കൊച്ചി: കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ച രീതിക്കെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അപ്പീല്‍ പരിഗണിച്ചതെന്നാണ് പരാതി. ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയിരിക്കുന്നത്.
അച്യുതാനന്ദന് അനുകൂലമായി വന്ന സിംഗിള്‍ ബെഞ്ച് വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി അപ്പീലിന് കൂടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ചില്ല, വിധി പകര്‍പ്പിന്റെ മലയാള പരിഭാഷ ഉണ്ടാകണമെന്ന ചട്ടം പാലിച്ചില്ല, അവ്യക്തമായതും പല ഭാഗങ്ങളും വ്യക്തമല്ലാത്തതുമായ വിധിപകര്‍പ്പാണ് സമര്‍പ്പിച്ചത്. ഈ പോരായ്മകളെല്ലാം രജിസ്റ്റാര്‍ ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു എന്നാണ് പരാതി.[]
ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണ് അപ്പീല്‍ സ്വീകരിച്ചതെങ്കില്‍ തുടര്‍ വാദങ്ങളില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കണമെന്നും ലോയേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ പുറപ്പെടുവിച്ചത്.
കേസില്‍ വേണ്ടത്ര വാദം കേള്‍ക്കാതെയാണ് കേസ് റദ്ദാക്കിയതെന്ന നിരീക്ഷണത്തോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സ്‌റ്റേ പുറപ്പെടുവിച്ചത്.
വി.എസിനെതിരെ കുറ്റപത്രം നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കിയ നടപടി കേസ് ഡയറി പരിശോധിക്കാതെയാണെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വി.എസിനെ പ്രതിപ്പട്ടികയില്‍ നിന്നും സിംഗിള്‍ ബെഞ്ച് ഒഴിവാക്കിയത്. ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. വി.എസിനെ പ്രതിസ്ഥാനത്ത് നിന്നും ഹൈക്കോടതി ഒഴിവാക്കിയിരുന്നു. വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന വി.എസിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
അതേസമയം, അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.കെ സോമനും വി.എസ്സിന്റെ പി.എ സുരേഷ് കുമാറും സമര്‍പ്പിച്ച ഹരജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുക.
നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കേസ് നീട്ടി വെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.
കേസില്‍ വി.എസ്സിന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാല്‍ തെളിവുണ്ടെന്നാണ് സര്‍ക്കാറിന്റെ വാദം.