|

ദക്ഷിണാഫ്രിക്കയിലെ ഭൂമി കൈയേറ്റനിയമം; യു.എസ് പ്രചരണങ്ങളില്‍ വസ്തുതയില്ല: സിറില്‍ റമഫോസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്പ്ടൗണ്‍: സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള യു.എസ് തീരുമാനത്തില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. രാജ്യത്ത് നടപ്പിലാക്കിയ പുതിയ ഭൂമി കൈയേറ്റ നിയമത്തെ സംബന്ധിച്ച യു.എസിന്റെ പ്രചരണങ്ങളില്‍ ആശങ്കയുണ്ടെന്ന് റമഫോസ പറഞ്ഞു.

വര്‍ണവിവേചനത്തിന്റെ മുന്‍കാല അനീതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഇറാനുമായുള്ള അടുത്ത ബന്ധം, ഇസ്രഈലിനെതിരായ വംശഹത്യാ കേസ്, ഭൂമി കൈയേറ്റ നിയമം എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ദക്ഷിണാഫ്രിക്കക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ വെള്ളിയാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.

ഇതിനുപിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. യു.എസിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും രാജ്യത്തിന്റെ ചരിത്രം തിരിച്ചറിയുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

തെറ്റിദ്ധാരണങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ അവയ്ക്ക് പരിഹാരം കാണാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.

പുതിയ നിയമം ന്യായവും തുല്യതയും പൊതുതാത്പര്യവുമുള്ള സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം കൂടാതെ ഭൂമി കൈയേറ്റം ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും ദക്ഷിണാഫ്രിക്ക പറഞ്ഞു. ഇത് ഭൂവുസമസ്ഥതയിലെ അസമത്വം ലഘൂകരിക്കുന്നതിനും വിവേചനം തടയുന്നതിനും സഹായകമാകുമെന്നും സിറില്‍ റമഫോസ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഭൂമി ഒരു സെന്‍സിറ്റിവ് വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദക്ഷിണാഫ്രിക്കയിലെ ഭൂരിഭാഗം പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥത വെള്ളക്കാരായ ആഫ്രിക്കന്‍ പൗരന്മാരാണ് കൈയാളുന്നത്. രാജ്യത്തെ വാണിജ്യ ഫാമുകളും വ്യാവസായിക കേന്ദ്രങ്ങളും നിയന്ത്രിക്കുന്നത് വെള്ളക്കാരാണ്. പ്രത്യേകിച്ച് ഡച്ചുകാരായ കുടിയേറ്റക്കാര്‍.

ദക്ഷിണാഫ്രിക്ക സ്വതന്ത്രമാകുന്നതിന് മുമ്പ്, അന്നത്തെ വംശീയ നയങ്ങളുടെ അടിസ്ഥാനത്തില്‍ കറുത്തവര്‍ഗക്കാരെ അവരുടെ സ്വന്തം ഭൂമികളില്‍ നിന്ന് വെള്ളക്കാര്‍ ബലംപ്രയോഗിച്ച് പുറത്താക്കിയിരുന്നു. ഈ ഭൂമികളില്‍ ഭൂരിഭാഗവും ഇപ്പോഴും നിയന്ത്രിക്കുന്നത് വെളുത്ത വര്‍ഗക്കാരാണ്.

ഈ പശ്ചാത്തലത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഒപ്പുവെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിന്റെ ഇരകളാണ് വെളുത്ത വര്‍ഗക്കാരെന്നാണ് ട്രംപിന്റെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ വംശജനുമായ ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നത്.

സമാനമായ അവകാശവാദം ഉന്നയിച്ചാണ് യു.എസും ദക്ഷിണാഫ്രിക്കക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വംശീയ വിവേചനത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കുമെന്ന് യു.എസിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlight: Land Acquisition Act in South Africa; No facts in US propaganda: Cyril Ramaphosa

Video Stories