ഭാഗം ഒന്ന്
ഒമ്പതിലേറെ മണിക്കൂറുകളായി ഈ ഇരിപ്പു തുടങ്ങിയിട്ട്. ഒറ്റയിരിപ്പില്‍ പ്രാതലും ലഞ്ചും രണ്ടു സിനിമകളും രണ്ടുറക്കങ്ങളും കഴിഞ്ഞു. മൂന്നാമത്തെ ഉറക്കം തുടങ്ങണോ വേണ്ടയോ എന്നൊരു ആശയക്കുഴപ്പത്തിനിടയില്‍പ്പെട്ടിരിക്കുമ്പോള്‍ സീറ്റിനു മുന്നിലെ ഫ്‌ലൈറ്റ്‌പൊസിഷന്‍ ലൊക്കേറ്ററില്‍ ഹെല്‍സിങ്കി എന്നു തെളിഞ്ഞു കാണാന്‍ തുടങ്ങി. ഈസ്റ്റേണ്‍ യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകീട്ട് നാലുമണിയോട് അടുക്കാന്‍ തുടങ്ങിയിരിക്കുന്നു.
കണ്ണില്‍ക്കുത്തുന്ന വെയിലു സഹിക്കാന്‍ വയ്യാതെ താഴ്ത്തിവെച്ചിരിക്കുകയായിരുന്ന വിന്റോ സ്‌ക്രീന്‍ പതുക്കെ പൊക്കിവെച്ചു. ജനലിനപ്പുറത്ത് മേഘങ്ങളുടെ മൈതാനം. ചുവപ്പും മഞ്ഞയും ഓറഞ്ചും അതിനു മൂന്നിനുമിടയിലെ പേരറിയാത്ത ഒരായിരം നിറങ്ങളും ചേര്‍ന്ന അതിസുന്ദരമായ ഒരു ചക്രവാളം മലര്‍ന്നു കിടക്കുന്നു. സൂര്യന്‍, ഒരു കാര്‍ട്ടൂണ്‍ ചാനലിലെ ലോഗോ പരസ്യം പോലെ മേഘങ്ങളുടെ അരികുകളില്‍ സ്വര്‍ണ്ണത്തകിടുപൂശി, ആകാശത്തിന്റെ അറ്റത്ത്, പകുതി മുഖം മറച്ചു നില്‍ക്കുന്നു. വിമാനം പതിയെപ്പതിയെ താഴ്ന്നു പറക്കാന്‍ തുടങ്ങുന്നു. അള്‍ട്ടിമീറ്ററിലെ അക്കങ്ങള്‍ വളരെപ്പെട്ടന്ന് താഴേക്ക് താഴേക്ക് വീണുകൊണ്ടിരിക്കുന്നു.
സീറ്റ് ബെല്‍റ്റിടാനുള്ള അനൌണ്‍സ്‌മെന്റ് ഒരിക്കല്‍ക്കൂടെ മുഴങ്ങി. സീറ്റിന്റെ തൊട്ടടുത്ത് ഒരു അമ്മൂമ്മ ഇരിക്കുന്നുണ്ട്. സീറ്റ്‌ബെല്‍റ്റ് പരിശോധിക്കാന്‍ വന്ന എയര്‍ഹോസ്റ്റസിനെ അരികില്‍ വിളിച്ച്, താഴോട്ടു പോവുന്തോറും തടാകങ്ങളൊക്കെ കാണാന്‍ പറ്റുമോ എന്നു ചോദിക്കുകയാണ് അവര്‍. എനിക്ക് പെട്ടന്ന് എല്‍.പി. സ്‌കൂളിലെ ക്വിസ്സ് കാലഘട്ടം ഓര്‍മ വന്നു. ഇതെന്റെകൂടി ചോദ്യമാണെന്ന മട്ടില്‍ ഞാനും എയര്‍ഹോസ്റ്റസ്സിന്റെ ഉത്തരം കേള്‍ക്കാന്‍ തയ്യാറായി ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്നു.
ചെറിയ നോട്ടുപുസ്തകത്തിലെ വലിയ ലിസ്റ്റില്‍ അങ്ങേയറ്റത്തൊരു “ഉദയസൂര്യന്റെ നാടി”നും ഇങ്ങേയറ്റത്തൊരു “പാതിരാസൂര്യന്റെ നാടി”നും ശേഷം “സൂര്യനസ്തമിക്കാത്ത സാമ്രാജ്യ”ത്തിന്റെ തൊട്ടു മുകളിലായി വിഭാവനം ചെയ്തു പഠിച്ച ഒരു എന്‍ട്രി മാത്രമായിരുന്നു “ആയിരം തടാകങ്ങളുടെ നാട്”. (അവിടെ എന്താ കൃത്യം ആയിരം തടാകം ആണോ? ഒന്നോ രണ്ടോ എണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ കാണില്ലേ? എന്നൊക്കെ അന്നേ സംശയം ഉണ്ടായിരുന്നു. അന്നത് അന്വേഷിച്ച് കണ്ടുപിടിക്കാനൊന്നും മെനെക്കെട്ടില്ല എന്നത് വേറെ കാര്യം). ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചെറുതും വലുതുമായി ഒന്നേമുക്കാല്‍ ലക്ഷത്തോളം തടാകങ്ങളാണ് ഫിന്‍ലാന്റില്‍ ഉള്ളത്! ഫിന്നിഷ് എന്‍വയോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം (അഞ്ഞൂറു ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളവ) കൃത്യം 1,87,888 എണ്ണം. ഏതാണ്ട് അത്രയും തന്നെ ചെറുദ്വീപുകളുമുണ്ട്. ഇങ്ങനെയൊരു നാടിനെ “(വെറും) ആയിരം തടാകങ്ങളുടെ നാട്” എന്നൊക്കെ വിളിക്കുന്നത് എന്ത് കഷ്ടമാണ്!
“ശരിയാണ്, ഏതാനും നിമിഷങ്ങള്‍ക്കകം നമ്മളിതാ ആയിരം തടാകങ്ങളുടെ നാട്ടിലേക്ക് പറന്നിറങ്ങാന്‍ പോവുകയാണ്. പക്ഷേ, ഇപ്പോള്‍ ശൈത്യകാലമാണ്. തടാകത്തിലെ വെള്ളമെല്ലാം തണുത്തുറഞ്ഞു കട്ടിയായി, കരയിലൊക്കെ മഞ്ഞുവീണ്, തടാകവും കരയുമെല്ലാം കൂടിച്ചേര്‍ന്നിരിപ്പുണ്ടാവും. ഇതിനൊക്കെപ്പുറമേ കനത്ത മൂടല്‍മഞ്ഞും. നമ്മള്‍ ലാന്റു ചെയ്യുമ്പോഴേയ്ക്ക് സൂര്യന്‍ ഏകദേശം അസ്തമിക്കുകയും ചെയ്യും. ഇതിനിടയിലൂടെ തടാകവും കരയും ഒക്കെ കണ്ടുപിടിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാവും. എന്തായാലും, കാണാനൊക്കുമോന്ന് നമുക്ക് നോക്കാം.”, അമ്മൂമ്മയോട് എയര്‍ഹോസ്റ്റസ് പറഞ്ഞു. ഇനി പൈലറ്റിന് റണ്‍വേ കണ്ടുപിടിക്കാന്‍ പറ്റാണ്ടെ വല്ല തടാകത്തിലും പോയി ലാന്റു ചെയ്യുമോ എന്ന് എനിക്ക് വേവലാതി തുടങ്ങി. ഞാന്‍ അപ്പുറത്തെ അമ്മൂമ്മയുടെ മുഖത്തേയ്ക്ക് നോക്കി. ഇതെല്ലാം എയര്‍ഹോസ്റ്റസിന്റെ പുളുവടിയാണെന്ന മട്ടില്‍ ഉഷാറായി പുറത്തേയ്ക്കും നോക്കിയിരിപ്പാണ് അവര്‍. അവിടെ പരപരാ വെളിച്ചമാണല്ലോ. പിന്നെന്തിനു പേടിക്കണം?
മേഘങ്ങളുടെ സുവര്‍ണ്ണലോകത്തു നിന്ന് വിമാനം പതുക്കെപ്പതുക്കെ താഴോട്ടിറങ്ങാന്‍ തുടങ്ങി. നട്ടുച്ചവെയിലില്‍ നിന്ന് നടുത്തളത്തിലേയ്ക്ക് കയറിയതെന്നോണം ഇരുട്ട് ഞങ്ങളെ വന്നു പൊതിഞ്ഞു. വേറെ ഏതോ ലോകത്തേക്ക് വഴി തെറ്റിയ പോലെ. ജനലിനപ്പുറത്ത് മഞ്ഞാവണോ മഴയാവണോ എന്നു സംശയിച്ച് ചെറുജലകണങ്ങള്‍ ചില്ലിലുരസി ചിത്രം വരച്ചുകൊണ്ടിരുന്നു. വേറൊന്നും കാണാനില്ല. അമ്മൂമ്മ കണ്ണടയൂരി കണ്ണൊക്കെ തിരുമ്മി വീണ്ടും വീണ്ടും നോക്കുകയാണ്. ഇല്ല. ഒന്നുമില്ല. മൂടല്‍മഞ്ഞ്. മൂടല്‍മഞ്ഞു മാത്രം.
വിമാനം പതുക്കെ റണ്‍വേയിലേക്ക് ഇറങ്ങി. നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളിലും റണ്‍വേയുടെ വശങ്ങളിലും മഞ്ഞ് വീണു കിടക്കുന്നു. നാട്ടിലെ കറുത്തിരുണ്ട മഴക്കാലത്തിന്റെ പ്രതീതിയാണെങ്ങും. ഹെല്‍സിങ്കിയില്‍ നിന്നും ഇത്തിരി ദൂരെയുള്ള താംപര്‍റെ (tampere) എന്ന ചെറുപട്ടണത്തിലേക്കാണ് എനിക്കുപോവേണ്ടത്. വിമാനം മാറിക്കേറണം. കഷ്ടിച്ച് ഒരു വലിയ ബസ്സിന്റെ അത്രമാത്രം വലുപ്പമുള്ള ഒരു കുഞ്ഞന്‍ വിമാനത്തിലേക്ക് കയറിയിരുന്നു.
വീണ്ടും മേഘങ്ങള്‍ക്ക് മുകളില്‍ പൊന്‍ചിങ്ങം, താഴെ കര്‍ക്കിടകം.
താംപര്‍റെ വിമാനത്താവളം വളരെ ചെറുതാണ്. കഷ്ടിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ അത്ര വലിപ്പമേ ഉള്ളൂ. ഇറങ്ങുമ്പോള്‍, പുറത്ത് മരവിക്കുന്ന തണുപ്പാണ്. മൈനസ് ആറ് ഡിഗ്രീ സെല്‍ഷ്യസ്.
ഏറ്റവുമകത്ത് തെര്‍മല്‍വെയര്‍, ടി-ഷര്‍ട്ട്, സ്വെറ്റ് ഷര്‍ട്ട്, ഏറ്റവും പുറത്ത് വിന്റര്‍ജാക്കറ്റ്. പോരാത്തതിനു കമ്പിളിക്കാലുറ, കയ്യുറ- മുഴുവന്‍ സജ്ജീകരണങ്ങളും സഹിതം ഒരു ബഹിരാകാശസഞ്ചാരിയുടെ ഗമയില്‍ പുറത്തിറങ്ങി. ഹും! തണുപ്പാണ് പോലും, തണുപ്പ്!
യൂണിവേഴ്‌സിറ്റിയിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ പ്രൊഫസര്‍ വന്നിരുന്നു. അത്, പുതിയൊരനുഭവമായിരുന്നു. ആദ്യമായി രാജ്യത്തിന് പുറത്ത് യാത്രചെയ്യുന്നവര്‍ക്ക് പിടിപെടുന്ന ഒരു കുഴപ്പമുണ്ട്. പുതിയ ഓരോ കാഴ്ചകളേയും പുതിയ ഓരോ അനുഭവങ്ങളേയും നാട്ടിലെ അനുഭവങ്ങളുമായി നിങ്ങളുടെ തലച്ചോര്‍ നിരന്തരം താരതമ്യം ചെയ്തു തുടങ്ങും.
ആ താരതമ്യഫലം, ചിലപ്പോള്‍ നാമെത്ര നിസ്സാരരെന്ന് നിങ്ങളെ അപാരമായ തോതില്‍ വിനയാന്വിതരാക്കും.
ചിലപ്പോള്‍ അത് നിങ്ങളെ അങ്ങേയറ്റം അഭിമാനപൂരിതരാക്കും. മറ്റുചിലപ്പോള്‍ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് അതു നിങ്ങളെ തള്ളിയിടും.
നാട്ടിലെ യൂണിവേഴ്‌സിറ്റിയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നത് പ്രൊഫസര്‍മാരാണെങ്കില്‍പ്പോലും അവരെ കൂട്ടിക്കൊണ്ടുവരാന്‍ ട്രാവല്‍സില്‍ വിളിച്ച് ഒരു ടാറ്റാ ഇന്‍ഡിക്ക ഏര്‍പ്പാടാക്കി സ്റ്റുഡന്റ്‌സിനെയാരെയെങ്കിലും അയക്കുന്നതാണ് പതിവ്. ഇവിടെ അഞ്ചുമാസത്തേക്ക് ഒരു ഹ്രസ്വകാല പ്രൊജക്റ്റിനെത്തിയ പി.എച്ച്.ഡിക്കാരന്‍ പോലുമല്ലാത്ത വെറുമൊരു സ്റ്റുഡന്റിനെ സ്വീകരിക്കാന്‍ പ്രൊഫസര്‍ നേരിട്ടു വരുന്നു. അതിഥിയായി വരുന്നത് ആരാണെങ്കിലും അതു തന്നെയാണ് പതിവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.
തണുത്തു വിറച്ചുകൊണ്ട് അഭിവാദനം പറഞ്ഞ എനിക്ക് ഹസ്തദാനം നിര്‍വഹിച്ച് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “വെല്‍കം റ്റു ഫിന്‍ലാന്റ്. ഈയാഴ്ച്ച തണുപ്പ് വളരെ കുറവാണ്. കഴിഞ്ഞാഴ്ച്ച വരെ മൈനസ് പതിനഞ്ച് ഒക്കെ സ്ഥിരമായിരുന്നു. അതിനു മുന്‍പത്തെ ആഴ്ച മൈനസ് ഇരുപത്തൊന്ന് വരെ ഒക്കെ പോയിട്ടുണ്ട്. ഇനി എന്താവുമെന്ന് കണ്ടറിയണം. ഇറ്റ് ഈസ് സച്ച് എ വിയേഡ് വിന്റര്‍ ദിസ് ടൈം”.
തണുത്ത് പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയിലും നിസ്സഹായതയുടെ ഒരു ചിരിപാസ്സാക്കി ഞാന്‍ എന്റെ ബാഗുകളും മറ്റും അദ്ദേഹത്തിന്റെ കാറിനു പിന്നിലേക്ക് എടുത്തു വെച്ചു.
പ്രൊഫസറുടെ കാറില്‍ അദ്ദേഹത്തെക്കൂടാതെ മലയാളിഗവേഷകനായ നിദീപുമുണ്ടായിരുന്നു. അവര്‍ ഇരുവരും മുന്‍സീറ്റുകളില്‍ ഇരുന്നു. ഞാന്‍ പുറകിലെ സീറ്റിലേക്ക് കയറി. വണ്ടി പുറപ്പെടുന്നതിനു മുന്നേ പുറകിലേക്ക് തിരിഞ്ഞ് പ്രൊഫസ്സര്‍ എന്നോട് പറഞ്ഞു,”ഇവിടെ, ഫിന്‍ലാന്റില്‍, പുറകിലിരിക്കുന്നവരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം, കേട്ടോ”. ഒരു ചമ്മല്‍ച്ചിരി പാസാക്കി ഞാന്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചു. സത്യം പറഞ്ഞാല്‍ വാഹനങ്ങളുടെ പുറകിരിപ്പിടങ്ങളില്‍ സീറ്റ് ബെല്‍റ്റ് എന്നൊരു സംഭവം ഉണ്ടെന്ന് അങ്ങനെ ഒരു പുതിയ പാഠം എനിക്ക് കിട്ടി. സീറ്റ്‌ബെല്‍റ്റിടാന്‍ പറഞ്ഞത് വെറുതെ ആയിരുന്നില്ല. വാഹനത്തിന്റെ ശരാശരി വേഗത 110 കി.മീ.പ്ര.മ. ആയിരുന്നു. 130 വരെ ഒക്കെ പോയിട്ടുണ്ട്. സ്പീഡോമീറ്ററിലെ പരിധി 200 കി.മീ.പ്ര.മ. ആണ്.
കാറിനുള്ളില്‍ ഏസി അല്ല, ഹീറ്ററാണ്. വണ്ടി ഓടിത്തുടങ്ങിയതോടെ തണുപ്പ് കുറഞ്ഞുതുടങ്ങി. വിജനവും വിശാലമായതുമായ ഹൈവേയിലൂടെ കാര്‍ മുന്നോട്ടു പാഞ്ഞുകൊണ്ടിരിക്കുകയാണ്. കാറിന്റെ വിന്‍ഡ്ഷീല്‍ഡിലേക്ക് മഴപോലെ പെയ്യുന്ന മഞ്ഞിനോട് യുദ്ധം ചെയ്യുന്ന വൈപ്പറുകള്‍. ഇങ്ങനെ നിരന്തരം മഞ്ഞുവീണുകൊണ്ടിരുന്നാല്‍ റോഡ്ഗതാഗതം തടസ്സപ്പെടില്ലേ എന്ന ന്യായമായ സംശയം എനിക്കുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വഴിയില്‍ നാട്ടിലെ റോഡ്‌റോളര്‍ പോലിരിക്കുന്ന ഒരു വാഹനം പട്രോളിങ്ങ് നടത്തുന്നത് കണ്ടു. ഈ വാഹനം റോഡുകളില്‍ നിന്ന് മഞ്ഞു നീക്കം ചെയ്യുകയും കട്ടിമഞ്ഞുവീണ് ഐസ് പാളികള്‍ രൂപപ്പെടുന്ന ഇടങ്ങളില്‍ ഗ്രിപ്പുനഷ്ടപ്പെടുത്താതിരിക്കാന്‍ വളരെച്ചെറിയ കരിങ്കല്‍ച്ചീളുകള്‍ പോലുള്ള ഒരു സാധനം വിതറുകയും ചെയ്തുകൊണ്ടിരിക്കും. അത്തരം ഭാഗങ്ങളിലൂടെ പോവുമ്പോള്‍ നാട്ടില്‍ പുതുതായി ടാര്‍ചെയ്ത ഉടനേ റോട്ടില്‍കൂടെ പോവുമ്പോള്‍ ഉണ്ടാവുന്നപോലെയുള്ള ഒരു കിരുകിരുപ്പ് നമുക്ക് അനുഭവപ്പെടും. ചിലര്‍ അങ്ങനത്തെ കിരുകിരുപ്പിനെ ചാടിക്കയറി നൊസ്റ്റാള്‍ജിയ എന്നൊക്കെ വിളിച്ചുകളയും. തല്‍ക്കാലം നമുക്കതിനെ ചരലിനു മുകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുന്ന ഉരസല്‍ശ്ശബ്ദങ്ങളായിത്തന്നെ കണക്കാക്കാം.
സമയം വൈകീട്ട് ആറരയാവുന്നതേ ഉള്ളൂവെങ്കിലും പതിനൊന്നിന്റെ പ്രതീതിയാണ്. കാലത്ത് കാണാം എന്നു പറഞ്ഞ് കൂടെ വന്നവര്‍ യാത്രയായി.
ആദ്യദിവസം എന്റെ താമസം ഒരു ഹോട്ടലിലാണ് ഏര്‍പ്പാടാക്കിയിരുന്നത്.
തലേ ദിവസം വൈകീട്ട് മൂന്നു മണിക്ക് തുടങ്ങിയ യാത്രയാണ്. ഏഴായിരം കിലോമീറ്റര്‍ യാത്രയുടെ ആലസ്യം തീര്‍ക്കാനുണ്ട്. കുളിക്കുവാന്‍ പോലും നില്‍ക്കാതെ ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു.
(തുടരും)