പോസ്‌കോ: സ്ഥലമെടുപ്പിനായി പോലീസ് അതിക്രമം
India
പോസ്‌കോ: സ്ഥലമെടുപ്പിനായി പോലീസ് അതിക്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th February 2013, 12:00 am

ഓഡീഷ: പോസ്‌കോ സ്റ്റീല്‍ പ്ലാന്റിനായി പോലീസിന്റെ അതിക്രമം. ജഗദ്‌സിങ്പൂരില്‍ കഴിഞ്ഞ ദിവസം എസ്.പിയും കലക്ടറുമടക്കം 12 ബറ്റാലിയന്‍ പോലീസാണ് ജനങ്ങളെ നേരിടാന്‍ എത്തിയത്.[]

പോലീസ് അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രദേശത്ത് നിന്നും പോലീസ് മരങ്ങളും വെറ്റിലകൃഷിയും നശിപ്പിക്കാന്‍ തുടങ്ങിയതോടെ എതിര്‍ത്ത നാട്ടുകാരെയാണ് പോലീസ് ക്രൂരമായി അടിച്ചമര്‍ത്തിയത്. പോസ്‌കോ സ്റ്റീല്‍ പ്ലാന്റിനെതിരെ ജനാധിപത്യ രീതിയില്‍ സമരം നടത്തുന്ന ജനങ്ങളെ നേരിടാന്‍ 20 ഓളം സേനാവിഭാഗങ്ങളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.

പദ്ധതിക്കായി 700 ഏക്കര്‍ ഭൂമി സ്വന്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പ്രദേശത്തെ കൃഷിയും മറ്റും നശിപ്പിച്ച് സ്ഥലം സ്വന്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2000 ഏക്കര്‍ നേരത്തേ സ്വന്തമാക്കിയതിന് പിറകേയാണിത്. 2700 ഏക്കര്‍ ഭൂമിയാണ് പ്രസ്തുത പദ്ധതിക്കായി ആവശ്യമായ ഭൂമി. പ്രതിവര്‍ഷം 8 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് നിര്‍ദ്ദിഷ്ട പദ്ധതി.

ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ മരങ്ങളും വെറ്റിലകൃഷിയും നശിപ്പിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലീസ് ലാത്തി ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 14 തിങ്കളാഴ്ച്ച നിര്‍ദ്ദിഷ്ട പദ്ധതിക്കെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഭൂമി ഏറ്റെടുക്കലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രകടനം നടത്തിയിരുന്നു. പ്രദേശവാസികള്‍ പോസ്‌കോയ്‌ക്കെതിരെ നടത്തിവരുന്ന സമരം ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പദ്ധതി നിലവില്‍ വരുന്നതോടെ 700 ഏക്കറോളം വരുന്ന വനഭൂമിയും 26 വെറ്റിലപ്പാടവും ഇല്ലാതാവും ഇത് ആദിവാസികളെയും കര്‍ഷകരെയും ദുരിതത്തിലാക്കും.

ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ കമ്പനിയായ പോസ്‌കോയ്ക്ക് പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് അനുമതി നല്‍കിയിരുന്നു.

ഒറീസയിലെ ധിനിക ഗോവിന്ദ്പൂര്‍ എന്നീ ആദിവാസി മേഖലകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് പോസ്‌കോ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ കമ്പനി സ്ഥാപിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിയിരുന്നു. വനഭൂമി നശിപ്പിക്കപ്പിക്കുന്നതിനെതിരെ ഏറെ നാളായി ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നുവരികയാണ്.

പോസ്‌കോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ഗ്രാമങ്ങളില്‍ താമസിക്കുന്ന 30,000 ഓളം ആദിവാസികള്‍ക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടപ്പെടും.

പ്ലാന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആകെ 4004 ഏക്കര്‍ ഭൂമിയാണ് ആവശ്യം. സര്‍ക്കാരും കമ്പനിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം 3566 ഏക്കര്‍ വന ഭൂമിയാണ്. ബാക്കിയുള്ള 438 ഏക്കര്‍ ഭൂമി സ്ഥലവാസികളായ ആദിവാസി കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു.