| Thursday, 16th July 2015, 8:17 am

ഭൂമി ഏറ്റെടുക്കല്‍ ബില്‍ നീട്ടി വെക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കുന്നത് സംബന്ധിച്ച് സമവായം എത്തിയില്ലെന്ന കാരണത്താല്‍ ബില്‍ പരിഗണനക്കെടുക്കുന്നത് വീണ്ടും വൈകും. കഴിഞ്ഞ ദിവസം നടന്ന നിതി ആയോഗ് യോഗത്തിലും ബില്ലിനെതിരെ സ്വരം ഉയര്‍ന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ 13 മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം

കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും വിട്ട് നിന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ എന്നിവര്‍ ബില്ലിനോട് വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.

ബില്ലിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇത് കൂടാതെ ബി.ജെ.പിയുടെ സഖ്യകക്ഷികളായ അകാലിദളും മഹാരാഷ്ട്രയില്‍ ശിവസേനയും ചില സംഘപരിവാര്‍ സംഘടനകളും ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്.

പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ള ബില്ലിലെ അതേ വ്യവസ്ഥകളുള്ള ഓര്‍ഡിനന്‍സ് മോദിസര്‍ക്കാര്‍ ഇതിനകം മൂന്നു തവണ വിജ്ഞാപനം ചെയ്തുകഴിഞ്ഞു. മൂന്നാമത്തെ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞാല്‍ അതു വീണ്ടും വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാര്‍ മുതിരില്ലെന്ന സൂചനയാണു ബിജെപി വൃത്തങ്ങള്‍ നല്‍കുന്നത്.

We use cookies to give you the best possible experience. Learn more