[] കൊച്ചി: എം.എം. ലോറന്‍സിന്റെ ബന്ധു കൈയേറിയ ഭൂമി ഒഴിപ്പിക്കുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിയമ നടപടികള്‍ തുടങ്ങി. കൊച്ചി തുറമുഖത്തിന്റെ പരിധിയില്‍ വരുന്ന പൊന്നാരിമംഗലത്താണ് ഭൂമി കൈയ്യേറിയത്.
കണ്ടെയ്‌നര്‍ റോഡിനോട് ചേര്‍ന്ന് പോര്‍ട്ടിന്റെ അധീനതയിലുള്ള കായല്‍ നികത്തി റോഡ് നിര്‍മിച്ചതിനെതിരെയാണ് പോര്‍ട്ട് നടപടി സ്വീകരിച്ചത്. []
എം.എം. ലോറന്‍സിന്റെ ബന്ധുവായ ബെട്രന്റ് ബേസിലിന് തുറമുഖ ട്രസ്റ്റ് കഴിഞ്ഞ ജനവരി 10ന് തന്നെ ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു.
പോര്‍ട്ട് ട്രസ്റ്റിന്റെ പരിശോധനാ സംഘം നേരിട്ടെത്തി, അനധികൃത കൈയേറ്റം നീക്കണമെന്ന് ആവശ്യപ്പെട്ടു വെങ്കിലും അതനുസരിക്കാതിരുന്നതിനാലാണ് ജനവരിയില്‍ പോര്‍ട്ട് ട്രസ്റ്റ് കത്തയച്ചതെന്നാണ് പറയുന്നത്.
ഏഴു ദിവസത്തിനകം കൈയേറ്റം നീക്കണമെന്നാണ് ബെട്രന്റ് ബേസിലിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. സമയപരിധിക്കു മുമ്പ് ഒഴിവായില്ലെങ്കില്‍, കൈയേറ്റക്കാരുടെ ചെലവില്‍ പോര്‍ട്ട് ട്രസ്റ്റ് തന്നെ അവ നീക്കം ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 30ന് പോര്‍ട്ട് ട്രസ്റ്റിന്റെ എസ്‌റ്റേറ്റ് ഓഫീസര്‍ വീണ്ടും നടപടിക്ക് നോട്ടീസ് നല്‍കി. മെയ് 24ന് മുമ്പ് കൈയേറ്റം ഒഴിവാക്കണമെന്ന് അന്ത്യശാസനയും നല്‍കി.
ബുധനാഴ്ച ചേര്‍ന്ന പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ബഹളത്തിനിടയാക്കി. തുറമുഖ ട്രസ്റ്റിന്റെ ഭൂമി കൈയേറിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സി.പി.എസ്.എ. വര്‍ക്കിങ് പ്രസിഡന്റും ലേബര്‍ ട്രസ്റ്റിയുമായ പി.എം. മുഹമ്മദ് ഹനീഫയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.
തുറമുഖ ഭൂമിയിലെ കൈയേറ്റക്കാര്‍ക്കെതിരെ പോര്‍ട്ട്ട്രസ്റ്റ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന രേഖകള്‍ ബോര്‍ഡംഗങ്ങള്‍ക്ക് നല്‍കി. കൈയേറ്റങ്ങള്‍ ഒഴിവാക്കുവാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.