണത്തിന്റെ സ്രോതസിനെ കുറിച്ചും ആരാണ് പണം മുടക്കുന്നത് എന്നും ഹൈക്കോടതി മുമ്പും ചോദിച്ചിരുന്നു.
സലിം രാജ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍ പെട്ടിട്ടുള്ളവരെല്ലാം സാമ്പത്തികമായി ശേഷി കുറഞ്ഞവരാണെന്നും ഇവര്‍ക്കാര്‍ക്കും കേസില്‍ ഉള്‍പ്പെട്ട 300 കോടിയോളം വില വരുന്ന ഭൂമി വാങ്ങാന്‍ ശേഷിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നേരത്തേ സലീംരാജിനെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഒരു കൂട്ടം ഹരജികള്‍ വന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്താമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരുന്നു.
തിരുവനന്തപുരത്ത് കടകംപള്ളി, ആലുവ പത്തടിപ്പാല എന്നിവിടങ്ങളിലായി വ്യാജ തണ്ടപ്പേരില്‍ ഭൂമി സ്വന്തമാക്കിയെന്നാണ് സലീം രാജിനെതിരായ കേസ്.