| Wednesday, 9th May 2018, 11:59 pm

തൊഴിലാളിദിനം- മെയ് ഡേ അഥവാ വാപ്പു ഡേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗം ഏഴ്

സീന്‍ ഒന്ന്- പൂമുഖം, കണിമംഗലം കോവിലകം.
ഉത്സവം താനൊറ്റയ്ക്കു നടത്തുമെന്ന് കുളപ്പുള്ളിഅപ്പനെ ഒരാവേശത്തിനുകേറി വെല്ലുവിളിച്ച നിമിഷത്തെ ശപിച്ച്, അഞ്ചിന്റെ പൈസ കയ്യിലില്ലാതെ, വരിക്കാശ്ശേരിമനയുടെ സീലിങ്ങിലെ കൊത്തുപണികളില്‍ കണ്ണുംനട്ട്, ജഗന്നാഥനിങ്ങനെ അന്തം വിട്ടിരിക്കുന്നു. സീനിലേയ്ക്ക് നമ്മുടെ കഥാനായകന്‍ കടന്നു വരുന്നു. ഒരു ചാക്കുകെട്ടില്‍ നിന്ന്, കറന്‍സിനോട്ടിന്റെ ഒരു കൂമ്പാരവും മലപ്പുറത്തിന്റെ മുഴുവന്‍ നിഷ്‌കളങ്കതയും പൂമുഖത്ത് വാരിത്തൂവി, ഒരു ചിരിയും ചിരിച്ച് അയാള്‍ നില്‍ക്കുന്നു.

സീന്‍ രണ്ട്- പടിപ്പുര.
ഇനിയും നിന്നാല്‍ എല്ലാവരും കൂടെ പിടിച്ച് പ്രതിഷ്ഠയാക്കിക്കളയും എന്നു പേടിച്ച്, ഉണ്ണിമായയുടേയും കൃഷ്ണവര്‍മ്മത്തമ്പുരാന്റേയും കൈ പിടിച്ച് പടിയിറങ്ങി രക്ഷപ്പെടാനൊരുങ്ങുന്ന ജഗന്നാഥന്‍. കയിച്ചിലാവാന്‍ സമ്മതിക്കാതെ “അയ്യോ തമ്പുരാ പോവല്ലേ” എന്നലറിയാര്‍ക്കുന്ന പുരുഷാരം. ഒരു നാടു മുഴുവനും എതിരുനില്‍ക്കുമ്പോഴും, ഒരു പെട്ടി പണം നിറച്ചൊരു കോണ്ടസാക്കാറിന്റെ ചാവി (ഒറിജിനലും ഡൂപ്ലിക്കേറ്റുമടക്കം രണ്ടു ചാവിയും) ജഗന്നാഥനു നീട്ടിക്കൊണ്ട് “നിങ്ങള്‍ പോയി രക്ഷപ്പെടൂ” എന്നു ചങ്കൂറ്റത്തോടെ പറയുന്ന ആ മനുഷ്യന്‍.
തഗ് ലൈഫ്.

കടുത്ത ആന്റി-ന്യൂനപക്ഷ മനോഭാവം പുലര്‍ത്തുന്ന ജഗന്നാഥനെന്ന ഫ്യൂഡല്‍ മാടമ്പിയെയും, മറുജാതികള്‍ക്കെല്ലാം അയിത്തം കല്‍പിക്കുന്ന സവര്‍ണ്ണഹിന്ദു ക്ഷേത്രത്തേയും, മതം നോക്കാതെ, കൈമെയ്മറന്ന് സഹായിക്കുന്ന സ്‌നേഹിതന്‍.

ആറാം തമ്പുരാനില്‍ എനിക്ക് ഒരു ഹീറോ മാത്രമേ ഉള്ളൂ. അത് തങ്ങളങ്ങാടിക്കാരന്‍ വാപ്പുവാണ്.

അതുകൊണ്ടു തന്നെ, ഫിന്‍ലന്റില്‍ വെച്ച് വാപ്പുഡേ എന്ന് ആദ്യമായി കേട്ടപ്പോള്‍ ഒന്നന്ധാളിച്ചു. ഫിന്‍ലന്റില്‍ മെയ്ദിനം വാപ്പുഡേ ആയാണ് ആഘോഷിക്കുന്നത്. ഫിന്നിഷ് ഭാഷയില്‍ “വാപ്പു” എന്നാല്‍ “മെയ് ഒന്നാന്തി” എന്നുമാത്രമാണ് അര്‍ത്ഥമെന്ന് പിന്നീടാണറിയാന്‍ കഴിഞ്ഞത്.

ലോകത്ത് എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിച്ചുവരുന്നു. രാഷ്ട്രീയകാരണങ്ങളാല്‍ പല രാജ്യങ്ങളും മെയ്ദിനം തൊഴിലാളിദിനമായി അംഗീകരിച്ചിട്ടില്ല. ചിക്കാഗോ പ്രക്ഷോഭം നടന്ന അമേരിക്കയില്‍ മേയ് ഒന്ന് ഇപ്പോഴും പ്രവൃത്തിദിവസമാണ്. അവധിയുള്ള പല രാജ്യങ്ങളിലും മെയ്ദിനം കൊണ്ടാടപ്പെടുന്നത് “വസന്തദിനം” ആയൊക്കെയാണ്.

ഫിന്‍ലാന്റിലെ, വിശിഷ്യാ താംപര്‍റെ പട്ടണത്തിലെ, മെയ്ദിനാഘോഷങ്ങളുടെ പ്രത്യേകതകളെപ്പറ്റി ഇവിടെ വന്നപ്പോള്‍ത്തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ്. വളരെ സവിശേഷമായ രീതിയിലാണിവര്‍ “വാപ്പുഡേ” ആചരിക്കുന്നത്. യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍ മുതലായ അക്കാദമിക് വൃത്തങ്ങളിലാണ് ആഘോഷം കാര്യമായി നടക്കുന്നത്. ലഹരികളുടെയും നഗ്‌നതയുടെയും സ്വാതന്ത്ര്യപ്രഖ്യാപനാഘോഷം കൂടിയാണ് ഇത്. അന്ന്, നഗരചത്വരങ്ങളും പുല്‍മേടുകളും വിദ്യാര്‍ത്ഥികള്‍ കയ്യേറുന്നു.

താല്‍ക്കാലിക കൂടാരങ്ങളും ചില്ലറവില്പനശാലകളും വിനോദകേന്ദ്രങ്ങളും ഫണ്‍റൈഡുകളും കൊണ്ട് പട്ടണത്തിലെ പാതയോരങ്ങള്‍ തിങ്ങി നിറയുന്നു. ഒരിക്കലും ക്രമം തെറ്റാതെയോടാറുള്ള ബസ്സ് ഷെഡ്യൂളുകള്‍ താളം തെറ്റുന്നു, പലപ്പോഴും ദിശമാറിയോടുന്നു. പട്ടണത്തിനാകമാനം ഒരു ഉത്സവപ്രതീതി വരുന്നു.

“സിമ” എന്നറിയപ്പെടുന്ന, ആല്‍ക്കഹോള്‍ കണ്ടന്റ് വളരെ കുറഞ്ഞ, ഒരിനം ചാരായം ഈ വാപ്പുഫെസ്റ്റില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. വെള്ളവും തേനും ഫെര്‍മെന്റ് ചെയ്‌തെടുത്താണിതുണ്ടാക്കുന്നതത്രെ. സിമയും ബിയറും വൈനും, പിന്നെ കൂടിയ മറ്റിനം മദ്യങ്ങളും കൊണ്ട് പുല്‍ത്തകിടികളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂട്ടമായിരുന്ന് ഒരു മുഴുവന്‍ പകലും രാത്രിയും ചെലവിടും.

ബിരുദപഠനത്തില്‍ അവസാനവര്‍ഷക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ചില ആചാരങ്ങളുമുണ്ട്. ഒരു പ്രത്യേക തരം തൊപ്പി ഈ ആഘോഷങ്ങളുടെയെല്ലാം പ്രധാന ഭാഗമാണ്. തൂവെള്ള നിറത്തില്‍, കറുത്ത വാലും തൊങ്ങലുകളും തുന്നിച്ചേര്‍ത്തുപിടിപ്പിച്ച തൊപ്പി കാണാന്‍ നല്ല ശേലാണ്. അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ ഈ തൊപ്പിയണിയാനുള്ള അവകാശം കരസ്ഥമാക്കുന്ന ദിനമാണ് മേയ് ഒന്ന്.

വരും വര്‍ഷങ്ങളില്‍ ഭാര്യ/ഭര്‍ത്താവ്/കൂട്ടുകാരന്‍/കൂട്ടുകാരിയുമൊന്നിച്ച് ഈ തൊപ്പിയും ധരിച്ച് അവര്‍ ഈ ആഘോഷത്തില്‍ പങ്കുചേരാനെത്തുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തൊപ്പികള്‍ അണിയിച്ചുനല്‍കുന്നു. ഒരര്‍ത്ഥത്തില്‍ ബിരുദാനന്തരജീവിതത്തിലേക്കുള്ള മാമോദീസാചടങ്ങായി വാപ്പുഫെസ്റ്റിനെ കാണാം.

അയല്‍മുറിയനായ വില്ലെ, ഇന്നേ ദിവസം തൊപ്പിയണിയാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. നേരത്തേത്തന്നെ തൊപ്പിവാങ്ങി വെച്ച്, രണ്ടുമൂന്നു ദിവസമായി ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുകയാണ് കക്ഷി. പൊള്ളുന്ന വിലയാണ് തൊപ്പിയ്ക്ക്. കൊള്ളാവുന്ന ഒരെണ്ണത്തിന് ഇരുനൂറു യൂറോയെങ്കിലുമാവും. നാട്ടില്‍ പോകുമ്പോള്‍ സോവനീറായി ഒരെണ്ണം വാങ്ങിക്കൊണ്ടുപോകാം എന്ന മോഹം അതോടെ ഉപേക്ഷിച്ചു.

പട്ടണങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, കുറച്ചുകൂടി വലിയ നഗരമായ ഹെല്‍സിങ്കിയില്‍, തലേദിവസം തന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. നഗരത്തിനു നടുവില്‍ നഗ്‌നയായ ഒരു പെണ്‍പ്രതിമയുണ്ട്. ആ പ്രതിമയ്ക്ക് ഒരു തൊപ്പി ചാര്‍ത്തിക്കൊണ്ടാണ് അവിടെ ചടങ്ങുകള്‍ തുടങ്ങുക.

എന്തായാലും താംപര്‍റെ പട്ടണത്തിലെ ആഘോഷങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാണെന്നാണ് കേട്ടിരിക്കുന്നത്.

പതിവിനു വിപരീതമായി മുട്ടന്‍ തിരക്കാണ് ബസ്സില്‍. മിക്ക യാത്രക്കാരും തൊപ്പിയും ധരിച്ചാണ് യാത്ര. ബസ്സ് പട്ടണത്തിലേക്ക് അടുത്തുതുടങ്ങിയപ്പോള്‍ത്തന്നെ പുറത്തുനിന്ന് ഒച്ചയും ബഹളങ്ങളും കേട്ടു തുടങ്ങി. ഇതൊന്നും ഒട്ടും പതിവുള്ളതല്ല. നമ്മുടെ നഗരങ്ങളുടേതുപോലല്ല, താംപര്‍റെയുടെ നഗരപാതകളില്‍ പൊതുവേ വണ്ടികള്‍ ഹോണ്‍ മുഴക്കുന്ന ശബ്ദം പോലും വിരളമാണ്. കച്ചവടക്കാരുടെ വിളിച്ചുചൊല്ലലുകളുണ്ടാവാറില്ല, കൂക്കിവിളികള്‍ കേള്‍ക്കാറില്ല. ആ പട്ടണമാണ് ഇന്നൊരു ദിവസത്തേക്കുമാത്രമായി ഈ ശബ്ദകോലാഹലങ്ങളിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്.

പട്ടണത്തില്‍ നിന്ന് കുറച്ചുമാറിയാണ് ബസ്സ് നിര്‍ത്തിയത്.

സിറ്റിസെന്ററിനു തൊട്ടടുത്തായി ഒരു ചെറിയ കനാലും ചെക്ക്-ഡാമും ഉണ്ട്. കനാലിന്റെ ഇരുകരകളിലും വിശാലമായ പുല്‍ത്തകിടിയുമുണ്ട്. ആഘോഷങ്ങളുടെ കേന്ദ്രം അവിടെയാണ്. ദൂരെനിന്നുതന്നെ അനൗണ്‍സ്‌മെന്റോ കമന്ററിയോ കേട്ടു തുടങ്ങിയിരുന്നു.

കാര്യമെന്തൊക്കെപ്പറഞ്ഞാലും, ഇങ്ങനെ ഉച്ചത്തിലുച്ചത്തില്‍ ഫിന്നിഷ് കേട്ടുകൊണ്ടിരിക്കുന്നത് ഒരു രസമുള്ള ഏര്‍പ്പാടാണ്. ഞാന്‍ ആഞ്ഞു നടന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെ കാര്‍ണിവല്‍ സ്റ്റാളുകളുണ്ട്. കരകൗശലവസ്തുക്കളും വിവിധതരം തട്ടുകടകളും കൊണ്ട് സ്റ്റാളുകളൊക്കെ ആള്‍ക്കാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കാണുന്നവരെല്ലാം ഒരു പരിചയവുമില്ലെങ്കിലും പരസ്പരം അഭിവാദ്യം ചെയ്യുന്നു. കാണുന്ന മുഖങ്ങളിലെല്ലാം ഹര്‍ഷോന്മാദത്തിന്റെ പൂത്തിരി ചിതറുന്നു.

കനാല്‍ക്കരയിലെ പുല്‍മേടുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. മിക്ക ആളുകളും പ്രത്യേക യൂണിഫോമുകളിലാണ്.

കനാലിന്റെ അങ്ങേക്കരയില്‍ രണ്ടു പടുകൂറ്റന്‍ ക്രെയിനുകളുണ്ട്. തൊപ്പിചാര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ളവര്‍ എട്ടോ പത്തോ വരുന്ന കൂട്ടങ്ങളായി ഫുള്‍ യൂണിഫോമില്‍ ക്രെയിനിനു സമീപം ഊഴം കാത്തു നില്‍ക്കുന്നു. ആ കൂട്ടങ്ങളിലെവിടെയോ അയല്‍മുറിയനുമുണ്ടാവണം. അനൗണ്‍സ്‌മെന്റ് വരുന്ന മുറയ്ക്കനുസരിച്ച് ഒരു വലിയ ഇരുമ്പുകൂട്ടിനുള്ളിലേക്ക് ഓരോ സംഘങ്ങളായി കയറുന്നു. കയറുന്നതിനു മുമ്പ് പാന്റ് അഴിച്ചുവെക്കണം. അരയ്ക്കു കീഴ്‌പോട്ട് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നഗ്‌നരായാണ് അവര്‍ ഇരുമ്പുകൂട്ടിലേയ്ക്കു കയറുന്നത്. എല്ലാവരും തലയില്‍ തൊപ്പി ധരിക്കാന്‍ മറക്കില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.

സംഘം മുഴുവന്‍ കയറിക്കഴിഞ്ഞാല്‍ അസ്സിസ്റ്റന്റുമാരാരെങ്കിലും വന്ന് കയ്യില്‍ കുപ്പിയോ കാനോ ഇല്ലാത്തവര്‍ക്ക് അതു നല്‍കും. തുടര്‍ന്ന് ക്രെയിന്‍ പതിയെ ഈ ഇരുമ്പുകൂടിനെ ആകാശത്തേക്ക് ഉയര്‍ത്തുകയായി. പതിയെ, വളരെപ്പതിയെ, കനാലിന്റെ ഭാഗത്തേയ്ക്ക് തിരിച്ച്, ഈ കൂടിനെ വെള്ളത്തിലേക്ക് താഴ്ത്തുകയും ചെയ്യുന്നു. താഴെ കനാല്‍വെള്ളത്തിന്റെ താപനില ഒന്നോ രണ്ടോ ഡിഗ്രീ സെല്‍ഷ്യസാണെന്നോര്‍ക്കണം. കൂടിനൊപ്പം വിദ്യാര്‍ത്ഥികളും അരവരെ വെള്ളത്തില്‍ മുങ്ങുന്നു. തണുത്ത് വിറച്ച്, കയ്യിലെ കുപ്പികള്‍ ആകാശത്തേയ്ക്കുയര്‍ത്തിപ്പിടിച്ച്, ഉച്ചത്തില്‍ അലറിവിളിക്കുന്നു. പിന്നണിയില്‍ കമന്ററി നടത്തുന്ന ആളും തൊണ്ടപൊട്ടിക്കുന്നു.

ക്രെയിന്‍ വഴി മുകളിലേയ്ക്കും താഴേയ്ക്കുമുള്ള ഈ സവാരി ഒന്നു രണ്ടു തവണ ആവര്‍ത്തിക്കും. അവസാനം, ഇവരുടെ കൂടിനെ കരയിലേക്ക് ഇറക്കുന്നു. സോനയെ കുറിച്ച് പറഞ്ഞത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. പുല്‍ത്തകിടിയില്‍ അവിടിവിടെയായി താല്‍ക്കാലിക സോനകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. കൂട് കരയ്‌ക്കെത്തേണ്ട താമസം, എല്ലാവരും തൊപ്പിയുയര്‍ത്തി വീശി ഈ സോനകളിലേക്ക് ഓടുന്നതോടെ ചടങ്ങ് പൂര്‍ത്തിയാവുന്നു. സോനയില്‍ കയറി ശരീരമെല്ലാം ചൂടാക്കിയ ശേഷം പൂര്‍ണ്ണമായി എക്‌സിക്യൂട്ടീവ് വസ്ത്രങ്ങളിലേയ്ക്ക് കയറുന്ന ഇവര്‍, തൊപ്പിയും ധരിച്ച്, തുടര്‍ചടങ്ങുകള്‍ വീക്ഷിക്കുകയും മധുപാനത്തിലും കൊച്ചുവര്‍ത്തമാനങ്ങളിലും മുഴുകുകയും ചെയ്യുന്നു. അപൂര്‍വ്വം ചിലര്‍ ചുംബനങ്ങളിലും.

കനാല്‍ക്കരയില്‍നിന്ന് ഒട്ടുമാറി ഫിന്നിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളിദിനാഘോഷവും നടക്കുന്നുണ്ട്. എത്തുമ്പോഴേയ്ക്ക് മീറ്റിങ്ങ് കഴിയാറായിരുന്നെന്നു തോന്നുന്നു. ഒരു ഫിന്നിഷ് പ്രസംഗം നഷ്ടപ്പെട്ടതില്‍ അതിയായ നിരാശ തോന്നി. രണ്ടു പേര്‍ ഗിറ്റാറുമീട്ടി ഫിന്നിഷില്‍ ഒരു അനശ്വരവിപ്ലവഗാനം പാടുകയാണ്. ശുഷ്‌കമെങ്കിലും ആത്മാര്‍ത്ഥത തുളുമ്പുന്ന സദസ്സ്. സദസ്യരെല്ലാവരും നെഞ്ചിനു കുറുകേ കൈവെച്ച്, കൂടെ പാടുന്നുണ്ട്. ഇതിനെല്ലാമിടയില്‍ ലോകമുതലാളിമാര്‍ക്കു നേരെയുള്ള പ്രതിഷേധം ഒടുങ്ങാതെ ഒരാശാന്‍ നടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തിക്കാട്ടി സദസ്സിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുമുണ്ട്.

പരിപാടികളെല്ലാം അവസാനിച്ചതോടെ, ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള ബസ്സ് നിര്‍ത്തുന്നിടം അന്വേഷിച്ച് നടക്കാന്‍ തുടങ്ങി. ചെറുതായി മഴ ചാറാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പുല്‍ത്തകിടികള്‍ ഇപ്പോഴും ജനനിബിഡമാണ്.

ഡാമിനു മുകളിലായി ഒരു ഇരുമ്പുഗ്രില്ലില്‍ നിറയെ പൂട്ടുകള്‍ തൂക്കിയിട്ടിരിക്കുന്നു. പ്രണയത്തിന്റെ പ്രതീകങ്ങളാണത്രെ ഈ പൂട്ടുകള്‍. കാമുകീകാമുകന്മാര്‍ ഒരുമിച്ചു വന്ന് ഇവിടെ ഒരു പൂട്ടുകൊളുത്തി താക്കോല്‍ കനാലിലേക്ക് വലിച്ചെറിയുമ്പോള്‍ പ്രണയം അനശ്വരമാവുന്നു എന്നാണ് വിശ്വാസം. വീരാന്‍കുട്ടി മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍, കനാല്‍ത്തണുപ്പും ഈര്‍പ്പവുമേറ്റ് കാലം കടന്നു പോവുമ്പോള്‍ പൂട്ടുകള്‍ തുരുമ്പുപിടിച്ചു തുടങ്ങുമെന്ന് അവരോട് പറഞ്ഞുകാണുമോ പ്രണയം?

(തുടരും)


Also Read:

Part 1-(വെറും?) ആയിരം തടാകങ്ങളുടെ നാട്

Part 2- മഞ്ഞുമായൊരു മല്‍പ്പിടുത്തം

Part 3- എന്താണെന്താണെ’ന്തുകുന്താ’?

Part 4- വിശ്വാസത്തിനെത്ര ടാക്‌സു കൊടുക്കണം?

Part 5-  ഒന്നാംനാളുല്ലാസയാത്ര പോയപ്പോള്‍…

Part 6- അമ്പും ആവിപ്പെരുപ്പും, പിന്നെ ഒര’ടാര്‍’ ഐസ്‌ക്രീമും!

We use cookies to give you the best possible experience. Learn more