വിശ്വാസത്തിനെത്ര ടാക്‌സു കൊടുക്കണം?
Traveller Column
വിശ്വാസത്തിനെത്ര ടാക്‌സു കൊടുക്കണം?
നിഖില്‍ പി
Monday, 16th April 2018, 9:27 pm

ഭാഗം നാല്

 

ഇലക്ട്രിക് ഗിറ്റാറില്‍ നിന്ന് നാദവീചികളൊഴുകുന്നു. ബേസ് ഗിറ്റാറില്‍ പതുക്കെ താളം ചാലുകീറിത്തുടങ്ങുന്നു. ഒരു ഡ്രമ്മും സിംബലും ഭൂമി കുലുക്കുന്നു. വെളുത്ത മേലങ്കിയുടുത്ത്, നീട്ടിവളര്‍ത്തിയ മുടിയും വെട്ടിയൊതുക്കാത്ത താടിയുമായി ഒരു ഫ്രീക്കന്‍, വിരലുകള്‍ പിണച്ചുവെച്ച് ആകാശത്തേക്ക് കൈകളുയര്‍ത്തുന്നു. അയാള്‍ക്ക് വട്ടക്കണ്ണടയില്ലാത്ത ജോണ്‍ ലെനന്റെ മുഖച്ഛായയുണ്ട്. അയാളുടെ മുഖത്ത് വിഷാദഭാവമാണ്. ഒരു ട്രാന്‍സിലെന്ന പോലെ അയാള്‍ കണ്ണുകളടയ്ക്കുന്നു. ഒരു നിമിഷത്തേയ്ക്ക് സംഗീതം നിലയ്ക്കുന്നു. പൊടുന്നനെ, കണ്ണുകള്‍ തുറന്ന്, ലോകത്തുള്ള സകല സന്തോഷവും തന്റെ വരികളിലേക്കാവാഹിച്ച്, അയാള്‍ പാടാന്‍ തുടങ്ങുന്നു.

“റോക്ക് ചര്‍ച്ച്” എന്ന് ആദ്യമായി കേട്ടപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ വിഷ്വലുകളാണ്.

ദീപക്കേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, “അത്ര ഡെക്കറേഷനൊന്നും വേണ്ട. റോക്ക് ചര്‍ച്ച് എന്നാല്‍ കല്ലുപള്ളി. അത്രേ ഉള്ളൂ..”
കല്ലുപള്ളി. അതിനെന്താണിത്ര പ്രത്യേകത? മുഴുവന്‍ കല്ലില്‍ പണികഴിപ്പിക്കപ്പെട്ട എത്ര പള്ളികളുണ്ട്? എന്റെ ഉത്സാഹം ചെറുതായൊന്നു കുറഞ്ഞു.

ഫിന്‍ലാന്റുകാരതിനെ തെമ്പല്ല്യൗക്കിയോണ്‍ കീര്‍ക്കോ (Temppeliaukion kirkko) എന്ന് വിളിക്കും. ദീപക്കേട്ടനും രേഷ്മയും മുമ്പവിടെ പോയിട്ടില്ലാത്തതതുകൊണ്ട് വഴി നല്ല തിട്ടമില്ല. എങ്കിലും നടന്നെത്താവുന്ന ദൂരത്താണെന്നറിയാം. ഞങ്ങള്‍ നഗരത്തിന്റെ ഉള്‍ത്തെരുവുകളിലൂടെ കല്ലുപള്ളിയുമന്വേഷിച്ച് നടപ്പു തുടങ്ങി. ഒരു മണിക്കൂറോളം നടന്നിട്ടും എവിടെയുമെത്തുന്നില്ല. പോയവഴികളിലൂടെയാണോ പിന്നെയും പിന്നെയും ചുറ്റിക്കൊണ്ടിരിക്കുന്നതെന്ന തോന്നലില്‍ ഒന്നു രണ്ടു പേരോട് വഴിയന്വേഷിച്ചു. ഒടുവില്‍, നേരത്തേ കടന്നുപോയ ഒരു കവലയില്‍ എത്തി.

 

 

അവിടെയതാ ഒരു വലിയ പാറ. പാറയ്ക്കുമുകളില്‍ തലപ്പാവു പോലെ പരന്നൊരു കുംഭഗോപുരം. വശങ്ങളിലൊക്കെ ചുറ്റി വന്നാല്‍ ഒരു വാതില്‍ കാണാം. പാറ ഉള്ളിലേക്കും താഴേക്കും തുരന്നെടുത്ത് ഒരു വലിയ പള്ളിയുണ്ടാക്കിയിരിക്കുകയാണ്. കല്ലു തുരന്ന് മുകളിലൊരു ചട്ടിത്തൊപ്പി, തൊപ്പിക്കു വശം ചില്ലുജനാലകള്‍. മൊത്തം പള്ളിയെയും പ്രകാശപൂരിതമാക്കി ചില്ലുജനാലകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം. ഒരു വാസ്തുവിദ്യാ അത്ഭുതം തന്നെയാണ് കല്ലുപള്ളി. ഉണ്ടാക്കിയ കാലത്ത് ധൂര്‍ത്തിനെച്ചൊല്ലി നാട്ടുകാരുടെ മുഴുവന്‍ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഇതിനെന്നാണ് കേട്ടത്. ബാല്‍ക്കണിയും ഫസ്റ്റ്ക്ലാസ്സും സെക്കന്റ്ക്ലാസ്സുമൊക്കെയായി മൊത്തത്തില്‍ ഒരു സിനിമാതീയറ്ററിനെ ഓര്‍മ്മിപ്പിക്കുന്ന സജ്ജീകരണമാണ്.

പുറത്തെത്തുമ്പോഴേക്കും വീണ്ടും മഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. തണുപ്പ് വല്ലാതെ കൂടിയിരിക്കുന്നു.

ഇനി പോവാനുള്ളത് വൈറ്റ് ചര്‍ച്ചിലേക്കാണ്. വെള്ളപ്പള്ളി.

വന്ന സമയത്ത് പ്രൊഫസറോട് ഇവിടെ കാണാനുള്ള സ്ഥലങ്ങളെപ്പറ്റി അന്വേഷിച്ചപ്പോള്‍ “നിങ്ങളുടെ താജ്മഹലിന്റെ അത്രയൊന്നും ഇല്ല. എങ്കിലും ഹെല്‍സിങ്കിയില്‍ പോവുകയാണെങ്കില്‍ കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്,” എന്നുപറഞ്ഞ് ആദ്യം നിര്‍ദ്ദേശിച്ച പേരാണ് വൈറ്റ് ചര്‍ച്ച്. ഹെല്‍സിങ്കിടൂറിസത്തിന്റെ ഐക്കോണിക് സ്‌പോട്ടാണത്. നഗരത്തിലെ ടൂറിസ്റ്റുബസ്സുകളിലെല്ലാം വൈറ്റ് ചര്‍ച്ചിന്റെ ലോഗോ കാണാം.

ഇതും നടന്നു തന്നെ എത്താവുന്ന ദൂരത്താണ്. തണുപ്പിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഞ്ഞുനടക്കാന്‍ തുടങ്ങി. വഴിയില്‍ സീബ്രാക്രോസ്സിങ്ങില്‍ വാക്കിംഗ് സിഗ്‌നല്‍ കിട്ടാന്‍ വേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് റോഡരികിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒരു സുന്ദരിപ്പക്ഷി തണുത്ത് തൂവലൊക്കെ വിറപ്പിച്ചുയര്‍ത്തി ഇരിക്കുന്നത് കണ്ടത്. നാട്ടിലെ കരിയിലക്കിളികളുടെ ഒക്കെപ്പോലെയുണ്ട് കാണാന്‍. തവിടന്‍ ഷ്രൈക്ക്. നോക്കുമ്പോള്‍ അവിടേം ഇവിടേം ഒക്കെയായി കുറെയെണ്ണം ഉണ്ട് അതേ ചെടിക്കൂട്ടത്തില്‍.

 

 

വൈറ്റ് ചര്‍ച്ചിനടുത്തെത്തിയപ്പോഴേക്കും മഞ്ഞുവീഴ്ച്ച മാറി തണുപ്പൊക്കെ കുറഞ്ഞുതുടങ്ങിയിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം സെനറ്റ് സ്‌ക്വയര്‍ എന്നാണറിയപ്പെടുന്നത്. സ്‌ക്വയര്‍ എന്നാല്‍ ചതുരാകൃതിയില്‍ ഒരു മുറ്റം. നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്ഥലമാണിത്. വളരെ തന്ത്രപ്രധാനമായ രീതിയിലാണിതിന്റെ രൂപകല്‍പന.
“ആരവിടെ, രാജ്യത്തിന്റെ അധികാരകേന്ദ്രവും ആത്മീയാലയവും അറിവുറവിടങ്ങളും വാണിജ്യ കേന്ദ്രവും ഒരിടത്ത്, ഒരൊറ്റ മുറ്റത്ത്, സമ്മേളിക്കട്ടെ!” എന്നോ മറ്റോ ആയിരിക്കണം ശില്‍പിയായിരുന്ന കാള്‍ ലുഡ്വിഗിനു കിട്ടിയ നിര്‍ദ്ദേശം.

സെക്രട്ടേറിയറ്റ് മന്ദിരമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് പാലസ്, ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയുടെ പ്രധാന കെട്ടിടം, ഗ്രേറ്റ് കത്തീഡ്രല്‍ (വെള്ളപ്പള്ളി) എന്നിവയൊക്കെ സെനറ്റ് സ്‌ക്വയറിന്റെ ഓരോ വശങ്ങളിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. രാജ്യം റഷ്യന്‍ സാമ്രാജ്യത്തിനു കീഴിലായിരുന്ന കാലത്താണ് പള്ളി പണികഴിപ്പിക്കപ്പെടുന്നത്. അന്നത്തെ റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ത്സാര്‍ നിക്കോളാസ് ഒന്നാമന്റെ പേരിലാണ് അന്നത് പണികഴിപ്പിക്കപ്പെട്ടതെങ്കിലും സ്വാതന്ത്ര്യം കിട്ടേണ്ട താമസം, ഫിന്‍ലാന്റുകാരതിനെ “ഗ്രേറ്റ് കത്തീഡ്രല്‍” എന്ന് പുനര്‍നാമകരണം ചെയ്തു. തൂവെള്ള നിറത്തില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുകയാണ് പള്ളി. പച്ചനിറത്തിലുള്ള മിനാരങ്ങളുടെ കോണ്‍ട്രാസ്റ്റ് അതിന് പ്രത്യേകമായൊരു ഭംഗി പകരുന്നുമുണ്ട്.

പള്ളികളെപ്പറ്റി പറയുമ്പോള്‍ ഫിന്‍ലാന്റിലെ മതവിശ്വാസത്തെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. ജനസംഖ്യയില്‍ ഭൂരിഭാഗം പേരും ക്രൈസ്തവമതവിശ്വാസികളാണ്. അതില്‍ തന്നെ ലൂഥറന്‍ വിഭാഗത്തില്‍ പെടുന്നവരാണേറെയും.

ഫിന്‍ലാന്റിലെ മതവിശ്വാസരീതികള്‍ രസകരമാണ്. പതിനെട്ടുവയസ്സു തികയുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. എന്റെ അപ്പാര്‍ട്ട്‌മെന്റിലെ അയല്‍മുറിയന്‍ ഒരു ഫിന്നിഷുകാരനാണ്. വില്ലെ. വില്ലെ തിരഞ്ഞെടുത്തത് നിരീശ്വരവിശ്വാസമാണ്. പുള്ളിയുടെ അഭിപ്രായത്തില്‍ ഫിന്‍ലാന്റില്‍ ഒരു മതവിശ്വാസിയാവുക എന്നത് പരമ മണ്ടത്തരമാണ്. ലൂഥറന്‍ വിശ്വാസിയായി അവിടെ ജീവിക്കാന്‍ പ്രത്യേകം ടാക്‌സ് കൊടുക്കണം. അജ്ഞേയതാവാദമോ നിരീശ്വരവാദമോ ഒക്കെ തിരഞ്ഞെടുത്താല്‍ ആ ടാക്‌സ് കൊടുക്കേണ്ട കാര്യമില്ല. എന്തു മനോഹരമായ ആചാരങ്ങള്‍ എന്ന് മനസ്സിലോര്‍ത്തു.

അന്ന്, പറക്കുന്ന കുരങ്ങനേയും ചിറകുള്ള ആനയേയും നാലും ആറും പത്തും തലകളുള്ള ദൈവങ്ങളെയും ഈവിള്‍സ്പിരിറ്റുകളെയും എലിപ്പുറത്തെ ആനത്തലയനേയും ഒക്കെപ്പറ്റി അവനെന്നോട് ചോദിച്ചു. പൂത്തുലയുന്ന ഭാവനേതിഹാസങ്ങളാല്‍ സമ്പന്നമായ ഒരുദ്യാനത്തില്‍ നിന്ന് ഞാന്‍ കഥകള്‍ ചമച്ചു.

കല്ലുപള്ളിയും വെള്ളപ്പള്ളിയും കടന്ന് ഞങ്ങള്‍ക്കിനി പോകാനുള്ളതൊരു ചെമ്പന്‍ പള്ളിയിലേക്കാണ്- റെഡ് ചര്‍ച്ചെന്നുകൂടി അറിയപ്പെടുന്ന ഉസ്പെന്‍സ്‌കി കത്തീഡ്രല്‍ (Uspenski Cathedral).

 

 

ഇപ്പറഞ്ഞ റെഡ് ചര്‍ച്ച് കടലിന്റെ തൊട്ടടുത്താണ്. ഹെല്‍സിങ്കി തുറമുഖത്തിനടുത്തുതന്നെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നിനു മുകളില്‍. കുറച്ച് പടവുകള്‍ കയറണം. ചുവന്ന ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച സ്‌റ്റൈലനൊരു കെട്ടിടം. അകത്തെ പ്രാര്‍ത്ഥനാസ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ കൃസ്ത്യന്‍ പള്ളികളില്‍ കണ്ടു പതിവില്ലാത്ത വിധം വിഗ്രഹങ്ങളുടെ ഒരു കമനീയ ശേഖരമുണ്ടവിടെ. അതിങ്ങനെ അടുക്കിയടുക്കി വെച്ചിരിക്കുന്നു. കുറച്ചു നേരം അകത്തിരുന്ന് ഗ്ലൗസും ഷൂവുമൊക്കെയൂരി കയ്യും കാലുമെല്ലാം ഒന്നു ചൂടുപിടിപ്പിച്ച ശേഷം വീണ്ടും പുറത്തേക്കിറങ്ങി.

ഹെല്‍സിങ്കിയ്ക്ക് തൊട്ടടുത്തുള്ള ഒരു ദ്വീപിലേയ്ക്കാണിനി പോവാനുള്ളത്.

സുവോമെന്‍ലീന. പഴയൊരു കോട്ടനഗരം. നാലു ഭാഗത്തും കടലാണ്. ബാള്‍ട്ടിക് കടല്‍. ഹെല്‍സിങ്കിയില്‍ നിന്ന് കഷ്ടി 3 കി.മീ. ദൂരം കാണും. ഹെല്‍സിങ്കി തുറമുഖത്തുനിന്ന് ഫെറി പിടിച്ചു പോവണം. നേരെ തുറമുഖത്തേയ്ക്ക് വെച്ചു പിടിച്ചു. തുറമുഖത്ത് ഒരു കുറ്റിയില്‍ ഒരു കാവല്‍ക്കാരനെപ്പോലെ ഒരാളിരിപ്പുണ്ട്. വെളുത്തു മഞ്ഞുപോലിരിക്കുന്നൊരു പക്ഷി. ചാരനിറം കലര്‍ന്ന ചിറകുകളും, കറുപ്പുനിറത്തില്‍ ചെറിയൊരു വാലും, ഒരു മഞ്ഞക്കൊക്കും. സീഗള്‍. ഒരു കുറ്റിമേല്‍ ഐസുകൊണ്ട് കാലുറച്ച പോലെ, കൊത്തിവെച്ചൊരു ശില്‍പം പോലെ, അനങ്ങാതിരിക്കുകയാണ് ആശാന്‍. നോക്കിനോക്കിനില്‍ക്കേ ഒരു കാരണവുമില്ലാതെ പാവം തോന്നിപ്പോവും. അടുത്ത്, എന്നു വെച്ചാല്‍ തൊടാവുന്നത്ര അടുത്തെത്തുന്നതു വരെ തലയൊന്നു വെട്ടാതെ, കണ്ണൊന്നനക്കാതെ ഇരുന്നു തന്നു. തൊട്ടടുത്തെത്തിയപ്പോള്‍, ഒന്നു യാത്രപോലും പറയാന്‍ നിക്കാതെ, വലിയ ചിറകും നീര്‍ത്തി, ശ്ശടേ എന്ന് പറന്നുപോയി.

ഫെറി വന്നു. ഞങ്ങള്‍ സുവോമെന്‍ലീനയിലേക്ക് പുറപ്പെടുകയായി. എല്ലില്‍ക്കുത്തുന്ന തണുപ്പ് എന്നൊക്കെ പറയുന്ന തരം അനുഭവമാണ് കടല്‍ക്കാറ്റിന്റെ ഒപ്പമടിക്കുന്നത്. അതു കാരണം ഫെറിക്കകത്തു തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. വളരെക്കുറച്ച് യാത്രക്കാരേ ഉള്ളൂ. ഫെറിയുടെ ഓപ്പണ്‍ ഡെക്കില്‍ രണ്ടു കോളേജുപിള്ളേര്‍ മഫ്‌ലറൂരി വീശിയും പരസ്പരം തമാശപറഞ്ഞും ആര്‍മാദിക്കുന്നുണ്ട്. ഈ മുടിഞ്ഞ തണുപ്പത്തും ഇമ്മാതിരി സാഹസങ്ങള്‍ നടത്തുന്ന അവരെക്കണ്ട് അസൂയയൊക്കെ തോന്നിയെങ്കിലും ഞങ്ങള്‍ ക്യാബിന്‍ വിട്ട് പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടില്ല.

 

 

പത്തുമിനിട്ടിനുള്ളില്‍ത്തന്നെ ഫെറി സുവോമെന്‍ലീനാ തീരത്തെത്തി. ഫിന്‍ലന്റിന്റെ തന്ത്രപ്രധാനമായ ഒരു പ്രതിരോധ കേന്ദ്രമായിരുന്നു ഈ ദ്വീപ്. “സുവോമെന്‍ലീനാ” എന്നാല്‍ “ഫിന്‍ലാന്റിന്റെ കോട്ട” എന്നാണര്‍ഥം. ഇന്ത്യയെ നാം ഭാരതം എന്നു വിളിക്കുമ്പോലെ ഫിന്‍ലന്റിനെ അവര്‍ സ്വയം വിളിക്കുന്ന പേരാണ് “സുവോമി” (Suomi). ഒരു ദിവസം മുഴുവന്‍ നടന്നു കണ്ടാലും തീരാത്തത്ര കാര്യങ്ങളുണ്ട് ദ്വീപില്‍. വേനല്‍ക്കാലങ്ങളില്‍ കോട്ട മുഴുവന്‍ ചുറ്റിനടന്നു കാണിക്കുന്ന ഗൈഡഡ് ടൂറുകള്‍ ഉണ്ടാവാറുണ്ടത്രെ. ശൈത്യകാലത്ത് ദിവസം ഒരൊറ്റ നേരം മാത്രമേ അതുണ്ടാവുകയുള്ളൂ. ഈ വിവരം നേരത്തേ അറിവില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എന്തായാലും ഉള്ളസമയം കൊണ്ട് കോട്ട ഒന്നു ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു.

വീണ്ടും മഞ്ഞുപെയ്തു തുടങ്ങി. ഈ സമയത്ത് താപനില മൈനസ് മൂന്നോ മറ്റോ ആണ്. ചെമ്പന്‍ പള്ളിയില്‍ നിന്ന് ചൂടു പിടിപ്പിച്ചെങ്കിലും അതിനുശേഷമുണ്ടായ മഞ്ഞു വീഴ്ചയില്‍ ഷൂസൊക്കെ നനഞ്ഞ് കാലെല്ലാം മരവിയ്ക്കാന്‍ തുടങ്ങിയിരുന്നു. ആ കാലും വലിച്ചുവെച്ചാണ് നടപ്പ്. നിന്നാല്‍ തീര്‍ന്നു. ഫ്രോസ്റ്റ്‌ബൈറ്റൊന്നും സംഭവിക്കാതെ എന്തായാലും കോട്ടയുടെ മുക്കാല്‍ ഭാഗത്തോളം ഞങ്ങള്‍ “കണ്ടു” തീര്‍ത്തു. ആ നടപ്പില്‍ കാണുന്നതെന്താണെന്നൊക്കെ അങ്ങൂഹിച്ചെടുക്കുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഫിന്‍ലാന്റിലെ ഒരേയൊരു മുങ്ങിക്കപ്പലൊക്കെ മ്യൂസിയം പീസായി ദ്വീപിലെവിടെയോ ഉണ്ടെന്നൊക്കെ തിരിച്ച് വീട്ടിലെത്തിയിട്ടാണ് അറിയുന്നത്.

കോട്ടയുടെ ഭാഗമല്ലാത്ത, വേനല്‍ക്കാലവസതികളും മറ്റുമായി ആള്‍ക്കാര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളും ദ്വീപിലുണ്ട്. ശൈത്യകാലമായതു കൊണ്ട് തോന്നിയതാണോ എന്നറിയില്ല, ദ്വീപിലെ കെട്ടിടങ്ങള്‍ക്കധികവും നരച്ച നിറങ്ങളാണ്.

എല്ലായിടവും മഞ്ഞില്‍ മൂടിയിരിക്കുകയാണ്.

നേരെ മറിച്ച്, വേനല്‍ക്കാലത്ത് വരികയാണെങ്കില്‍ അവിടെമൊത്തം പച്ചപ്പുല്ലും ചെറിയ മഞ്ഞപ്പൂക്കളുമെല്ലാം നിറഞ്ഞ്, വേറിട്ട ഒരു കാഴ്ചാനുഭവമാവും കിട്ടുക എന്നൊക്കെ ദീപക്കേട്ടന്‍ പറഞ്ഞു.

പണ്ടൊരു തന്ത്രപ്രധാന കേന്ദ്രമായിരുന്നെങ്കിലും ദ്വീപില്‍ ഇപ്പോള്‍ സൈനിക സാന്നിദ്ധ്യമൊന്നുമില്ല.

ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞിട്ടും, മഞ്ഞില്‍ കുതിര്‍ന്നിട്ടും, കോട്ടയുടെ അതിരുകാക്കുന്ന ഉത്തരവാദിത്തം ഇപ്പോഴും ഞങ്ങള്‍ക്കെന്ന് പ്രൗഢി വിടാതെ പീരങ്കികളെല്ലാം കടലിലേക്ക് കണ്ണു നട്ടിരിക്കുന്നു. ഒരിക്കലും വെളിപ്പെടുത്താനാവാത്ത രഹസ്യങ്ങള്‍ ഇപ്പോഴും ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഭൂഗര്‍ഭ അറകളിലേക്കുള്ള വാതിലുകള്‍ നിഗൂഢരാവുന്നു. എക്‌സ്-ജയിലുകളും എക്‌സ്-ആയുധശാലകളും പിന്നിട്ട്, മരപ്പാലങ്ങളും മഞ്ഞുപാതകളും താണ്ടി, ഞങ്ങളുടെ കാലുകള്‍ വന്നവഴിയിലേക്കു സ്വയം മടങ്ങുന്നു.

തിരിച്ച് ഹെല്‍സിങ്കിയിലേക്കെത്തുമ്പോഴേയ്ക്ക് ശനിയാഴ്ചവൈകുന്നേരത്തിരക്കുകളിലേക്ക് നഗരം ചൂടു പിടിക്കാന്‍ തുടങ്ങിയിരുന്നു.

ഞങ്ങള്‍ വെറുതേ തെരുവുകളിലൂടെ നടന്നു. സ്റ്റോക്ക്മാന്‍ കെട്ടിടത്തിന്റെ മുന്നില്‍ ഒരു സ്ഥിരം മൂലയില്‍ ഒരു തെരുവുവാദ്യ
കലാകാരന്‍ ഇരിപ്പുണ്ട്. ബോട്ടില്‍-സൈലഫോണ്‍ (Bottle xylophone) ആണ് ഇഷ്ടന്റെ പണിയായുധം. നമ്മുടെ ദൂരദര്‍ശന്‍ ഡെല്‍ഹീറിലേയിലും മറ്റും ഇടക്കിടെ ജലതരംഗം എന്ന വാദ്യോപകരണം കാണാറില്ലേ? അതിന്റെ തെരുവുരൂപം. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു സ്റ്റാന്റില്‍, പല അളവുകളില്‍ വെള്ളം നിറച്ച് തൂക്കിയിട്ടിരിക്കുന്ന കുപ്പികളിലൂടെ മാലെറ്റുകള്‍ പായുന്നു. മനോഹരമായ സംഗീതം പൊഴിയുന്നു.

നഗരത്തിരക്കുകളുടെ വേഗങ്ങള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും കൂസാതെ, സ്വയം മുഴുകി, സംഗീതത്തിന്റെ വ്യത്യസ്ത അടരുകളിലേക്ക് മാലെറ്റ് ചലിപ്പിക്കുകയാണയാള്‍. തെരുവു കടന്നുപോകുന്ന ആള്‍ക്കാരില്‍ ചിലര്‍ കൌതുകത്തോടെ നിന്നു ശ്രദ്ധിക്കുകയും, ചിലര്‍ ഇങ്ങനെയൊരു സംഭവം അവിടെയുണ്ടെന്നു തന്നെ ഭാവിക്കാതെ കടന്നുപോവുകയും ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടുമൂന്നു നമ്പറുകള്‍ നിന്നു കേട്ടശേഷം ഞങ്ങളും പതുക്കെ എസ്പൂവിലേക്കുള്ള വണ്ടിപിടിക്കാനായി റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങി.

അവരുടെ വീട്ടില്‍ നിന്ന് അത്താഴവും കഴിഞ്ഞ് രാത്രി ഒമ്പതു മണിയോടെ ഹെല്‍സിങ്കിയില്‍ നിന്നും താംപര്‍റെയിലേക്ക് വണ്ടി കയറി. ഒറ്റദിവസ-ഹെല്‍സിങ്കി സന്ദര്‍ശനം അങ്ങനെ തീരുകയാണ്. ഒട്ടും ആളുകളില്ലാതെത്തന്നെ തീവണ്ടി നീങ്ങിത്തുടങ്ങി. ഡയറിക്കുറിപ്പിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് മനസ്സില്‍ എഴുതിക്കൊണ്ടും രണ്ടുമണിക്കൂറിന് ശേഷം എന്നെ വരവേല്‍ക്കാന്‍ പോകുന്ന താംപര്‍റെ പാതിരാശൈത്യത്തെ നേരിടാന്‍ മനസ്സിനെ തയ്യാറെടുപ്പിച്ചുകൊണ്ടും സീറ്റില്‍ കണ്ണുകളുമടച്ച് ഇരുന്നു. അടുത്താഴ്ച്ച ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ശൈത്യകാല ഔട്ടിങ്ങില്‍ പങ്കെടുക്കുന്നതു വരെയെങ്കിലും ജീവന്‍ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.

 

(തുടരും)

 


Also Read:

 

Part 1 – (വെറും?) ആയിരം തടാകങ്ങളുടെ നാട്

Part 2 – മഞ്ഞുമായൊരു മല്‍പ്പിടുത്തം

Part 3 – എന്താണെന്താണെ’ന്തുകുന്താ’?