ഗ്രാമപഞ്ചായത്തില്‍ 10 സെന്റ് വരെയും നഗരസഭ, മുന്‍സിപാലിറ്റി പരിധിയില്‍ 5 സെന്റുവരെയുമാണ് വയല്‍ നികത്തുന്നതിന് തണ്ണീര്‍ത്തടവയല്‍ സംരക്ഷണ നിയമപ്രകാരമുള്ള അനുമതി. ഈ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദിഗതി കൊണ്ടുവരാന്‍ തിരക്കിട്ട് ശ്രമം നടത്തുന്നത്.
പ്രത്യേക റിപ്പോര്‍ട്ട് / ദര്‍ശന കെ.ജെ
[] കൊച്ചി: കൊച്ചി മെട്രോയുടെ മറവില്‍ നടക്കുന്നത് വന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം. മെട്രോക്കായി ആലുവ മുതല്‍ കളമശ്ശേരി വരെയുള്ള സ്ഥലങ്ങളില്‍ ഇതുവരെയായി നികത്തിയത് 300 ഏക്കറോളം വരുന്ന നെല്‍വയലുകളാണ്. ഗ്രാമപഞ്ചായത്തിന്റെയോ പ്രാദേശിക നിരീക്ഷണ സമിതിയുടെയോ അനുമതിയില്ലാതെ തികച്ചും നിയമവിരുദ്ധമായാണ് ഈ വയല്‍ നികത്തല്‍ നടക്കുന്നത്. ഇങ്ങനെ നികത്തിയെടുത്ത വയലുകള്‍ക്ക് 4500 കോടിയോളം രൂപ വരുമെന്ന് നാട്ടുകാര്‍ പറയുന്നു.
മെട്രോ യാര്‍ഡ് നിര്‍മ്മാണത്തിന് 40 ഏക്കര്‍ ഭൂമി മതിയാവുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിനായി 300 ഏക്കറോളം വയലാണ് നികത്തുന്നത്. 500ലധികം ലോറികള്‍ ഇതിനായി രാത്രയെന്നോ പകലെന്നോ ഇല്ലാതെ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. പാടശേഖരങ്ങള്‍ മാത്രമല്ല എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അരക്കപടി, കിഴക്കമ്പലം, പട്ടിമറ്റം എന്നീ പ്രദേശങ്ങളിലെ കുന്നുകളും ഏകദേശം നശിച്ചുകൊണ്ടിരിക്കുകയാണ്.
300 ഏക്കര്‍ പാടം നികത്താന്‍ വേണ്ടി വന്നത് ഏകദേശം 114 ലക്ഷം ടണ്‍ മണ്ണാണ്. ഇത്രയധികം മണ്ണ് എവിടെ നിന്നാണ് കൊണ്ടുവരുന്നത്? തണ്ണീര്‍ടത്തട നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം നെല്‍വയലുകള്‍ നികത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഇതിന് പ്രദേശിക സമിതിയുടെ അനുമതിയും വേണം. ഇതെല്ലാം മറികടന്നാണ് വയല്‍ നികത്തില്‍ തകൃതിയായി നടക്കുന്നത്.
നിയമ ഭേദഗതി
ഗ്രാമപഞ്ചായത്തില്‍ 10 സെന്റ് വരെയും നഗരസഭ, മുന്‍സിപാലിറ്റി പരിധിയില്‍ 5 സെന്റുവരെയുമാണ് വയല്‍ നികത്തുന്നതിന് തണ്ണീര്‍ത്തടവയല്‍ സംരക്ഷണ നിയമപ്രകാരമുള്ള അനുമതി. ഈ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദിഗതി കൊണ്ടുവരാന്‍ തിരക്കിട്ട് ശ്രമം നടത്തുന്നത്. നിയവിരുദ്ധമായ ഈ വയല്‍ നികത്തലിനെ ചോദ്യം ചെയ്ത് ചില സാമൂഹിക പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ ധൃതി പിടിച്ചുള്ള ഈ നീക്കം.
ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്. പുതിയ ഭേദഗതി കൊണ്ടുവന്നാല്‍ പണം നല്‍കുന്ന ആര്‍ക്കും വയല്‍ നികത്താം എന്ന സ്ഥിതിയാവും. ഒരു നിശ്ചിത തുക നല്‍കിയാല്‍ സ്വകാര്യ ഏജന്‍സികള്‍ക്കും വയല്‍ നികത്താന്‍ കഴിയും. ഈ തുക സൂക്ഷിക്കാന്‍ ഭക്ഷ്യ സുരക്ഷ എന്നൊരു ഫണ്ടുമുണ്ട്.
തണ്ണീര്‍ത്തടം നികത്താം എന്നതാണ് നിമയത്തിലുണ്ടാകാന്‍ പോവുന്ന മറ്റൊരു ഭേദഗതി. നിലവിലെ നിയമത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍ണ്ണമായും നികത്താനേ പാടില്ലാ എന്നാണുള്ളത്. ഇതെല്ലാം ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളാണുണ്ടാക്കുകയെന്നത് വ്യക്തം. എന്നാല്‍ സമീപവാസികളായ ജനങ്ങളെ പാടെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. മെട്രോയാണ് കൊച്ചിയുടെ വികസനം എന്ന തരത്തിലാണ് അവര്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്രൊമോഷന്‍
മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലൂടെയും ഇതിന് വേണ്ടി വലിയ തരത്തില്‍ തന്നെ പ്രചരണം നടക്കുന്നുമുണ്ട്. പ്രമുഖ പത്രങ്ങളായ മലയാള മനോരമയ്ക്കും മാതൃഭൂമിക്കുമൊപ്പം വരുന്ന മെട്രോ എന്ന പേരിലിറങ്ങുന്ന സപ്ലിമെന്‍കരുകളിലും മെട്രോയുടെ വികസനസാധ്യതകള്‍ മാത്രമാണ് വിഷയം.
മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും വിവരണങ്ങളുമായി കൊച്ചിക്ക് മെട്രോ എന്ന പേരില്‍ തന്നെ ഒരു ഫേസ്ബുക്ക് പേജുമുണ്ട്. ദിവസവും ഒരു കൂട്ടം ക്യാമറാമാന്മാര്‍ ചേര്‍ന്ന് ഫോട്ടോകളെടുത്ത് അത് ഫേസ്ബുക്കിലിട്ട് നല്ല രീതിയില്‍ തന്നെ പ്രൊമോഷന്‍ നടത്തുകയാണ്.
അതേ സമയം മതിയായ പരിസ്ഥിതി പഠനങ്ങളോ ഒന്നും നടത്താതെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം നടക്കുന്നത്. ജപ്പാനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രായോഗികമല്ലെന്ന് കണ്ട് തള്ളിയ പദ്ധതിയാണ് സര്‍ക്കാര്‍ കൊച്ചിമെട്രോയ്ക്കായി നടപ്പിലാക്കാന്‍ പോകുന്നത്.