| Monday, 14th May 2018, 3:58 pm

വൈകാതെ വന്ന വസന്തം

നിഖില്‍ പി

ഭാഗം എട്ട്

“”ഇന്ത്യന്‍ റുപ്പി”” എന്ന ചലച്ചിത്രത്തിലെ ഒരു വെളിപാടുമുഹൂര്‍ത്തത്തില്‍ അച്യുതമേനോനോട് ജയപ്രകാശ് ഒരു ചോദ്യം ചോദിക്കുന്നുണ്ട്- “”എവിടെയായിരുന്നു ഇത്രയും കാലം?””

വസന്തകാലപുലരികളിലേക്ക് കണ്ണു തുറക്കാന്‍ തുടങ്ങിയതോടെ ഓരോ ദിവസവും ഞാനും അറിയാതെ ആ ചോദ്യം ചോദിക്കാന്‍ തുടങ്ങി- പുലര്‍ച്ചേ അഞ്ചുമണിയാവുമ്പോഴേയ്ക്കുതന്നെ മുഖത്തടിയ്ക്കാന്‍ തുടങ്ങിയ വെയില്‍ എന്ന അത്ഭുതത്തോട്, ചില്ലകളിലും കുറ്റിക്കാടുകളിലുമുള്ള കൂനിക്കൂടിയിരിപ്പില്‍ നിന്ന് പുറത്തുവന്ന് പുലര്‍കാലങ്ങളെ ശബ്ദമുഖരിതമാക്കാന്‍ തുടങ്ങിയ കൊച്ചുകൊച്ചു കുരുവികളോട്, മുഴങ്ങുന്ന കൂജനങ്ങള്‍ കൊണ്ട് പൈന്‍മരത്തുമ്പുകളെ കിടിലം കൊള്ളിക്കാന്‍ തുടങ്ങിയ ഗള്ളുകളോട്.

താമസിക്കുന്ന സ്ഥലത്തുനിന്ന് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് രണ്ടരക്കിലോമീറ്ററോളം ദൂരമുണ്ട്. പോകുന്ന വഴിയ്ക്ക് മഞ്ഞിനെയും തണുപ്പിനേയുമെല്ലാം അതിജീവിച്ച് ഒരു കുന്നു കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട് കാരണം ഇത്രയും കാലം ബസ്സിലായിരുന്നു യാത്ര. മഞ്ഞുകാലം കഴിഞ്ഞതോടെ ബസ്സുപേക്ഷിച്ചു. സാറ്റുകളിയില്‍ എണ്ണുന്നയാള്‍ തോറ്റെന്ന് വിളിച്ചുപറയുമ്പോള്‍ ഒളിയിടങ്ങളില്‍ നിന്ന് പതിയെ തലയുയര്‍ത്തി വരുന്ന കൊച്ചുപീക്കിരികളെപ്പോലെ എവിടെനിന്നോ ചെടികള്‍ മുളച്ചുപൊന്താന്‍ തുടങ്ങുന്നു. മഞ്ഞയും വെളുപ്പും ഓറഞ്ചും നിറങ്ങളില്‍ അവയെല്ലാം കമ്മലുകളണിയാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചുകൂടി മുതിര്‍ന്ന വഴിമരങ്ങളെല്ലാം, ചുവപ്പുനിറമുള്ള തളിരിലകളില്‍ മൂടി പ്രണയമാഘോഷിക്കാന്‍ തുടങ്ങുന്നു.

വസന്തകാലം തുടങ്ങുന്നതോടെ പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടാന്‍ തുടങ്ങും. പാര്‍ക്കുകളും മറ്റു വിനോദകേന്ദ്രങ്ങളും സജീവമാവാന്‍ തുടങ്ങും. ഇക്കാലത്ത് പങ്കെടുത്തവയില്‍ വെച്ച് ഏറ്റവുമാകര്‍ഷിച്ച പരിപാടികളിലൊന്നായിരുന്നു “”മ്യൂസിയങ്ങളുടെ രാത്രി”” (Museoiden yö – the night of the museum). ഒരുപാട് കൊച്ചുകൊച്ചു മ്യൂസിയങ്ങളും സാംസ്‌കാരികകേന്ദ്രങ്ങളുമുള്ള നഗരമാണ് താംപര്‍റെ. സാധാരണ ദിവസങ്ങളില്‍ ഓരോ മ്യൂസിയത്തിനും പ്രത്യേകം പ്രവേശനഫീസൊക്കെ കൊടുത്തുമാത്രമേ സന്ദര്‍ശനം നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ “”മ്യൂസിയങ്ങളുടെ രാത്രി”” പരിപാടിയുടെ ഭാഗമായി ഒരൊറ്റ പ്രവേശനടിക്കറ്റ് കൊണ്ട് നഗരത്തിലുള്ള മുഴുവന്‍ മ്യൂസിയങ്ങളും സന്ദര്‍ശിക്കാം.

നാഷണല്‍ പൊലീസ് മ്യൂസിയം, മീഡിയാ മ്യൂസിയം, നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയടക്കം ഇരുപതോളം മ്യൂസിയങ്ങളും പത്തിലധികം സാംസ്‌കാരികകേന്ദ്രങ്ങളും അന്നു പാതിരാവരെ തുറന്നു കിടക്കും. ടിക്കറ്റ് വാങ്ങുമ്പോള്‍ കിട്ടുന്ന മഞ്ഞനിറമുള്ള റിസ്റ്റ് ബാന്‍ഡ് കാണിച്ചുകൊടുത്താല്‍ നഗരത്തിലെ ബസ്സുകളില്‍ അന്നേ ദിവസം യാത്രയും സൗജന്യമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടുതീര്‍ക്കേണ്ടിയിരുന്നതിനാല്‍ ഏതാനും പ്രധാനമ്യൂസിയങ്ങളിലേക്കും ആര്‍ട്ട്ഗ്യാലറികളിലേക്കുമായി രാത്രിയെ ആസൂത്രണം ചെയ്തു.

ഒരു കൊച്ചുബിനാലെ എന്നുതന്നെ പറയാവുന്ന വിധം ആര്‍ട്ട് ഗ്യാലറികളെല്ലാം പുതിയ ഇന്‍സ്റ്റളേഷനുകളും തീമാറ്റിക് പ്രദര്‍ശനങ്ങളും കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. രാത്രി എട്ടരമണിയാവാറായതോടെ മ്യൂസിയം സന്ദര്‍ശനങ്ങളില്‍ നിന്ന് ഒരു ഇടവേളയെടുത്ത് ഞങ്ങളെല്ലാവരും തടാകക്കരയിലെ പുല്‍ത്തകിടിയില്‍ നിരന്നിരുന്നു. എട്ടരയ്ക്കാണ് സൂര്യാസ്തമനം. തടാകത്തിനപ്പുറത്ത് മറയുന്ന സൂര്യന് സലാം ചൊല്ലി.

അതേ ആഴ്ച തന്നെ നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള വേറൊരു മ്യൂസിയം കൂടെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. ഡിപാര്‍ട്ട്‌മെന്റിലെ സ്പ്രിങ്ങ്-ഡേ-ഔട്ട് പരിപാടിയുടെ ഭാഗമായിരുന്നു യാത്ര. കങ്കസല എന്ന പേരുള്ള ഒരു നാഷണല്‍ പാര്‍ക്കും ഒരു ഓട്ടോമൊബൈല്‍ മ്യൂസിയവും സന്ദര്‍ശിക്കലാണ് പ്രധാനപരിപാടി. വളരെ പഴയകാലം തൊട്ടുള്ള വിവിധ മോട്ടോര്‍കാറുകളുടെ കമനീയ ശേഖരമാണ് മ്യൂസിയത്തില്‍.

കങ്കസലയുടെ ഏതാണ്ട് മധ്യഭാഗത്തായാണ് മ്യൂസിയം. ചുറ്റും കാടാണ്. കൊടും കാടൊന്നുമല്ല, ചെറിയൊരു കാട്. മാപ്പെടുത്തുനോക്കുമ്പോള്‍ മ്യൂസിയത്തിനു പുറത്ത്, രണ്ടു തടാകങ്ങള്‍ക്കിടയില്‍ ഒരു റിഡ്ജ് പോലെ, കങ്കസല നീണ്ടുനിവര്‍ന്നു കിടക്കുന്നു. തടാകം ലക്ഷ്യമാക്കി നടത്തമാരംഭിച്ചു. തടാകത്തിനടുത്ത്, സ്വര്‍ഗ്ഗത്തിലേക്ക് എന്നതുപോലെ ഒരു കാത്തുനില്‍പ്പുപലക വരവേല്‍ക്കാന്‍ നില്‍ക്കുന്നു. കണ്ണാടി പോലുള്ള തടാകത്തിലേയ്ക്ക് കയറി നില്‍ക്കുകയാണത്. ആ തടാകത്തിലൂടെ ഒരിക്കലും തിരിച്ചുവരാതെയെന്നോണമൊരു യാത്രയ്ക്ക് വിളിക്കാന്‍ ഒരു ചങ്ങാടം ഇപ്പോള്‍ വരുമെന്നും ആ മരപ്പലകയില്‍ നിന്ന് ഉടനേ അതിലേക്ക് കയറിയിരിക്കുമെന്നും വെറുതെ കൊതിച്ചുകൊണ്ടിരുന്നു.

മനസ്സില്ലാമനസ്സോടെ നടത്തം തുടര്‍ന്നു. മ്യൂസിയത്തില്‍ നിന്ന് കുറച്ചുമാറി ഒരു പഴയ ടവറുണ്ട്. മരം കൊണ്ടുണ്ടാക്കിയ ആ നിരീക്ഷണഗോപുരത്തിനു മുകളിലേക്ക് വലിഞ്ഞുകയറി. ഓരോ പടികള്‍ കയറുമ്പോഴും മരപ്പടികള്‍ വലിഞ്ഞു മുറുകി ഒച്ചവച്ചുകൊണ്ടിരുന്നു. ഏറ്റവും മുകളില്‍ നിന്നുനോക്കിയാല്‍ മൊത്തം പ്രദേശത്തിന്റെ അതിമനോഹരമായ ദൃശ്യം കാണാം. ഇനിയുമൊരിക്കല്‍ വന്നാല്‍പ്പിന്നെ തിരിച്ചുപോക്കേ ഉണ്ടാവില്ലെന്നറിയാമായിരുന്നതുകൊണ്ട് ആ ദൃശ്യത്തെ മൊത്തം മനസ്സിലേക്ക് പകര്‍ത്തിവെച്ച് കങ്കസലയോട് യാത്രപറഞ്ഞു.

ജൂണ്‍ അവസാനിക്കാറായിരുന്നു. താംപര്‍റെ നഗരത്തോടു വിടപറയാന്‍ സമയമാവുന്നു. തിരിച്ചുപോരുന്നതിനു തൊട്ടുമുന്നത്തെ വീക്കെന്‍ഡില്‍ എവിടെ പോവണം എന്ന് ഒരുപാടാലോചിച്ചു. കങ്കസലയില്‍ വെച്ച് ആകാശദൃശ്യങ്ങളോട് തോന്നിത്തുടങ്ങിയ പ്രണയം തിരിച്ചറിഞ്ഞ്, യാത്രകള്‍ക്ക് തെരെഞ്ഞെടുത്തത് നഗരത്തില്‍ത്തന്നെയുള്ള രണ്ടു ടവറുകളെയാണ്. സര്‍ക്കാന്ന്യേമി അഡ്വെഞ്ചര്‍ പാര്‍ക്കിലേക്കായിരുന്നു ആദ്യയാത്ര. അതേ കോമ്പൗണ്ടില്‍ത്തന്നെ ഒരു പ്ലാനിറ്റേറിയവും ചെറുമൃഗശാലയും “ആംഗ്രിബേര്‍ഡ്‌സ്” തീം പാര്‍ക്കും ഒക്കെയുണ്ട്. പാര്‍ക്കിനൊത്തനടുവില്‍ നാസിന്യൂള എന്നറിയപ്പെടുന്ന ഒരു ടവറുണ്ട്. 168 മീറ്റര്‍ ഉയരത്തില്‍ ഒരു കൂറ്റന്‍ ടവര്‍. ഏറ്റവും മുകളില്‍ 360 ഡിഗ്രീയില്‍ കറങ്ങുന്ന റെസ്റ്റോറന്റ് ഒക്കെയുണ്ട്. മുകളിലെ ചില്ലുഗ്ലാസ്സുകളിലൂടെ നഗരത്തിന്റെ ആകാശദൃശ്യങ്ങളെ മാത്രമല്ല, കഴിഞ്ഞുപോയ അഞ്ചുമാസങ്ങളെയും കണ്ടുകൊണ്ടിരുന്നു.

അധികം ദൂരെയല്ലാതെ വേറൊരു ടവര്‍ കൂടിയുണ്ട്, പ്യൂണിക്കി ടവര്‍. നാസിന്യൂളയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറുതാണത്. അവിടേയ്ക്ക് യാത്ര നടത്തുന്നവരില്‍ ഭൂരിഭാഗം പേരും ടവര്‍ ഏറാനല്ല, ടവറിനു താഴെകിട്ടുന്ന അതിപ്രശസ്തമായ ഡോനട്ട് രുചിച്ചുനോക്കാനാണ് അങ്ങോട്ടു പോകുന്നത്.

ടവറിനുതാഴെയുള്ള കഫ്ട്ടീരിയയില്‍ നിന്ന് ചൂടുഡോനട്ടും ഒരു കപ്പു കാപ്പിയും വാങ്ങി. നെയ്മണം പൊതിഞ്ഞ, അതിമൃദുവായ ഡോനട്ട്. കഴിയ്ക്കുമ്പോള്‍ കഴിയ്ക്കുന്നയാള്‍ അലിഞ്ഞുപോവുന്നതരം മധുരം, മൃദുത്വം. ഒരെണ്ണം കൂടെ വാങ്ങി തിരികേ റൂമിലേക്ക് നടന്നു.

മുറി കാലിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ബസ്സിലാണ് യാത്ര. യാത്രയയക്കാന്‍ ബസ് സ്റ്റേഷന്‍ വരെ പ്രൊഫസര്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ബാഗുകളൊരുക്കിവെക്കാന്‍ തുടങ്ങി. കുത്തിനിറയ്ക്കാനുള്ളതില്‍ കൂടുതലും ഓര്‍മ്മകളാണ്. അതുകൊണ്ടുമാത്രംതന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് അമിതഭാരത്തിന് ഫൈനടയ്‌ക്കേണ്ട ലക്ഷണമാണ്. പിന്നെയും ബാക്കിയുള്ളത് കുറേ വട്ടുകളുടെ തിരുശേഷിപ്പുകള്‍. എത്ര പെറുക്കിക്കൂട്ടിവെച്ചിട്ടും ബാഗിനു പുറത്തേക്ക് ചാടിക്കുതറുന്ന കുറച്ചു കടലാസുകഷണങ്ങള്‍.

പേരിടാത്ത ചില ഡയറിക്കുറിപ്പുകളും, അയക്കാനാളില്ലാതെ എഴുതിവെച്ച എണ്ണമറ്റ കത്തുകളും തുണ്ടം കീറി റീസൈക്കിള്‍ബിന്നില്‍ നിക്ഷേപിച്ചു. അവിടെ, ജീവിതക്രമത്തിന്റെ അനന്തചക്രങ്ങളില്‍, അവയുടെ അമരത്വം ആരംഭിക്കുന്നു.

(അവസാനിച്ചു)


Also Read:

Part 1-(വെറും?) ആയിരം തടാകങ്ങളുടെ നാട്

Part 2- മഞ്ഞുമായൊരു മല്‍പ്പിടുത്തം

Part 3- എന്താണെന്താണെ’ന്തുകുന്താ’?

Part 4- വിശ്വാസത്തിനെത്ര ടാക്‌സു കൊടുക്കണം?

Part 5-  ഒന്നാംനാളുല്ലാസയാത്ര പോയപ്പോള്‍…

Part 6- അമ്പും ആവിപ്പെരുപ്പും, പിന്നെ ഒര’ടാര്‍’ ഐസ്‌ക്രീമും!

Part 7- തൊഴിലാളിദിനം- മെയ് ഡേ അഥവാ വാപ്പു ഡേ

നിഖില്‍ പി

We use cookies to give you the best possible experience. Learn more