ഭാഗം ആറ്
ഞങ്ങളുടെ സംഘത്തെ വട്ടത്തില്‍ നിരത്തി നിര്‍ത്തിയിട്ടുണ്ട്. നടുവില്‍, ഹിമോസിലെ ജീവനക്കാര്‍ തൊപ്പിയും വിസിലും റൈറ്റിങ്പാഡുമായി നിരന്നു നില്‍ക്കുന്നു. ഒന്നു മുതല്‍ ആറു വരെ എണ്ണണം. “ഓഹ്, ഗ്രൂപ്പുകളുണ്ടാക്കാനുള്ള പരിപാടി ആണ്, ഇവന്മാര്‍ക്കിതൊക്കെ പുതിയ അനുഭവങ്ങളാവും. എവര്‍ ഹേര്‍ഡ് എബൗട്ട് ഡീപ്പീയീപ്പി?” എന്ന മട്ടില്‍, എന്റെ ഊഴമെത്തിയപ്പോള്‍ “നാല്” എന്നുറക്കെ വിളിച്ചുപറഞ്ഞ്, “നമ്മളിതെത്ര കണ്ടിരിക്കുന്നു” എന്ന ഭാവവുമിട്ട്, അങ്ങനെ നിന്നു.
ഗോപീസുന്ദറിന്റെ “ഓലേഞ്ഞാലിക്കുരുവീ, ഇളം കാറ്റിലാടി വരുനീ..” മാത്രം കേട്ടുപരിചയമുള്ളൊരാള്‍ ഇളയരാജയുടെ “മൗനം പോലും മധുരം…” ആദ്യമായി കേള്‍ക്കുമ്പോഴുണ്ടാവുന്നൊരുതരം അവസ്ഥയായിരുന്നു അത്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഫിന്നിഷ് മാതൃക, ലോകം മുഴുവന്‍ പിന്തുടരുന്നൊരു വിദ്യാഭ്യാസരീതിയാണ്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസസമ്പ്രദായങ്ങളിലൊന്നായി ഇത് വാഴ്ത്തപ്പെടാറുണ്ട്. ഏഴു വയസ്സു തികയാതെ കുട്ടികളെ അവര്‍ സ്‌കൂളില്‍ കയറ്റില്ല. അതുവരെ പ്രീ-സ്‌കൂള്‍/കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാഭ്യാസമാണ്. എഴുത്തോ വായനയോ കണക്കോ ഒന്നുമില്ല. “പഠിപ്പിക്കല്‍” പോലുമില്ല. പലതരം കളികള്‍ മാത്രം. കളികളിലൂടെയുള്ള വ്യക്തിത്വവികസനം.
മാറുന്ന കാലത്തിനനുസരിച്ച് സ്‌കൂള്‍ വിദ്യാഭ്യാസസമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിലും മുന്‍പന്തിയിലാണ് ഫിന്നിഷുകാര്‍. 2016 മുതല്‍ സ്‌കൂളുകളില്‍ ഫിനോമിനന്‍ ബേസ്ഡ് ലേണിങ് (PhenoBL) എന്നൊരു സവിശേഷ ബോധനരീതി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. കണക്കും ഫിസിക്‌സും ചരിത്രവുമെല്ലാം പ്രത്യേകം പ്രത്യേകം പഠിപ്പിക്കുന്നതിനു പകരം ഒരു ആശയത്തേയോ സംഭവത്തേയോ പ്രമേയത്തേയോ അടിസ്ഥാനമാക്കി ബോധനം നടത്തുന്ന രീതി. ഒരു ചെറിയ ഉദാഹരണം; കുട്ടിയെക്കൊണ്ട് ഒരു കാന്റീന്‍ നടത്തിക്കുക. ആവശ്യത്തിനുള്ള കണക്കും അക്കൗണ്ടന്‍സിയും മാനേജ്‌മെന്റും കുട്ടി ഇതുവഴി പഠിക്കട്ടെ!
പറഞ്ഞുവന്നത്, ഹിമോസിലെ ഗെയിമുകളുടെ കാര്യം. സംഘത്തെ ആറു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. റിസോര്‍ട്ടില്‍ പല ഭാഗങ്ങളിലായി പല ഗെയിമുകള്‍ ഒരുക്കിയിട്ടുണ്ട്. റൊട്ടേഷന്‍ രീതിയില്‍ എല്ലാ ഗ്രൂപ്പും എല്ലാ കളികളിലും പങ്കെടുക്കണം. ഏറ്റവും നന്നായി പങ്കെടുക്കുന്ന ഗ്രൂപ്പിന് സമ്മാനവും കിട്ടും. ഇതിനിടയില്‍ അപ്രതീക്ഷിതമായ ചില കാലാവസ്ഥാവ്യതിയാനങ്ങള്‍ കാരണം താപനില ക്രമാതീതമായി താഴ്ന്നു കഴിഞ്ഞിരുന്നു. എല്ലായിടത്തും മഞ്ഞു മൂടിക്കിടക്കുന്നുണ്ട്.
സംഘത്തിലെ കുടിയന്മാരെല്ലാം കേസുകണക്കിന് ബിയറും വിവിധയിനം മദ്യവും അകത്താക്കിക്കൊണ്ടാണ് നടപ്പ്. ആറാം തമ്പുരാനിലെ മോഹന്‍ലാലിനെപ്പോലെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഹിപ്ഫ്‌ലാസ്‌ക് എടുത്ത് ഇടക്കിടെ ചുണ്ടുനനയ്ക്കുന്നുണ്ട് പ്രൊഫസര്‍. മധുരമില്ലാത്തതൊന്നും മധുവല്ല എന്ന ദയനീയമായൊരു പോളിസിയുള്ളതുകാരണം മദ്യപിക്കാതെ തണുത്തുവിറച്ച് നടക്കുന്ന ന്യൂനപക്ഷത്തെ സഹതാപപൂര്‍വ്വം നോക്കുന്നുമുണ്ട്.
ശേഖരത്തില്‍ നമുക്കുപറ്റുന്ന ദ്രാവകങ്ങളൊന്നും കാണാത്തതിനാല്‍ ഖിന്നവിഷണ്ണനായി നടക്കുന്നതുകണ്ട് പ്രൊഫസര്‍ ഒരു വിവരം പങ്കുവെച്ചു. പണ്ട് പട്ടാളത്തിലായിരുന്ന കാലത്ത് പഠിച്ച ടെക്‌നിക്കാണത്രേ, ശരീരം തണുക്കാതെ നിലനിര്‍ത്താന്‍ കൈ രണ്ടും നിവര്‍ത്തിവെച്ച് ഇടക്കിടെ ചാടിക്കൊണ്ടിരുന്നാല്‍ മതി. അപ്പോള്‍, തണുപ്പുള്ള സ്ഥലങ്ങളില്‍ പോകുന്ന സോബര്‍മാരേ, തണുപ്പിനെ പ്രതിരോധിക്കാന്‍ നമ്മുടെ പക്കലും സൂത്രങ്ങളുണ്ട്. വല്ലാതെ തണുക്കുമ്പോള്‍ കൈരണ്ടും പരമാവധി വിടര്‍ത്തി വെക്കുക. നാലഞ്ചു ചുവട് തുള്ളുക. വലിയ മാറ്റമൊന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെ ശ്രമിച്ചു എന്ന സമാധാനമെങ്കിലും കിട്ടുമല്ലോ.
ആക്റ്റിവിറ്റികളോരോന്നായി തുടങ്ങുകയായി. കഷ്ടി രണ്ടിഷ്ടികയുടെ വീതിയുള്ള കുറേ ചതുരബ്ലോക്കുകള്‍ നീളത്തില്‍ നിരത്തിവെച്ചിട്ടുണ്ട്. എല്ലാവരും അതില്‍ കയറി നില്‍ക്കണം. അതില്‍ നിന്നും വീഴാതെ, അക്ഷരമാലക്രമത്തില്‍ ഗ്രൂപ്പിനെ ക്രമീകരിക്കുക എന്നതായിരുന്നു ഒന്നാമത്തെ ആക്റ്റിവിറ്റി. വലിയ രസം പോരാ, എങ്കിലും ടീം സ്പിരിറ്റ് വളര്‍ത്തുക, പരസ്പരം ഏകോപനം നടത്തുക എന്നൊക്കെയാണല്ലോ ഗെയിം ലക്ഷ്യങ്ങള്‍. ഞങ്ങളുടെ ചെറുഗ്രൂപ്പ് ഒരുവിധം അത് പൂര്‍ത്തിയാക്കി.
രണ്ടാമത്തേത് കൂടുതല്‍ രസകരമായ ഇനമാണ്. അമ്പെയ്ത്ത്. അമ്പും വില്ലും തരും. ദൂരെയുള്ള ലക്ഷ്യത്തില്‍ എയ്തു കൊള്ളിക്കണം.
ദുര്യോധനനും ഭീമനും ബിയറിന്റെ കേയ്‌സ് എടുക്കാന്‍ ഹോട്ടലിലേക്ക് പോയിരിക്കുകയാണ്. വില്ലുകുലച്ച് ആടിയാടി നില്‍ക്കുന്ന ധര്‍മ്മപുത്രരെ നോക്കി പ്രൊഫസര്‍ ദ്രോണര്‍ ചോദിക്കുകയാണ്, “വത്സാ, നീയെന്തു കാണുന്നു?” കണ്ണൊക്കെ ഒന്നു തിരുമ്മിത്തുറന്ന് യുധിഷ്ഠിരന്‍ മൊഴിയുന്നു, “മറ്റു രണ്ടു പ്രൊഫസര്‍മാരെ കാണുന്നു, ഗവേഷണ വിദ്യാര്‍ത്ഥികളെ കാണുന്നു, ഹിമോസിലെ ജീവനക്കാരെ കാണുന്നു, മരങ്ങള്‍, മഞ്ഞ്, പിന്നെ ഒഴിഞ്ഞ ബിയര്‍കാനുകളെ കാണുന്നു. ആചാര്യന്റെ കയ്യിലെ ഹിപ്ഫ്‌ലാസ്‌ക്ക്, ഏറ്റവും പുറത്ത് കറുപ്പ്, പിന്നെ നീല, ചുവപ്പ്, പിന്നെ ഒത്ത നടുക്ക് ഒരു മഞ്ഞവൃത്തവും രേഖപ്പെടുത്തിയ ഒരു അമ്പെയ്ത്തു ബോര്‍ഡിനെയും, പ്രഭോ…”
പ്രൊഫസര്‍ അവന്റെ കയ്യില്‍ നിന്ന് വില്ല് പിടിച്ചുവാങ്ങി കൂടുതല്‍ റിസ്‌കെടുക്കാന്‍ നില്‍ക്കാതെ പാര്‍ത്ഥനു തരുന്നു, എന്നിട്ടു ചോദിക്കുന്നു, “സവ്യസാചി, നീയെന്തുകാണുന്നു?” “നാം വേറൊന്നും കാണുന്നില്ല ആചാര്യാ.. ഒരു ചെറിയ മഞ്ഞ വൃത്തം മാത്രം.” “ഓക്കെ, വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ.”
വില്ലുകുലയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ സവ്യസാചി പറയുന്നു, “ഞങ്ങളുടെ നാട്ടില്‍ ഒരു പ്രധാന തത്വമുണ്ട് ആചാര്യാ. ചക്ക-മുയല്‍-ചാവ് എന്നറിയപ്പെടുന്ന ഈ തത്വം “ഓം മൂഷികന്‍ കുടുങ്ങല്‍ നമഃ” എന്ന മന്ത്രമായി ഗ്രന്ഥങ്ങളില്‍ കാണാം. പ്രസ്തുത മന്ത്രം ഞാന്‍ മനസ്സിലോര്‍ക്കുന്നു. ദയവു ചെയ്ത് എനിക്ക് മൂന്ന് അവസരങ്ങള്‍ തരിക..” ഒടുക്കം അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. ഒരു തവണ നീലയിലും ഒരു തവണ ചുവപ്പിലും ഏറ്റവും ഒടുക്കത്തെ തവണ മഞ്ഞയിലും. ഗ്രൂപ്പിനു ആറു പോയിന്റ്.
മൂന്നാമത്തെ ഗെയിം അതിലും രസകരം. മഴുവേറ്. ദൂരെയുള്ള ബോര്‍ഡിലേക്ക് കനമുള്ള ഒരു കോടാലി എറിഞ്ഞു കൊള്ളിക്കുക. പണ്ടുകാലത്ത് ഇങ്ങനെ കോടാലിയെറിഞ്ഞാണത്രേ ഇവര്‍ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ടായിരുന്നത്. എന്തായാലും ഈ ഗെയിമില്‍, ബോര്‍ഡിന്റെ ഏഴയലത്തു പോലും എത്താതെ ഒരുപാട് കോടാലികള്‍ മടങ്ങി.
നാലാമത്തേത് അല്പം സാഹസികമാണ്. സ്‌നോ മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ ഒരു ചെറിയ പതിപ്പ്. നാലു ചക്രമുള്ള ഒരു ബൈക്കുണ്ട്. ചക്രം നാലാണെങ്കിലും ഓടിക്കാന്‍ ഹെല്‍മറ്റുവേണം. റിവേഴ്‌സടക്കം മൂന്നു ഗിയര്‍ മാത്രമേ ഉള്ളൂ. മഞ്ഞു തൊട്ട് മരുഭൂമിയില്‍ വരെ പുല്ലു പോലെ പാഞ്ഞു പോവുന്ന ഓള്‍ ടെറൈന്‍ വെഹിക്കിള്‍ (ATV). ഗ്രൗണ്ടിനടുത്തുള്ള മഞ്ഞു പാതയില്‍ “”വി.എല്‍.സി പ്ലേയറിന്റെ”” നാലഞ്ചു കുറ്റികള്‍ നിരത്തി വെച്ചിട്ടുണ്ട്. ഇതിനിടയിലൂടെ ട ട ട എന്ന് തുടരെത്തുടരെ പിന്നോട്ട് പോവണം, മുന്നോട്ട് വരണം. ഇതാണ് ടാസ്‌ക്ക്.
ദൗത്യവിവരണം കേട്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി. ഡോമിനാര്‍ മുതല്‍ തണ്ടര്‍ബേഡ് വരെ വിലസുന്ന തിരൂര്‍ ആര്‍ട്ടി ഓഫീസിലെ ഗ്രൗണ്ടില്‍ വെറും എമ്മേയ്റ്റീം കൊണ്ട് എട്ടും എട്ടും പതിനാറ് ഇട്ട നമ്മളോടോ? വീണ്ടും ആ “എവെര്‍ ഹേര്‍ഡ് എബൗട്ട് താമരശ്ശേരി ചുരം?” നിമിഷം. ചറപറാന്ന് ട മുതല്‍ ദ വരെ ഓടിച്ചു കൊടുത്തു. അതിനും ആറ് പോയിന്റ്.
ഓര്‍മ്മശക്തി, ക്വിക്ക് റെസ്‌പോണ്‍സ് ഒക്കെ പരിശോധിക്കുന്നതരം മത്സരങ്ങളുമുണ്ടായിരുന്നു. അതൊന്നും വലിയ മോശമില്ലാതെ തീര്‍ന്നു. എന്തായാലും ഓവറോള്‍ ഫലം വന്നപ്പോള്‍ ഞങ്ങളുടെ ഗ്രൂപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തുടര്‍ന്ന് ബാക്കിയെല്ലാവരും ഹോട്ടലിലേക്ക് തിരിച്ചുപോയി. തണുപ്പിനെ തല്‍ക്കാലത്തേയ്ക്കവഗണിച്ച് ഞാന്‍ പുറത്തിറങ്ങി നടന്നു. സ്‌കീയിങ്ങ് എന്താണെന്ന് മനസ്സിലാക്കലാണുദ്ദേശ്യം. രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ളവര്‍ ആഴ്ചയറുതികളില്‍ കുഞ്ഞുകുട്ടിപരാധീനങ്ങളെയും കൊണ്ട് സ്‌കീയിങ്ങ് കിറ്റുമെടുത്ത് ഇവിടെ വരും. കുട്ടികള്‍ക്ക് സ്‌കീയിങ്ങ് പഠിക്കാന്‍ പ്രത്യേകം സംവിധാനങ്ങളുണ്ട്.
വലിയൊരു കുന്നിനു മുകളില്‍ നിന്ന് താഴേക്ക് മഞ്ഞിലൂടെ ഉരസി വരുന്ന ഈ പരിപാടി കണ്ടു നില്‍ക്കാന്‍ നല്ല രസം തോന്നി. നല്ല പരിശീലനം വേണ്ട ഏര്‍പ്പാടാണിത്. അല്‍പമൊന്നു തെറ്റിയാല്‍ മൂക്കും കുത്തി വീഴും.
ഉരസി താഴെയെത്തിയശേഷം ഒരു യന്ത്രബന്ധിത റോപ്പില്‍ തൂങ്ങി കുന്നിന്‍മുകളിലേക്ക് പിന്നെയും കയറാം. കുന്നിന്‍ചെരുവില്‍ മഞ്ഞു കുറയുന്നതിനനുസരിച്ച് എയര്‍ ബ്ലോവറുകള്‍ ഉപയോഗിച്ച് മഞ്ഞു തിരികെ വരുത്തുന്നുണ്ട്. ഞങ്ങള്‍ നേരത്തേ ഗെയിമിനുപയോഗിച്ചതരം വാഹനങ്ങളില്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ കുന്നിന്‍താഴ്വരകളിലൂടെ റോന്ത് ചുറ്റുന്നുണ്ട്.
ഇത്രയും തണുപ്പത്ത് അച്ഛനും അമ്മയും കൂടെ നിന്ന് വളരെച്ചെറിയ കുഞ്ഞുങ്ങളെവരെ സ്‌കീയിങ് പഠിപ്പിക്കുന്നത് കണ്ടുനില്‍ക്കുമ്പോള്‍ ഒരുകാരണവുമില്ലാതൊരു സന്തോഷം മനസ്സില്‍ നിറയും. തണുപ്പ് പിന്നെയും കൂടാന്‍ തുടങ്ങിയപ്പോള്‍ തിരിച്ച് ഹോട്ടലിലേക്ക് തന്നെ നടന്നു.
അവിടെ ആരുമില്ല. എല്ലാവരും സൗനയ്ക്ക് (Sauna, സോന എന്നും ഉച്ചരിയ്ക്കാം) പോയിരിക്കുന്നു. എന്താണ് സോന എന്നല്ലേ? ലാല്‍ജോസിന്റെ “പട്ടാളം” എന്ന ചലച്ചിത്രത്തില്‍ വൈദ്യകഥാപാത്രമായ ഇന്നസെന്റ്, ആയുര്‍വേദ സ്റ്റീംബാത്ത് ടെസ്റ്റ് ചെയ്യാനായി സഹായിയായ മച്ചാന്‍ വര്‍ഗ്ഗീസിനെ കയറ്റിനിര്‍ത്തുന്ന ആവിപ്പുര ഓര്‍മ്മ കാണുമല്ലോ. അതിന്റെ ഒരു എക്സ്റ്റന്‍ഡഡ് വേര്‍ഷനാണ് Sauna.
മരം കൊണ്ടുണ്ടാക്കിയ, വൃത്താകൃതിയിലുള്ള, ഒരു കുടുസ്സു മുറി. അടച്ചിട്ട മുറിയുടെ ഒത്ത നടുക്ക് ഒരു വലിയ തൊട്ടിയില്‍, ഇടത്തരം വലിപ്പത്തിലുള്ള പ്രത്യേകതരം കല്ലിന്‍ചീളുകള്‍ കൂട്ടിയിട്ടിട്ടുണ്ടാവും. മുറിയുടെ അടിയിലൂടെ ഈ കല്ലുകളെ വൈദ്യുതി ഉപയോഗിച്ചോ തീ ഉപയോഗിച്ചോ ചൂടാക്കിക്കൊണ്ടിരിക്കും. റൂമിനുള്ളില്‍ എല്ലാവരും വട്ടത്തില്‍ ഇരിക്കും. തണുത്ത വെള്ളം കോരി വെച്ചിട്ടുണ്ടാവും. അതെടുത്ത് ചുട്ടുപഴുത്തുകൊണ്ടിരിക്കുന്ന ഈ കല്ലിലേക്ക് ഒഴിക്കും. ശ്ശ്.. ശ്ശീ.. ശ്ശൂ.. ശബ്ദങ്ങളുടെ വകഭേദങ്ങളോടെ ആവി, മുറിയില്‍ നിറയും. വലിയൊരു തെര്‍മോമീറ്ററുണ്ട് മുറിയില്‍. അതില്‍ എഴുപത് ഡിഗ്രീ സെല്‍ഷ്യസ് ആവുന്നതു വരെ വെള്ളമൊഴിച്ചുകൊണ്ടിരിക്കും. എന്നിട്ട് എല്ലാവരും ആവിയും കൊണ്ട് അങ്ങനെ ഇരിക്കും. അത് വല്ലാത്ത ഒരു ഇരിപ്പാണ്.
പുറത്ത് മൈനസ് ഏഴ് ഡിഗ്രീ സെല്‍ഷ്യസ്. അകത്ത് പ്ലസ് എഴുപത് ഡിഗ്രീ സെല്‍ഷ്യസ്. വിയര്‍ത്തു വിയര്‍ത്ത് നമ്മുടെ ശരീരത്തില്‍ വെള്ളം കോരിയൊഴിക്കുമ്പോലെ വിയര്‍പ്പു വരും. അപ്പോള്‍ പുറത്തിറങ്ങാം, തൊട്ടപ്പുറത്തെ കുളിമുറിയില്‍ തണുത്ത വെള്ളം വരുന്ന ഷവറിനു ചുവട്ടില്‍ പോയി നില്‍ക്കാം. ഉള്ളിലേക്കിങ്ങനെ തണുപ്പ് കയറി വരുന്നത് അറിയാം. വീണ്ടും അകത്തുകയറാം, വിയര്‍ക്കാം, തിരിച്ചു വരാം. ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം. താമസിക്കുന്ന ഫ്‌ലാറ്റിലെ റിക്രിയേഷന്‍ സെന്ററിലും മറ്റും ഈ സംവിധാനം ഉണ്ടായിട്ടും ഇതിനു മുമ്പ് ഈ സാഹസികകൃത്യത്തിന് മുതിര്‍ന്നിരുന്നില്ല. ഇത്തവണ എന്തായാലും ഒന്നു ശ്രമിച്ചുനോക്കാമെന്നുവെച്ച് രണ്ടും കല്‍പ്പിച്ച് പോയി നോക്കി.
രണ്ടുമൂന്നു തവണ സോന ചെയ്തപ്പോഴേക്ക് മനസ്സും ശരീരവും ഒക്കെ ശരിക്കും റീഫ്രഷ് ആയി. കുളിയൊക്കെ കഴിഞ്ഞ് സ്വെറ്ററും ഓവര്‍കോട്ടും ഒന്നുമില്ലാതെ ഹോട്ടലിന്റെ മട്ടുപ്പാവില്‍ കയറി പുറത്തെ തണുപ്പും കൊണ്ട് പത്തുമിനുട്ട് വരെ “കൂളായി” നില്‍ക്കാന്‍ പറ്റി.
അല്പനേരത്തിനുശേഷം അത്താഴം റെഡിയായി എന്നറിയിപ്പു വന്നു. ഞങ്ങളെല്ലാവരും രാജകീയമായി മേശമുന്നിലേക്ക് ആനയിക്കപ്പെടുകയായി. ഡിന്നറിനു നമ്മുടെ ചോയ്‌സ് ഒരാഴ്ച മുന്നേ തന്നെ കൊടുത്തിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. റെസ്റ്റോറന്റ് ഫിന്‍ലാന്റിലാണെങ്കിലും ഡിന്നര്‍ തെക്കേ യൂറോപ്യന്‍ തീമിലാണ്. കൂട്ടുകാരുടെ ഉപദേശങ്ങളൊക്കെ കണക്കിലെടുത്ത് അങ്ങനെ ജീവിതത്തിലാദ്യമായി പീറ്റ്‌സ കഴിക്കാന്‍ പോവുകയാണ്.
ഓബെര്‍ഗീന്‍-സുക്കിനി-ചീസ്-സണ്‍ഡ്രൈഡ് ടൊമാറ്റൊ പീറ്റ്‌സ. ഈ സണ്‍-ഡ്രൈഡ് ടൊമാറ്റോ എന്നൊക്കെ പറയുമ്പോള്‍ എന്തോ ക്ലാസ്സിക് ഫൂഡിന്റെ പ്രതീതിയുണ്ട്. അങ്ങനെ ആ മഹാസംഭവത്തെ പറ്റിയുള്ള പലേവിധ ചിന്തകളില്‍ മുഴുകിയിരിക്കെ സാധനം മുന്നിലെത്തിച്ചേര്‍ന്നു. ആദ്യത്തെ കഷണം കഷ്ടപ്പെട്ടു മുറിച്ച് വായില്‍ വെച്ചപാടെ തന്നെ ഓക്കാനം വന്നു. (ഇതൊക്കെ എങ്ങനെയാ ഇവന്മാരൊക്കെ തിന്നു തീര്‍ക്കുന്നെ? സമ്മതിക്കണം). ഇനി ജന്മത്ത് പീറ്റ്‌സ കഴിക്കുന്ന പ്രശ്‌നമില്ല എന്ന് ശപഥവും എടുത്തു.
(രണ്ടുമൂന്നുകൊല്ലം കഴിഞ്ഞ് പരിചയപ്പെട്ട ഒരിറ്റാലിയന്‍ സുഹൃത്തിനോട് ഈ ശപഥത്തിന്റെ കഥ പങ്കുവെച്ചിരുന്നു. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഇറ്റലിയില്‍ നിന്നല്ലാതെ ഒരിടത്തുനിന്നും പീറ്റ്‌സ കഴിക്കരുത് എന്ന ലോകസത്യം വെളിപ്പെടുത്തിത്തന്നത് ആ സുഹൃത്താണ്. അങ്ങനെ, പിന്നീടൊരിറ്റലിയാത്രയില്‍ വെച്ച് ശപഥം വെടിഞ്ഞ കഥ ഇനിയൊരിക്കല്‍ പറയാം.)
സാരമില്ല, മെയിന്‍കോഴ്‌സിനു പറ്റിയ ക്ഷീണം ഡിസേര്‍ട്ടില്‍ തീര്‍ക്കണം. ഡിസേര്‍ട്ടിന് ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം ഓര്‍ഡര്‍ചെയ്‌തൊരു വ്യത്യസ്ത വിഭവമാണ് വരാന്‍ പോവുന്നത്. “ടാര്‍-ഐസ്‌ക്രീം” എന്ന ഒരഡാര്‍ ഐസ്‌ക്രീം. ഇവിടത്തെ തനത് ഭക്ഷണം ഏതെങ്കിലും അകത്താക്കണം എന്നത് ഫിന്‍ലന്റില്‍ എത്തിയപ്പോള്‍ത്തൊട്ട് വിചാരിക്കുന്ന കാര്യമാണ്. ഫിന്‍ലന്റില്‍ വെച്ച് രുചിച്ചു നോക്കേണ്ട ഡിസെര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്ത് പരിഗണിക്കേണ്ട മഹാനാണ് ഈ ടാര്‍-ഐസ്‌ക്രീം എന്നാണ് കേട്ടിരിക്കുന്നത്.
അങ്ങനെ സ്ഫടികചഷകത്തില്‍ ടാര്‍ഐസ്‌ക്രീം എത്തുകയായി. ബഹുമാനത്തോടെ ഒരു സ്പൂണ്‍ എടുത്ത് നാവില്‍ വെക്കുകയായി. ഐസ്‌ക്രീം പതിയെ അലിയുകയാണ്. രൂക്ഷമായ കെമിക്കല്‍ മണം മൂക്കില്‍ നിറയുകയാണ്. കണ്ണുകളടച്ചു. ഇതാ “വെള്ളാനകളുടെ നാട്” എന്ന സിനിമ മനസ്സില്‍ വരുന്നു. റോഡ് റോളര്‍ പോലെ നാക്ക് മുകളിലേക്കും താഴേക്കും ഉരുണ്ടുകൊണ്ടിരിക്കുന്നു. ഒരു സ്പൂണ്‍ കൂടി.
ഐസ്‌ക്രീം? അല്ല, ടാറ് തന്നെ. കെമിക്കല്‍ സ്വാദ് ഒന്ന് പിടിമുറുക്കിത്തുടങ്ങുമ്പോഴേയ്ക്ക് പതിയെ രസമുകുളങ്ങളൊന്ന് മരവിക്കും. അപ്പോഴേയ്ക്ക് ഐസ്‌ക്രീമാണല്ലോ കഴിക്കുന്നത് എന്ന ചിന്ത മനസ്സില്‍ വരും. പൈന്‍ മരത്തോലുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ടാറാണ് ഐസ്‌ക്രീമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ബോട്ടുകളിലെ തടിപ്പലകകളിലും മറ്റും ലീക്ക് തടയാന്‍ പൂശുന്ന സാക്ഷാല്‍ ടാര്‍. ഒന്നുരണ്ടുപേര്‍ ഇതേ സാധനം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്; അവര്‍ ആസ്വദിച്ച് കഴിക്കുന്നുണ്ട്. ഇതിനോടൊരു “അക്വയേഡ് ടേസ്റ്റേ” തരമുള്ളൂ. കുറേത്തവണ കഴിച്ചുകഴിച്ച് തഴക്കം വരുമ്പോള്‍ മാത്രം വെളിപ്പെടുന്ന സ്വാദ്.
തിരികെ യാത്രക്കുള്ള സമയമായി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇങ്ങോട്ട് വരുമ്പോള്‍ ബലം പിടിച്ചിരുന്നവരെല്ലാം ഡിന്നര്‍ തീര്‍ന്നുള്ള മടക്കയാത്രയില്‍ സജീവമായി ആട്ടവും പാട്ടുമൊക്കെ തുടങ്ങി. ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ രാജ്യക്കാരുടെ ഉച്ചാരണശൈലികള്‍ ഒരാള്‍ മിമിക്രി കാണിക്കുകപോലുമുണ്ടായി.
തണുപ്പു കുറഞ്ഞുതുടങ്ങുകയാണ്, കാലാവസ്ഥയും പതുക്കെ മാറിത്തുടങ്ങുകയാണ്.
(തുടരും)
Also Read:
Part 1-(വെറും?) ആയിരം തടാകങ്ങളുടെ നാട്
Part 2- മഞ്ഞുമായൊരു മല്‍പ്പിടുത്തം
Part 3- എന്താണെന്താണെ’ന്തുകുന്താ’?
Part 4- വിശ്വാസത്തിനെത്ര ടാക്‌സു കൊടുക്കണം?
Part 5- ഒന്നാംനാളുല്ലാസയാത്ര പോയപ്പോള്‍…