കോഴിക്കോട്: വര്‍ക്കലയിലെ ഭൂമി ഇടപാടില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ദിവ്യ എസ് അയ്യരെ തദ്ദേശ സ്വയം വരണ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്.
ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജിലെ ഒരു കോടിയോളം രൂപ മതിപ്പ് വിലയുള്ള 27 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കളക്ടറുടെ ഉത്തരവ് പ്രകാരം തിരികെ ലഭിച്ചത്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു.
ഭൂമി ഒഴിപ്പിച്ച് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാനായി വകയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൈയേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും സബ്കളക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള വിധി നേടുകയും ചെയ്തു. ഇതനുസരിച്ചാണ് കളക്ടര്‍ സ്ഥലം കൈയേറ്റക്കാരന് തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിനെതിരെ സ്ഥലം എം.എല്‍.എ വി. ജോയി, പഞ്ചായത്ത് സമിതി നേതാക്കള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കും ലാന്‍ഡ് റെവന്യു കമ്മീഷണര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.