ഭാഗം രണ്ട്
ഫ്‌ളാഷ്ബാക്കിലൊരു ഫ്‌ളാഷ്ബാക്ക്: യാത്രപുറപ്പെടുന്നതിന് ഒരുമാസം മുമ്പ്. 2014 ജനുവരി.
“ഓ, സ്‌കാന്‍ഡിനേവിയയിലേക്ക് പോവുകയാണല്ലേ? സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൊക്കെ ഇപ്പോ ഭയങ്കര തണുപ്പാവുമെന്നേ. നോര്‍വ്വെ, സ്വീഡന്‍ ഒക്കെയായിരുന്നേല്‍ പെട്ടുപോയേനെ. കൂട്ടത്തീ തണുപ്പ് ഇച്ചെരെ കൊറവ് ഫിന്‍ലാന്റിലാണെന്നാണ് കേട്ടിട്ടുള്ളേ.”
സ്‌കാന്‍ഡിനേവിയ എന്ന് രണ്ടുമൂന്നുപ്രാവശ്യമൊക്കെ പറയുന്നത് കേട്ട് ബഹുമാനത്തോടെ ഞാന്‍ കടക്കാരനെ ഒന്നു നോക്കി. ആള് ചില്ലറക്കാരനല്ല, അത്യാവശ്യം കാര്യവിവരമൊക്കെയുള്ള കക്ഷിയാണ്. പോവുന്നത് മഞ്ഞുള്ള സ്ഥലത്തേക്കാണെങ്കില്‍ നല്ല കട്ടിയുള്ള സോളൊക്കെയുള്ള ഷൂസില്ലാതെ പറ്റില്ല എന്ന പൊതുജനാഭിപ്രായം കണക്കിലെടുത്ത് ഷൂ വാങ്ങാനിറങ്ങിയതാണ് ഞാന്‍. കേട്ടറിവില്‍ അന്നത്തെ ഏറ്റവും നല്ല ബ്രാന്‍ഡ് “വുഡ്‌ലാന്റ്” ആണ്. പെരിന്തല്‍മണ്ണയിലും മുക്കിലപ്പീടികയിലും വരെ വുഡ്‌ലാന്റ് ഷോറൂം വരുന്നതിനൊക്കെ ഒരുപാട് മുമ്പുള്ള കാലമാണെന്നോര്‍ക്കണം. നല്ലൊരു ഷോറൂമുള്ളത് കൊച്ചിയിലാണെന്നറിഞ്ഞ് നേരെ അങ്ങോട്ട് വച്ചു പിടിച്ചതാണ്. നമ്മുടെ ഭാഗ്യത്തിന് കടക്കാരന്‍ ഇക്കാര്യത്തിലൊരു എക്‌സ്‌പേര്‍ട്ടാണ്. ആശ്വാസമായി. ഇനി ഒറ്റയ്ക്ക് തിരഞ്ഞ് കഷ്ടപ്പെടണ്ട. റാക്കിലൊക്കെ ഒന്നു നോക്കി ഇതൊന്നും ശരിയാവില്ലെന്ന മട്ടില്‍ രണ്ടു മൂന്നു പ്രാവശ്യം തലകുലുക്കിയ ശേഷം പുള്ളി അകത്തു പോയി ഒരു ബോക്‌സുമെടുത്ത് വരുന്നു. ആ ബോക്‌സില്‍ നിന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ബഹുമാനമൊക്കെ തോന്നിക്കുന്ന ഡിസൈനില്‍ ഒരു ജോഡി ഷൂസ് പുറത്തുവരുന്നു. ഐസും മഞ്ഞുമുള്ള സ്ഥലത്ത് നടക്കാന്‍ ഇതിലും മികച്ചൊരു സാധനം വേറെവിടെയും കിട്ടില്ല എന്ന് ചേട്ടന്‍ തറപ്പിച്ചു പറയുന്നു. വില കുറച്ചു കൂടുതലാണെങ്കിലും ഞാന്‍ അതു തന്നെ സെലക്റ്റ് ചെയ്യുന്നു.
ഇനി കട്ട്-ടു: 2014 ഫെബ്രുവരി. ഫിന്‍ലാന്റിലെ ആദ്യദിവസങ്ങളിലൊന്ന്.
ഡിസംബര്‍-ജനുവരി മാസങ്ങളിലെ മൂര്‍ദ്ധന്ന്യാവസ്ഥ പിന്നിട്ടുവെങ്കിലും തണുപ്പുകാലം വാശി വിടാതെ അതിന്റെ എല്ലാ ആസുരതകളോടും കൂടിത്തന്നെ വാണുകൊണ്ടിരിക്കുന്ന ഫെബ്രുവരി. പരിചയപ്പെടുന്നവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് അവര്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ ശൈത്യമാണ് ഇത്തവണത്തേത് എന്നത് മാത്രം. തണുപ്പ് ഒരുപാട് കൂടുതലുള്ളതു കൊണ്ടല്ല, തണുപ്പിന്റെ പ്രവചനാതീതമായ സ്വഭാവം കൊണ്ട്.
ഒരു ദിവസം മൈനസ് പതിനഞ്ച്, പിറ്റേ ദിവസം പൂജ്യം, അതിനടുത്ത നാള്‍ വീണ്ടും മൈനസ് ഇരുപത്. ഇങ്ങനെ മാറിയും മറിഞ്ഞും തണുപ്പിനെ തട്ടിക്കളിച്ച് മുഖം കറുപ്പിച്ചുനില്‍ക്കുന്ന അന്തരീക്ഷം. ഭൂമിയിലേക്ക് ഒന്നെത്തിനോക്കിക്കളയാം എന്ന് വെളിച്ചത്തിന് ഒന്നു തോന്നിത്തുടങ്ങാന്‍ തന്നെ കാലത്ത് ഒമ്പതുമണിയെങ്കിലുമാവും. വൈകീട്ട് നാലാവുമ്പോഴേക്കും ഇരുട്ട് ഓടിപ്പിടച്ച് വരും. കാലത്ത് ആറു മുതല്‍ വൈകീട്ട് ഏഴുവരെ വെളിച്ചം കണ്ടു ശീലിച്ച നമുക്ക് ഇതിനോടൊന്ന് പൊരുത്തപ്പെട്ടുകിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്.
രാത്രി മുഴുവന്‍ മഞ്ഞു പെയ്യുന്നുണ്ടാവണം. കാലത്ത്, നോക്കുന്നിടത്തെല്ലാം അട്ടിയട്ടിയായി മഞ്ഞ് കിടക്കുന്നത് കാണാം. ചില രാത്രികളില്‍ താപനില വല്ലാതെ കുറയും. അത്തരം ദിവസങ്ങളില്‍ മഞ്ഞെല്ലാം കട്ടിയായി ഐസുപാളികളായി മാറാന്‍ തുടങ്ങും. അതിനു മുകളില്‍ വീണ്ടും മഞ്ഞു വീഴും. പക്ഷേ, പിറ്റേ ദിവസം സൂര്യനൊന്നു ചിരിച്ച് ഭൂമി ചെറുതായൊന്നു ചൂടു പിടിച്ചു തുടങ്ങിയാലാണപകടം. നമുക്ക് വെറുതെ പുറത്തൊക്കെ ഒന്നിറങ്ങി നടന്നുകളയാം എന്ന് തോന്നിപ്പോവും. ഷൂസൊക്കെ വലിച്ചുകയറ്റി ഞാനങ്ങനെ നടക്കാനിറങ്ങുകയാണ്. രണ്ടടി തികച്ചില്ല. നടുവും തല്ലി ഒരൊറ്റ വീഴ്ചയാണ് (“ഒരൊറ്റ” എന്നു പറഞ്ഞുകൂടാ, എണീക്കുന്നതിനിടയില്‍ രണ്ടു തവണ കൂടി വീഴുകയുണ്ടായി). ഞാന്‍ വുഡ്ലാന്റ് ചേട്ടനെ ഒന്ന് സ്മരിച്ചു.
ആ ഒരു വീഴ്ചയ്ക്കു ശേഷം മൂന്നുനാലു കാര്യങ്ങള്‍ പഠിച്ചു.
1. ടിംബര്‍ലാന്റ് എന്ന ഗ്ലോബല്‍ ബ്രാന്റിനെ അനുസ്മരിപ്പിക്കുന്ന ഒരിന്ത്യന്‍ പകര്‍പ്പുമാത്രമാണ് വുഡ്‌ലാന്റ്. മഞ്ഞില്‍നടത്തം സ്‌പെഷ്യലൈസ് ചെയ്യുന്ന കമ്പനിയല്ല അത്.
2. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായി പല കമ്പനികളും പ്രത്യേകം ഷൂസ് ഇറക്കാറുണ്ട്.
3. ഇനി അഥവാ, അത്രയൊന്നും പണം മുടക്കാന്‍ വയ്യ, സാധാരണ ഷൂസ് ഉപയോഗിച്ചാല്‍ മതി എന്നാണെങ്കില്‍ പ്രത്യേകം ഡിറ്റാച്ചബിള്‍ സോളുകളും വാങ്ങാന്‍ കിട്ടും.
ഇനി, ഇതിലുമൊക്കെ പ്രധാനമായ വേറൊരു കാര്യം… ഈ ഫിന്‍ലാന്റ് ഒരു സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമല്ല!
പരക്കെയുള്ളൊരു തെറ്റിദ്ധാരണയാണത്, ഫിന്‍ലാന്റ് ഒരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമാണെന്നുള്ളത്.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രം എന്നാല്‍ എന്താണ്?
രണ്ടു പക്ഷങ്ങളുണ്ട്. മൊത്തത്തിലൊരു ഭൂപ്രദേശത്തിനെ വിളിക്കുന്ന പേരാണതെന്ന് ഒരു പക്ഷം. ഭാഷാപരമായ, അല്ലെങ്കില്‍ ഗോത്രപരമായ, ഒരു കൂടിച്ചേരല്‍ മാത്രമാണതെന്ന് മറ്റൊരു പക്ഷം. ജ്യോഗ്രഫി മാഷുമ്മാരോട് സലാം പറഞ്ഞ് തല്‍ക്കാലം പൊളിറ്റിക്‌സ് ക്ലാസ്സിലേക്കാണ് നമ്മളിപ്പോള്‍ കയറാന്‍ പോവുന്നത്. കാരണം, ഒരു ജര്‍മ്മന്‍ ഗോത്ര പാരമ്പര്യത്തില്‍ നിന്നാണ് സ്‌കാന്‍ഡിനേവിയ എന്ന പേര് രൂപം കൊള്ളുന്നത്. ജര്‍മ്മന്‍ ഭാഷയില്‍ നിന്നു രൂപപ്പെട്ടുവന്ന ഒരു സംസ്‌കാരവും തനതായ പ്രത്യേകതകളുമുള്ള ഒരു ആള്‍ക്കൂട്ടത്തെ നമുക്ക് സ്‌കാന്‍ഡിനേവിയന്‍സ് എന്നു വിളിക്കാം. ജര്‍മ്മന്‍ഭാഷയോട് സാദൃശ്യം പുലര്‍ത്തുന്ന മൂന്നു ഭാഷകളാണ് സ്വീഡിഷ്, ഡാനിഷ്, നോര്‍വീജിയന്‍ എന്നിവ. ഈ ഭാഷാപ്രദേശങ്ങളായ സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വ്വേ എന്നീ മൂന്നു രാജ്യങ്ങള്‍ മാത്രമാണ് സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍. ഫിന്‍ലാന്റിലെ പ്രധാന ഭാഷയായ ഫിന്നിഷ്, ഈ ഭാഷകളോട് മുഖം തിരിച്ചു നില്‍പാണ്. ഇവയുമായി കാര്യമായ വ്യത്യാസങ്ങളുണ്ട് അതിന്. അതുകൊണ്ടു തന്നെ ഫിന്നിഷ് ഒരു സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമല്ല. എന്നിട്ടും എന്തിനാണ് എല്ലാവരും ഫിന്‍ലാന്റിനെ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രം എന്നു വിളിക്കുന്നത്?
ആറു നൂറ്റാണ്ടോളം സ്വീഡിഷ് രാജഭരണത്തിനു കീഴിലുള്ള പ്രവിശ്യയായിരുന്നതുകൊണ്ട് എന്നു വേണം കരുതാന്‍. (എന്നിട്ടും നമ്മളെ ആരും ഇംഗ്ലീഷുകാരെന്ന് വിളിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു റിലാക്‌സേഷനുണ്ട്!) വെറും അഞ്ചു ശതമാനം പേര്‍ സംസാരിക്കുന്ന സ്വീഡിഷാണ് ഇവിടത്തെ രണ്ടാമത്തെ ഭാഷ. ഇപ്പോഴും സ്വീഡന്‍ ബാക്കിവെച്ചുപോയ ചിലത് ഇവിടൊക്കെത്തന്നെയുണ്ട്. ഫിന്‍ലന്റുകാര്‍ രൂപപ്പെടുത്തിയ പോളിറ്റി(രാഷ്ട്രതന്ത്രം/വ്യവസ്ഥ)യ്ക്ക് ഇപ്പോഴും ഒരു സ്വീഡിഷ് ചുവയുണ്ട്. സ്വീഡിഷ് നിയമങ്ങളുടെയും നാട്ടുവഴക്കങ്ങളുടേയും ശേഷിപ്പുകളൊക്കെ ഇവിടെ ഇന്നും ബാക്കിയുണ്ട്. എന്തായാലും ഭാഷാശാസ്ത്രസൗന്ദര്യത്തില്‍ വിശ്വസിച്ച് ഫിന്‍ലാന്റുകാരെ സ്‌കാന്‍ഡിനേവിയയില്‍ നിന്ന് പുറത്താക്കി നമുക്ക് മുന്നോട്ടു പോവാം.
സ്‌കാന്‍ഡിനേവിയ എന്ന പേരില്‍ ഇത്രത്തോളം ആശയക്കുഴപ്പങ്ങള്‍ വന്നതിനാല്‍ പൊതുവായി സ്വീകരിക്കപ്പെട്ട മറ്റൊരു രാഷ്ട്രക്കൂട്ടപ്പേരുണ്ട്: “നോര്‍ഡിയ”. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വ്വേ എന്നിവയ്ക്കു പുറമേ ഫിന്‍ലാന്റ്, ഐസ്ലാന്റ് എന്നീ രാജ്യങ്ങളും ഗ്രീന്‍ലാന്റ്, ഓലാന്റ്, ഫറോ എന്നീ സ്വയംഭരണ ദ്വീപപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന കൂട്ടമാണ് നോര്‍ഡിക് രാജ്യങ്ങള്‍. പത്രങ്ങളിലൊക്കെ ഇടയ്ക്ക് ജീവിതനിലവാരസൂചികകളെ അടിസ്ഥാനപ്പെടുത്തി “ഏറ്റവും സന്തോഷമുള്ള നാട്ടുകാര്‍” എന്നൊക്കെയുള്ള പട്ടികകള്‍ വരാറില്ലേ? ആദ്യ പത്തുസ്ഥാനങ്ങളില്‍ ഈ രാജ്യങ്ങളൊക്കെ മിക്കവാറും ഇടം പിടിക്കാറുണ്ട്. ലോകനിലവാരമാതൃകയായി ഇവിടങ്ങളിലെ ജീവിതനിലവാരം ചൂണ്ടിക്കാണിക്കപ്പെടാറുമുണ്ട്.
അത്ര സുഖകരമല്ലാത്ത കാലാവസ്ഥയെ അതിജീവിച്ചാണ് ഇവരിതൊക്കെ നേടിയെടുക്കുന്നതെന്നാണതിശയം (അതോ ഈ ജീവിതനിലവാരം നേടിയെടുക്കുന്നതില്‍ കാലാവസ്ഥയ്ക്ക് കാര്യമായ പങ്കുണ്ടോ? ഗഹനമായൊരു ഗവേഷണത്തിന് സ്‌കോപ്പുള്ളൊരു വിഷയമാണത്).
ഒരു വീഴ്ച വീണെങ്കിലും ഐസിനോടും മഞ്ഞിനോടുമൊക്കെ ഇതൊന്നും കണ്ടു പരിചയമില്ലാത്ത മറ്റേതൊരാളുടേയും പോലെ ഒരിഷ്ടവുമടുപ്പവുമെല്ലാം മനസ്സില്‍ ബാക്കിയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് തണുപ്പുമായി എന്റെ ആദ്യത്തെ ഏറ്റുമുട്ടല്‍ നടക്കുന്നത്. അന്നാണ്, ഏറ്റവും നിസ്സഹായനാക്കിക്കളഞ്ഞ്, അതിക്രൂരമായി, തണുപ്പ് എന്നെ ആക്രമിക്കുന്നത്.
രാവിലെ യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രയിലാണതു നടക്കുന്നത്. ദൂരെ നിന്ന് ഓടിയെത്തിയപ്പോഴേക്കും ബസ്സു സ്റ്റോപ്പില്‍നിന്നെടുത്തു. സാരമില്ല, വൈകാതെ അടുത്തത് വരുമല്ലോ. ഞാന്‍ സ്റ്റോപ്പില്‍ അടുത്ത ബസ്സും കാത്ത് നില്‍പു തുടങ്ങി.
അനങ്ങാതെ നില്‍ക്കുമ്പോള്‍ തണുപ്പ് ആക്രമണം തുടങ്ങുന്നത് വളരെ പതുക്കെയാണ്.
മൂക്കിന്റെ തുമ്പ് അതിശക്തമായി വേദനിക്കാന്‍ തുടങ്ങും. മൂക്കിനെ ചൂടുപിടിപ്പിക്കാനുള്ള റിഫ്‌ളക്‌സാവണം, ആഞ്ഞാഞ്ഞ് ശ്വാസം വിടാനുള്ള തോന്നല്‍ വരും. കൈവിരലുകളുടെ തുഞ്ചത്തു നിന്ന് ഉറുമ്പ് കടിക്കുന്ന വേദന പോലെ മൃദുവായൊരു കുത്തലായി തണുപ്പ് വീണ്ടുമെത്തും. കയ്യുറ ഒന്നു കൂടി മുറുക്കി വെച്ചും തനിയെ ഒന്നു മടങ്ങി നിവര്‍ന്നും വിരലുകള്‍ ജാഗരൂകരാവും. അതു വകവെക്കാതെ തണുപ്പ് പിന്നെയും അരിച്ചരിച്ച് കയറിക്കൊണ്ടിരിക്കും. വിരലുകള്‍ കടന്ന്, കണങ്കൈ വരെയെത്തി അത് പെട്ടന്ന് നില്‍ക്കും. അപ്പോഴാണ് നമ്മുടെ നെഞ്ചിലേക്കാരോ തണുത്ത് കനം വെച്ച ഒരു ഇസ്തിരിപ്പെട്ടി ഇറക്കിവെക്കാന്‍ പോകുന്നത്. ഒരു നിമിഷത്തേക്ക് തെല്ല് അന്ധാളിക്കുന്ന ശ്വാസം, ഒട്ടുമനക്കമുണ്ടാക്കാതെ പകച്ചൊന്ന് നില്‍ക്കും. ഞൊടിയിടയില്‍ ബോധം വീണ്ടെടുത്ത്, വളരെ കട്ടികൂടിയൊരു ബലൂണിലേക്ക് കാറ്റു നിറക്കുന്നതുപോലെ, കഷ്ടപ്പെട്ട്, അത് അകത്തേക്കും പുറത്തേക്കും സവാരി തുടങ്ങും. ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുക്കാന്‍ പോലുമാവാത്തത്രയും മരവിച്ച കൈയെ നോക്കി കണ്ണുകള്‍ സഹതപിക്കാന്‍ തുടങ്ങും. ഏതോ അന്യഗ്രഹത്തിലെന്ന പോലെ അവ ചുറ്റിലും “ഒരു മനുഷ്യനെയെങ്കിലും..” എന്ന് തിരഞ്ഞുകൊണ്ടിരിക്കും. ഷൂസിനുള്ളില്‍ അനങ്ങാതെ മരവിച്ചിരിക്കുന്ന കാല്‍വിരലുകളെയോര്‍ത്ത് പൊടുന്നനെ മൂക്കൊന്ന് ഞെട്ടിവിറയ്ക്കും. ബസ്സു വന്നാല്‍ കാലുകളെ എങ്ങനെ മുന്നോട്ടു ചലിപ്പിക്കണം എന്ന ആലോചനയില്‍ നിര്‍ന്നിമേഷം ഒരു തല മരവിക്കാന്‍ തുടങ്ങും. ഇഷ്ടപ്പെടാത്തൊരു അധ്യാപകന്റെ/അധ്യാപികയുടെ ലെക്ചറിനിരിക്കുംമട്ട് സമയം, മുന്നോട്ട് നീങ്ങാതെ നമ്മെ കളിപ്പിച്ചു കൊണ്ടിരിക്കും.
ഒരു ബസ്സു ഇപ്പോള്‍ വരുമെന്നും, ഇപ്പോള്‍ വരുമെന്നും, ഇ…പ്പോള്‍…. വരുമെ…ന്നും, വ..രു..മെന്നും….
അപ്പോഴേയ്ക്കും പേരറിയാത്ത ഏതോ ലോകത്തേക്ക് കൂട്ടാനെന്ന പോലെ മഞ്ഞിനപ്പുറത്ത് നിന്ന് മഞ്ഞവെളിച്ചം വിതറി ബസ്സു വരുന്നു. കാലുകള്‍ തനിയേ ചലിക്കുന്നു.
ഹീറ്ററിനടുത്ത് പോയിരുന്നു. ഷൂവില്‍ നിന്ന് ചന്ദനമരക്കഷണങ്ങളെന്ന പോലെ ശ്രദ്ധയോടെ കാലുകളെടുത്ത് സീറ്റിനു വശത്തെ ഹീറ്ററില്‍ പ്രതിഷ്ഠിച്ചു. “വെര്‍ട്ടിക്കല്‍ ലിമിറ്റ്” എന്നൊരു ചലച്ചിത്രത്തില്‍ ഹിമാലയങ്ങളിലെ മഞ്ഞു വീഴ്ചയില്‍ സഹനടിയുടെ വിരലുകള്‍ ഫ്രോസ്റ്റ്‌ബൈറ്റിനു കീഴടങ്ങുന്നതും അതിലിനി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് വിരലുകളെ നായകന്‍ ലാഘവത്തോടെ പൊട്ടിച്ചുകളയുന്നതുമായ ഒരു രംഗമുണ്ട്. അതിങ്ങനെ, ഓഫ് ചെയ്തു വെക്കാന്‍ കഴിയാത്തൊരു സ്‌ക്രീനിലെന്ന പോലെ, കണ്‍മുന്നില്‍ തെളിഞ്ഞു നിന്നുകൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റിയിലെ ഓഫീസ് കമ്പ്യൂട്ടറില്‍ ആക്യുവെതര്‍ ഡോട്ട് കോം, പുറത്തെ താപനില മൈനസ് പതിനേഴ് എന്നു പറഞ്ഞു തന്നു. കഷ്ടിച്ചാണ് അന്ന് ഫ്രോസ്റ്റ്‌ബൈറ്റൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്.
ഇങ്ങനെ തണുപ്പുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഒരിക്കലും അനങ്ങുകയേ ചെയ്യാതെ നില്‍ക്കരുതെന്ന് മനസ്സിലായത് അങ്ങനെയാണ്. കൈകാലുകളും, സാധിക്കുമെങ്കില്‍ വിരലുകളോരോന്നും, ശരീരമാകെത്തന്നെയും, അനക്കിക്കൊണ്ടിരിക്കാന്‍ ശ്രദ്ധിക്കണം. ഒരുപക്ഷേ, പുതിയൊരു കാലാവസ്ഥയിലേക്ക് വന്ന ഉടനേതന്നെ അത്രയും തണുപ്പിനെ ഒരുമിച്ചു താങ്ങാന്‍ കഴിയാത്തതുകൊണ്ടുമാവാം അന്ന് അങ്ങനെയൊക്കെ സംഭവിച്ചത്.
അതിജീവനം, കാലാവസ്ഥയെക്കുറിച്ചാവുമ്പോള്‍, അത് സ്വാഭാവികമായി സംഭവിക്കേണ്ട ഒരു പ്രക്രിയയാണ്. നമ്മുടെ ഭാഗത്തുനിന്ന് ഒരുപാടൊന്നും ഇന്‍പുട്ടുകള്‍ ആവശ്യമില്ല. ഭക്ഷണം, സംസ്‌കാരം, സാമൂഹ്യജീവിതം, സാമാന്യമര്യാദകള്‍, ഭാഷ, ഇവയിലൊക്കെയുള്ള അതിജീവനമാണ് ബുദ്ധിമുട്ടേറിയത്.
ലാബിലെ ഇടവേളകളിലൊന്നില്‍ ക്യാബിനിലിരിക്കുമ്പോഴാണ് ഭാഷയെക്കുറിച്ചുള്ള ചിന്ത വീണ്ടും വരുന്നത്. ഗ്രൂപ്പില്‍ അബ്ദള്ളാ എന്ന ഒരു പോസ്റ്റ് ഡോക്കുണ്ട്. ഫ്രാന്‍സുകാരനാണ്. ഈയടുത്ത് ഫിന്‍ലന്റിലേക്ക് കുടുംബസമേതം താമസം മാറി. ആളൊരു സെക്കന്റ്-ഹാന്റ് കാര്‍ വാങ്ങാനുള്ള ശ്രമത്തിലാണ്. ഒരു സെല്ലറെ കിട്ടിയിട്ടുണ്ട്. കാറുടമയ്ക്ക് പക്ഷേ, ഫിന്നിഷ് മാത്രമേ അറിയൂ. രണ്ടുമൂന്നു നിബന്ധനകളും ചില്ലറ വിലപേശലുമൊക്കെ കാറുടമയുമായി കമ്യൂണിക്കേറ്റുചെയ്യണം. ഇംഗ്ലീഷില്‍ ഒരു ലിസ്റ്റൊക്കെ എഴുതി ഓഫീസിലെതന്നെ ഒരു ഫിന്നിഷ് സുഹൃത്തിനെക്കൊണ്ട് തര്‍ജ്ജമചെയ്യിക്കുകയാണ് കക്ഷി. ആ തര്‍ജ്ജമ കേട്ടുകേട്ടങ്ങനെ ഇരിക്കുമ്പോള്‍ അതിനുമുമ്പൊരിക്കല്‍ ഒരു ചാറ്റിനിടയില്‍ സുഹൃത്ത് വിശ്വേട്ടന്‍ പങ്കുവെച്ച ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നു. ഫിന്നിഷ് ഭാഷയെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. മലയാളഭാഷയോട് അസാധാരണമായൊരു സാദൃശ്യം പുലര്‍ത്തുന്നുണ്ട് ഫിന്നിഷ് ഭാഷ എന്നതിനെക്കുറിച്ച്.
ഇവിടെ എത്തിയ സമയത്ത് പല സ്ഥലപ്പേരുകളുടെ ഉച്ചാരണം , ആള്‍ക്കാരുടെ പേരുകളുടെ ഉച്ചാരണം ഒക്കെ എവിടെയോ കേട്ടുമറന്ന ചില വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ എന്ന കൌതുകം എനിക്കുമുണ്ടായിരുന്നു. കൗരാനനന്‍, താപ്പിയോ, സില്‍ത്തലോപ്പി, സാമു, അങ്ങനെ അങ്ങനെ. നമ്മളു വായിക്കുന്ന രീതിയല്ല, യഥാര്‍ത്ഥ ഉച്ചാരണവും ഏതാണ്ടങ്ങനെതന്നെയാണു കേട്ടോ. പിന്നെ സ്ട്രീറ്റ് എന്നതിന് “കാതു” എന്നാണ് വാക്ക്. ഹാമീന്‍കാതു, കോര്‍ക്ക്യേവ്വോറെന്‍കാതു അങ്ങനെ അങ്ങനെ… വിശ്വേട്ടന്‍ പിന്നീട് ഒരു ഗവേഷണ പേജ് അയച്ചുതന്നിട്ടുണ്ടായിരുന്നു. (ഗവേഷണ പേജ് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക)
അതില്‍ ഫിന്നിഷ്-മലയാളം ഭാഷകളുടെ സാദൃശ്യങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. അതിലെ ഒരു കാര്യം നേരത്തേ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചേ ശ്രദ്ധിച്ചിരുന്നു. പരന്ന കൂടയ്ക്ക് ഫിന്നിഷില്‍ “വട്ടി” എന്നാണ് പറയുന്നത്. അതിലും പ്രധാനം ചില വ്യാകരണ സാമ്യങ്ങളാണ്. അവരുടെ വ്യാകരണനിയമങ്ങള്‍ നമ്മുടേതെന്ന പോലെതന്നെ ഇംഗ്ലീഷില്‍നിന്നും തുലോം വ്യത്യസ്തമാണ്. ഉദാഹരണത്തിന് “അങ്കിള്‍ മിക്കോ” എന്ന ഇംഗ്ലീഷ് പ്രയോഗം മലയാളത്തിലേക്ക് മാറ്റുമ്പോള്‍ വിശേഷണം (അങ്കിള്‍) രണ്ടാമതായാണല്ലോ വരിക-“മിക്കോ അമ്മാവന്‍”. അത് ഫിന്നിഷ് ഭാഷയിലും അങ്ങനെ തന്നെയാണ്- “മിക്കോ സെറ്റാ”. അതുപോലെ ഒരുപാടൊരുപാട് സാമ്യങ്ങളുണ്ട് വ്യാകരണത്തില്‍. ഉദാ: ഉപസര്‍ഗ്ഗങ്ങള്‍ (പ്രിപൊസിഷന്‍സ്) ചേര്‍ക്കുന്ന രീതി. നമ്മള്‍ “-യിലേയ്ക്ക്”, “-ന്റെ”, “-യില്‍”, എന്നൊക്കെ ചേര്‍ക്കുമ്പോലെ, “ഓഫ്”, “ടൂ” മുതലായ ഇനങ്ങള്‍ ഒന്നുമില്ലാതെ, അവരും അസ്സലായി ഇംഗ്ലീഷിനെയും ഹിന്ദിയെയും എല്ലാം വെല്ലുവിളിക്കുന്നു.
പ്രസ്തുത പേജിലെ വിവരങ്ങളുടെ ആധികാരികതയും, ഭാഷാശാസ്ത്രപരമായി ഇങ്ങനെയൊരു താരതമ്യത്തിന്റെ സാധുത തന്നെയും, ഒരു ഡിബേറ്റബിൾ വിഷയമാണ്. ഏഴായിരം കിലോമീറ്റർ അകലത്തിലിരിക്കുന്ന രണ്ടു ഭാഷകൾ തമ്മിൽ സാദൃശ്യം തിരയുമ്പോൾ “ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും” എന്ന മട്ടിൽ തെളിയുന്ന ചില കൗതുകങ്ങളായി മാത്രം തൽക്കാലം നമുക്കിതിനെ കാണാം.
പഠിച്ചെടുക്കാന്‍ വളരെ എളുപ്പമാണെന്നൊക്കെ തോന്നലുണ്ടായെങ്കിലും പുതിയ ഭാഷ പഠിക്കാനുള്ള സ്വാഭാവികമായ പരിമിതികളും മടിയുമെല്ലാം കാരണം “വെല്‍കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂ” ലെവലിനപ്പുറത്തേക്കൊന്നും ഫിന്നിഷ് പഠനം മുന്നേറിയില്ല.
ലാബിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചെറിയൊരു അവധിയെടുത്ത് ഹെല്‍സിങ്കി നഗരം സന്ദര്‍ശിക്കാനുള്ള ഒരു പദ്ധതി ഇതിനിടയില്‍ രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു.
(തുടരും)
Also Read: