ഒന്നാംനാളുല്ലാസയാത്ര പോയപ്പോള്‍...
Traveller Column
ഒന്നാംനാളുല്ലാസയാത്ര പോയപ്പോള്‍...
നിഖില്‍ പി
Tuesday, 24th April 2018, 6:10 pm

ഭാഗം 5

 

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ നിന്ന് ആദ്യമായി ഒരു വിനോദയാത്ര പോകുന്നത്. മലമ്പുഴ ഡാമിലേക്കായിരുന്നു യാത്ര. പത്തിരുപത് കൊല്ലങ്ങള്‍ക്കു ശേഷം ഇപ്പോഴും, വാടകയ്‌ക്കെടുത്ത മയില്‍വാഹനബസ്സില്‍ കുത്തിനിറഞ്ഞിരുന്ന് “ഒന്നാംനാളുല്ലാസ യാത്ര പോയപ്പോള്‍…” എന്ന് ഞങ്ങള്‍ ഉറക്കെയുറക്കെ പാടുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ത്തൊട്ട് കയ്യില്‍ ചുരുട്ടിപ്പിടിച്ചിരിക്കുന്നൊരു അഞ്ചുരൂപാ നോട്ട് കൊടുത്തുവാങ്ങിയ, പച്ചയും മഞ്ഞയും റോസും നിറത്തിലുള്ള തൂവലുകള്‍ കൊണ്ടു മൂടിയ, ഒരു തൊപ്പി കാണാന്‍ പറ്റുന്നുണ്ട്. ഒരു മരത്തണലില്‍ ഒരുമിച്ചിരുന്ന് കഴിച്ച പൊതിച്ചോറിന്റെ സ്വാദ് അറിയാനൊക്കുന്നുണ്ട്. ഉച്ച കഴിഞ്ഞ് പെയ്തുതുടങ്ങിയ മഴയത്ത്, കളറിളകി തൊപ്പിയിലെ തൂവലുകളെല്ലാം പൊഴിഞ്ഞുതുടങ്ങിയിരുന്നത് കാണാനാവുന്നുണ്ട്. വൈകുന്നേരമായപ്പോഴേയ്ക്ക് നനഞ്ഞുകുതിര്‍ന്ന ആ തൊപ്പി പരത്തിത്തുടങ്ങിയ അസഹിനീയമായൊരു വാട പോലും മൂക്കിന്‍ തുമ്പത്തുണ്ട്.

അന്ന് ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ എല്ലാ ബജറ്റ് അനിശ്ചിതത്വങ്ങളുമുണ്ടായിട്ടും, ഇന്ന് കൊല്ലാകൊല്ലം വെക്കേഷനു നാട്ടില്‍ വരുമ്പോള്‍ അച്ഛനേയുമമ്മയേയും കൂട്ടി ഒരു വൈകുന്നേരം കൊണ്ട് പോയി ചായകുടിച്ചുവരാവുന്നൊരു ഇത്തിരിനേര കാര്‍യാത്രയുടെ അപ്പുറത്തേക്ക് മലമ്പുഴ അടുത്ത് വന്നിട്ടും, പണ്ടത്തെ യാത്ര അത്രയും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാവുന്നതിന്റെ മാജിക്കിനെപ്പറ്റിയാണ് ബസ്സിലിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്.

ബസ്സില്‍, ഡിപ്പാര്‍ട്ട്‌മെന്റിലെല്ലാവരും കൂടെ യൂണിവേഴ്‌സിറ്റിക്കടുത്തുതന്നെയുള്ളൊരു സുഖവാസ കേന്ദ്രത്തിലേയ്ക്ക് വിനോദയാത്ര പോവുകയാണ്. റിസോര്‍ട്ടില്‍ രാവിലെത്തന്നെ എത്തിച്ചേരുമെങ്കിലും ഗവേഷണത്തിന്റെ പുരോഗതി സെമിനാറെടുക്കലാണ് ഉച്ചവരേയ്ക്കും പരിപാടി. സാമാന്യം നല്ല തണുപ്പുള്ള ദിവസമാണ്. പുറത്തെ തണുപ്പ് ബസ്സിനുള്ളിലേക്കും വന്നതു പോലെ മിക്കവാറും പേരും ലാപ്‌ടോപ്പും തുറന്ന് പ്രെസന്റേഷന്റെ അവസാനഘട്ട മിനുക്കുപണികളിലാണ്.

യാത്രയുടെ പ്ലാനിങ്ങും മുന്നൊരുക്കങ്ങളുമൊക്കെ സവിശേഷമാണ്. കാര്യപരിപാടികളുടെ ലിസ്റ്റ് ആദ്യം തന്നെ ഗ്രൂപ്‌മെയില്‍ വഴി കിട്ടും. കാലത്ത് എട്ടരക്ക് ബസ്സ് പുറപ്പെടുന്നത് മുതല്‍ രാത്രി പത്തിന് തിരിച്ചെത്തുന്നത് വരെയുള്ള (ആരൊക്കെയാണ് സെമിനാറുകള്‍ എടുക്കുന്നത്, എത്ര നേരം വെച്ചാണ് എടുക്കുന്നത്, കാപ്പി എപ്പോള്‍, ലഞ്ച് എപ്പോള്‍ എന്നൊക്കെ) എല്ലാ കാര്യങ്ങളുടെയും വിശദമായ സമയക്രമത്തെപ്പറ്റി ആദ്യം തന്നെ ഒരു ധാരണ കിട്ടും.

ഉച്ചക്ക് ശേഷം ചെയ്യാനൊക്കുന്ന ശൈത്യകാലവിനോദങ്ങളുടെ ഒരു ലിസ്റ്റ്-സ്‌കീയിങ്ങ്, സ്‌നോമോട്ടോര്‍ സ്‌പോര്‍ട്‌സ്, സ്‌നോവാക്ക് എന്നിങ്ങനെ-അതില്‍ ആരൊക്കെ എന്തൊക്കെ എടുക്കുന്നു എന്ന് അറിയിക്കണം. ഡിന്നറിനു ലഭ്യമായ ഭക്ഷണ മെനുവും ഒരാഴ്ച മുമ്പേ തരും. സ്റ്റാര്‍ട്ടറും മെയിന്‍കോഴ്‌സും ഡിസേര്‍ട്ടും അടക്കം ഭക്ഷണതാല്‍പര്യങ്ങളും നേരത്തേ തന്നെ അറിയിക്കണം.

പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത്, ഒരു ഫൈവ്സ്റ്റാര്‍ റെസ്റ്റോറന്റില്‍ ഒരു ട്രീറ്റിന്റെ ഭാഗമായുള്ള ഡിന്നര്‍ കഴിഞ്ഞപ്പോള്‍ മേശപ്പുറത്ത് ഒരു ബോവ്‌ളില്‍ വെള്ളവും നാരങ്ങാക്കഷണവും കൊണ്ടുവെച്ചിരിക്കുന്നത് കണ്ട്, “ഓഹ്, നാരങ്ങാവെള്ളമൊക്കെ നമ്മള്‍ സ്വയം ഉണ്ടാക്കിക്കുടിയ്ക്കണം അല്ലേ, എന്നിട്ട് പഞ്ചസാര കാണുന്നില്ലല്ലോ” എന്ന് പറഞ്ഞ അനുഭവമൊക്കെയുള്ളതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു എന്റെ എല്ലാ പേടിയും.

മെനുവില്‍ കേട്ടുപരിചയം പോലുമില്ലാത്ത ഇനങ്ങളാണ്. ഒരു വലിയ ഗ്രൂപ്പിനൊപ്പം ഇരുന്നു കഴിക്കേണ്ടതാണ്. പേരില്‍ നിന്നും ഇതൊക്കെ എന്താണ്, ഇതിലൊക്കെ എന്താണ് എന്ന് മനസ്സിലാക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല. വെറുതെയല്ല അവര്‍ ഒരാഴ്ച മുമ്പേ തന്നെ മെനു തരുന്നത്. ഒടുക്കം ഗൂഗിളില്‍ തിരഞ്ഞും നേരത്തേ യൂറോപ്പില്‍ വന്നിട്ടുള്ള മലയാളി സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചുമൊക്കെയാണ് എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത്.

പുറത്ത് ചെറുതായി മഞ്ഞുപെയ്യുന്നുണ്ട്. ബസ്സ് നഗരപ്രാന്തങ്ങള്‍ വിട്ടുതുടങ്ങിയപ്പോഴേയ്ക്കും നാട്ടിലേതുപോലെ ഓപ്പണ്‍-എയര്‍ വൈദ്യുത പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളുമൊക്കെ കാണാന്‍ തുടങ്ങി. അധികം വൈകാതെ തന്നെ റിസോര്‍ട്ട് എത്തിച്ചേര്‍ന്നു. അവിടെ റിസര്‍വ്വുചെയ്തിരിക്കുന്ന കോണ്‍ഫറന്‍സ് റൂമില്‍ വെച്ചാണ് സെമിനാറുകള്‍. പതിവുപോലെ ഒരു മൂന്നുനാലെണ്ണമൊക്കെ കഴിഞ്ഞതോടെ സെമിനാറുകള്‍ ബോറടിക്കാനും ഉച്ചക്കു ശേഷമുള്ള പരിപാടികളെക്കുറിച്ചുള്ള ആകാംക്ഷ മനസ്സില്‍ നിറയാനും തുടങ്ങി.

ഒരു വിധം സെമിനാറുകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ ലഞ്ചിലേക്ക് കടന്നു. രാത്രി വരാനിരിക്കുന്ന ഡിന്നറു പോലെയല്ല. ബഫേ ആണ്. കാണുമ്പോള്‍ കുഴപ്പം തോന്നാത്തതൊക്കെ എടുത്ത് കഴിയ്ക്കാം എന്നൊരു മെച്ചമുണ്ട്. പ്രധാന ഇനങ്ങളിലൊന്ന് ഗോതമ്പുചോറാണ്. കാണാന്‍ ചിക്കന്‍കറി പോലെ ഇരിക്കുന്ന ഒരു വിഭവവും ഉണ്ട്. തല്‍ക്കാലത്തേക്ക് അതു രണ്ടും എടുത്തു. ഒരു പാത്രത്തില്‍ പച്ചക്കാബേജും കുറച്ച് കാട്ടുചെടികളും സലാഡ് എന്നൊരു തലക്കെട്ടില്‍ ഇരിപ്പുണ്ട്. (രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് സലാഡ് പ്രേമം തലയ്ക്കു പിടിക്കുമ്പോഴാണ് അതിനെ പച്ചക്കാബേജെന്നു വിളിക്കാന്‍ പാടില്ല, ലെറ്റിസ് എന്നാണതിനു പറയുന്നതെന്ന് മനസ്സിലാവുന്നത്).

ഗ്രൂപ്പിലെ മറ്റൊരു ഇന്ത്യന്‍ മെമ്പറായ നിദീപുമായി ചിക്കന്‍കറിദുരന്തം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി ഞങ്ങളുടെ ടേബിളില്‍ ജോയിന്‍ ചെയ്തു. നസനിന്‍. ഇറാന്‍കാരിയാണ്. ഇറാന്‍ ആണവപരീക്ഷണം നടത്തി എന്നും ഇല്ലാ എന്നുമൊക്കെയുള്ള അഭ്യൂഹങ്ങളെപ്പറ്റിയും അമേരിക്കയുടെ ഉപരോധഭീഷണിയെപ്പറ്റിയുമൊക്കെയുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയമാണ്. സംസാരിക്കാന്‍ ഈ ടോപ്പിക് എടുത്തിട്ടാലോ എന്നൊരു ചിന്ത മനസ്സിലേയ്ക്ക് വന്നു. അടുത്ത നിമിഷം തന്നെ വേണ്ടെന്നു വെച്ചു.

എപ്പോഴൊക്കെ വേറെ ഒരു രാജ്യക്കാരോട് അവരുടെ രാജ്യത്തെപ്പറ്റി ചോദിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ച് വരുന്ന ഒരു കൂട്ടം ചോദ്യങ്ങളുണ്ട്. രാജ്യഭേദമെന്യേ അതൊരു സ്റ്റാന്‍ഡേര്‍ഡ് സെറ്റാണ്:
1. നിങ്ങള്‍ സസ്യഭുക്കാണോ? നിങ്ങള്‍ പശുവിനെ ആരാധിക്കാറുണ്ടോ? നിങ്ങള്‍ ബീഫ് കഴിക്കാറില്ലേ?
2. അച്ഛനും അമ്മയും ചൂണ്ടിക്കാണിക്കുന്ന ഒരു പെണ്ണിനെ/ആണിനെ കല്യാണം കഴിക്കലാണ് അവിടെയൊക്കെ പതിവെന്ന് കേട്ടിട്ടുണ്ട്, ശരിയാണോ? എന്ത് വിചിത്രമായിരിക്കും അത്! (അര മണിക്കൂര്‍ നേരത്തേക്ക് തീന്‍മേശ നിറയെ പൊട്ടിച്ചിരി)
3. കല്യാണം കഴിക്കുമ്പോള്‍ പെണ്‍വീട്ടുകാരുടെ പക്കല്‍ നിന്ന് പണവും സ്വര്‍ണ്ണവും മറ്റും മേടിക്കും എന്ന് കേട്ടിട്ടുണ്ട്, ശരിയാണോ? എന്തൊരു വൃത്തികെട്ട ഏര്‍പ്പാടായിരിക്കും അത്?
4. നിങ്ങളുടെ സിനിമകളിലെല്ലാം അഞ്ചു മിനുട്ടു കൂടുമ്പോള്‍ ഡാന്‍സേഴ്‌സുവന്ന് നൃത്തം ചെയ്യുന്നതെന്തിനാണ്?
5. തീവണ്ടികളുടെ മുകളിലിരുന്നു വരെ ആള്‍ക്കാര്‍ യാത്ര ചെയ്യാറുള്ളത് കാണാമല്ലോ, അതെന്താണങ്ങനെ?

ഈ ലിസ്റ്റ് ഇങ്ങനെ നീളും. “നിങ്ങള്‍” എന്നുള്ള സംജ്ഞ നമ്മെ വല്ലാതെ എരിപിരികൊള്ളിക്കും. ഓരോ ഉത്തരത്തിലും നമ്മളെത്രയൊക്കെ വിശദീകരിച്ചാലും മായാതെ ഒരു പുച്ഛം പലരുടേയും മുഖത്ത് ബാക്കി കാണുകയും ചെയ്യും. (ഈയടുത്ത കാലത്തായി കേന്ദ്രമന്ത്രിമാരുടെ പരിണാമസിദ്ധാന്തത്തെപ്പറ്റിയും ഗോമൂത്രഗവേഷണങ്ങളെപ്പറ്റിയുമൊക്കെയുള്ള ചോദ്യങ്ങള്‍ കൂടി ലിസ്റ്റിലേയ്ക്ക് ചേര്‍ന്നിട്ടുണ്ട്).

നസനിന്‍ പക്ഷേ, നല്ലൊരു കുട്ടിയായിരുന്നു. ഈ ചോദ്യങ്ങളൊന്നും തൊടുക്കാതെ അവളുടെ രാജ്യത്തിനെപ്പറ്റി കാര്യമായി ഇങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങി.

ലോകത്തിലേറ്റവും ഭംഗിയുള്ള കണ്ണുകള്‍ ഇറാനിയന്‍ പെണ്‍കുട്ടികള്‍ക്കാണെന്ന് തോന്നിയിട്ടുണ്ട്. കേള്‍വിയില്‍ അവരുടെ പേര്‍ഷ്യന്‍ ഉച്ചാരണശൈലി ഏകതാനമായിത്തോന്നിയേക്കാം. ആ വാക്കുകളുടെ മുഴുവന്‍ ഇമോഷനും ജീവിക്കുന്നത് അവരുടെ കണ്ണുകളിലാണ്. സന്തോഷവും രോഷവും സഹതാപവും വെറുപ്പും എല്ലാം അവിടെയാണ്.

ഇറാന്‍ എന്ന സ്വന്തരാജ്യത്തെ അവള്‍ വേറെന്തിനേക്കാളും വെറുക്കുന്നു. ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത നാട്. മതമൗലികവാദികളുടെ തീട്ടൂരങ്ങളില്‍ ഞെങ്ങി ഞെരുങ്ങി ജീവിച്ചുകൊള്ളണം പെണ്‍കുട്ടികളെല്ലാം. ഇനി ഒരിക്കലും തിരിച്ചുപോവില്ലെന്നൊക്കെയാണ് നസനിന്റെ നിലപാട്. അവള്‍ക്ക് ഇവിടെ ഒരു ഫിന്നിഷ് ബോയ്ഫ്രന്റുണ്ട്. പുള്ളിക്കാരന്റെ ഒപ്പമാണ് താമസം. പതുക്കെ ഫിന്നിഷ് പൗരത്വം നേടി ഫിന്‍ലാന്റില്‍ കൂടാനാണ് തീരുമാനമത്രെ.

അതിനൊക്കെ ഇന്ത്യ; സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഞങ്ങളുടെ രാജ്യം സ്വര്‍ഗ്ഗമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥ ഇന്ത്യയുടേതാണെന്നുമൊക്കെ തട്ടിവിട്ടു. ദഹിക്കാത്ത ഗോതമ്പുചോറു പോലെ എന്റെ തന്നെ വാക്കുകള്‍ കുറച്ചു കഴിഞ്ഞ് തികട്ടി വരാന്‍ തുടങ്ങി. പരസ്പരസമ്മതത്തോടെ ഒരാണിനും പെണ്ണിനും ഒരുമിച്ചുജീവിക്കാന്‍ പോയിട്ട് തെരുവില്‍ ഒന്നിച്ചു നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നാടിനെക്കുറിച്ചാണ് ഇക്കണ്ട നുണയൊക്കെ തട്ടിവിടുന്നത്. ദഹനക്കേട് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ലഞ്ചിനു ശേഷം, പങ്കെടുക്കാനായി ആകാംക്ഷയോടെ കാത്തിരുന്ന കായികവിനോദങ്ങള്‍ക്കായി ഞങ്ങള്‍ ഗ്രൗണ്ടിലേയ്ക്കു നീങ്ങി.

(തുടരും)

 


Also Read: 

Part 1 – (വെറും?) ആയിരം തടാകങ്ങളുടെ നാട്

Part 2 – മഞ്ഞുമായൊരു മല്‍പ്പിടുത്തം

Part 3 – എന്താണെന്താണെ’ന്തുകുന്താ’?

Part 4 – വിശ്വാസത്തിനെത്ര ടാക്‌സു കൊടുക്കണം?