Advertisement
World News
കൊവിഡ് വൈറസ് വന്നത് യു.എസ്. ലാബുകളില്‍ നിന്നാകാമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്; വാര്‍ത്തയാക്കാതെ രാജ്യാന്തര മാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 17, 12:02 pm
Saturday, 17th September 2022, 5:32 pm

വാഷിങ്ടണ്‍: യു.എസിലെ ലാബില്‍ നിന്നും ചോര്‍ന്ന രോഗാണുവില്‍ നിന്നാകാം ലോകത്ത് കൊവിഡ്-19 ഉത്ഭവിച്ചതെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2020 ജൂലൈയില്‍ ലാന്‍സെറ്റ് രൂപീകരിച്ച കമ്മീഷന്‍ രണ്ട് വര്‍ഷമായി നടത്തിയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 58 പേജുള്ള വിശകലന റിപ്പോര്‍ട്ടില്‍, കൊവിഡ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത് മുതല്‍ വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും സ്വീകരിച്ച നടപടികളും വാക്‌സിന്‍ നിര്‍മാണ പ്രക്രിയയുമെല്ലാം വിശദമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടിലാണ് യു.എസ്. ലാബില്‍ നടന്ന പരീക്ഷണങ്ങളില്‍ സംഭവിച്ച പിഴവോ, സ്വാഭാവികമായി സംഭവിച്ച സ്പില്‍ ഓവറോ ആകാം സാര്‍സ്-കൊവിഡ്-2 എന്ന വകഭേദം ലോകത്തില്‍ പടരാന്‍ കാരണമെന്ന് പറയുന്നത്. അമേരിക്കന്‍ ഗവേഷകര്‍ക്ക് ഇതില്‍ കുറ്റകരമായ പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വതന്ത്ര ഗവേഷകര്‍ ഇതുവരെ യു.എസ്. ലാബുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്നും അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് പഠനം നടത്തിയെങ്കിലും പല വിവരങ്ങളും പുറത്തുവിടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലാബ് പരീക്ഷണങ്ങളില്‍ കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഈ അനുമാനങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനോട് ലാന്‍സെറ്റ് ആവശ്യപ്പെടുന്നുണ്ട്.

ഈ വര്‍ഷം തുടക്കത്തില്‍, സ്‌പെയനിലെ മാഡ്രിഡില്‍ വെച്ച് നടന്ന ഒരു കോണ്‍ഫറന്‍സില്‍ വെച്ച് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ കമ്മീഷന്റെ ചെയര്‍പേഴ്‌സണായ പ്രൊഫ. ജെഫ്രി സാച്ചസ് കൊവിഡ് വൈറസ് യു.എസ് ലാബുകളിലാണ് രൂപപ്പെട്ടതെന്ന കാര്യം തനിക്ക് ഏകദേശം ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ യു.എസ്. ലാബുകള്‍ക്കെതിരെ ലോകത്തെ പ്രധാന മെഡിക്കല്‍ ജേണലുകളിലൊന്ന് രംഗത്തുവന്നിട്ടും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന രീതിയില്‍ പുറത്തുവന്ന പല അനൗദ്യോഗിക റിപ്പോര്‍ട്ടുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയെ കുറിച്ചുള്ള പരാമര്‍ശങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിച്ചിരിക്കുകയാണെന്നാണ് വിമര്‍ശനം.

മഹാമാരിയെ നേരിടുന്നതില്‍ ആഗോള തലത്തില്‍ വലിയ അപാകതകളുണ്ടായെന്ന് പറയുന്ന ഭാഗമാണ് ഒട്ടുമിക്ക മാധ്യമങ്ങളും തലക്കെട്ടാക്കിയത്. യു.എസ്. ലാബിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിരലിലെണ്ണാവുന്ന മാധ്യമങ്ങള്‍ മാത്രമാണ് വാര്‍ത്തയാക്കിയത്.

ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ടിനെതിരെയും പഠന കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. ജെഫ്രി സാച്ചസിനെതിരെയും വലിയ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളുമാണ് റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നിരിക്കുന്നത്.

ചൈനയെ സഹായിക്കുന്നതാണ് പഠന റിപ്പോര്‍ട്ട് എന്നാണ് അമേരിക്കന്‍ അനുകൂല മാധ്യമങ്ങളുടെ നിലപാട്. സാച്ചസ് സാമ്പത്തിക വിദഗ്ധനാണെന്നും അദ്ദേഹത്തെ കമ്മീഷന്‍ ചെയര്‍മാനാക്കിയത് പോലും വിമര്‍ശനപരമായ നടപടിയാണെന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

കൊവിഡിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് ഈ പുതിയ പരാമര്‍ശങ്ങളെന്നും ഗൂഢാലോചന സിദ്ധാന്തക്കാരെയും വാക്‌സിന്‍ വിരുദ്ധ മാഫിയയെയുമാണ് ഇത് സഹായിക്കുന്നതെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു.

ചൈനയിലെയും അമേരിക്കയിലെയും ലാബുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊവിഡിനെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ ചിലര്‍ ആശങ്കപ്പെടുന്നത്.

യു.എസിലെ വാക്‌സിന്‍ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രധാനികളിലൊരാളായ റോബര്‍ട്ട് എഫ്. കെന്നഡിയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി സാച്ചസ് പങ്കെടുത്തത് കഴിഞ്ഞ ദിവസം വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ പോഡ്കാസ്റ്റില്‍ പങ്കെടുത്തതിലൂടെ ലാന്‍സെറ്റ് കമ്മീഷന്റെ ഉദ്ദേശലക്ഷ്യത്തെ പോലും സാച്ചസ് നിരാകരിക്കുയാണെന്ന് വാക്‌സിന്‍ ആന്റ് ഇന്‍ഫെക്ഷ്യന്‍സ് ഡിസീസസ് ഓര്‍ഗനൈസേഷനിലെ വൈറോളജിസ്റ്റായ ഏഞ്ചല റാസ്മുസേന്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടായിരുന്ന ഒരു റിപ്പോര്‍ട്ട് കൊവിഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വര്‍ധിപ്പിക്കാന്‍ കൂടി കാരണമാകുന്നുവെന്നത് നിരാശജനകമാണ് എന്നായിരുന്നു ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ വൈറസ് റിസര്‍ച്ച് സെന്ററിലെ പ്രൊഫ. ഡേവിഡ് റോബര്‍ട്ട്‌സണിന്റെ പ്രതികരണം.

ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന കാര്യമാണ് ആദ്യം പരിഗണിക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടിനെതിരെയുള്ള മറ്റു ചിലരുടെ പ്രതിരണം.

Content Highlight: Lancet Commission Report says Covid Virus may have originated from US labs