ന്യൂദല്‍ഹി: അയോധ്യയില്‍ പുതുതായി നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കവെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ലാന്‍ഡ് ഓഫ് രാവണ ഹാഷ് ടാഗ്. ബാബരിസിന്ദാഹേ, ജയ്ശ്രീറാം, രാംമന്ദിര്‍ തുടങ്ങിയ ട്വീറ്റുകളാണ് ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതിന് തൊട്ടുപിന്നിലാണ് ലാന്‍ഡ് ഓഫ് രാവണ ഹാഷ് ടാഗ്.
രാമനിവിടെയുണ്ടെങ്കില്‍ രാവണനുമുണ്ട്, ലാന്‍ഡ് ഓഫ് രാവണ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആകുന്നത് വ്യക്തമാക്കുന്നത് നീതിയ്ക്ക് വേണ്ടി പോരാടുന്ന ആളുകള്‍ ഇവിടെയുണ്ട് എന്നത് തന്നെയാണ്, രാവണന്‍ നമ്മുടെ പൂര്‍വ്വികനാണ്, ഒരു സ്ത്രീയെ എങ്ങിനെ ബഹുമാനിക്കണമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത രാജാവാണ് രാവണന്‍ തുടങ്ങി രാവണനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ലാന്‍ഡ് ഓഫ് രാവണ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്യുന്നത്. പെരിയാറിന്റെ ആശയങ്ങളും ഈ ഹാഷ് ടാഗില്‍ പലരും ട്വീറ്റ് ചെയ്യുന്നുണ്ട്.ക്യാമ്പയിനിനെതിരെ വിമര്‍ശനവുമായും നിരവധി പേര്‍ ട്വിറ്ററില്‍ ഇതേ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജ ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ബി.ജെ.പി യുടെ പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ ഓണ്‍ലൈനായാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.