ലാന്‍സ് ആംസ്‌ട്രോങ് ഒളിമ്പിക് മെഡല്‍ തിരിച്ച് നല്‍കി
DSport
ലാന്‍സ് ആംസ്‌ട്രോങ് ഒളിമ്പിക് മെഡല്‍ തിരിച്ച് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2013, 12:25 pm

[]യു.എസ്:  ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ് തന്റെ ഒളിമ്പിക് മെഡല്‍ തിരിച്ചേല്‍പ്പിച്ചു.

യു.എസ് ഒളിമ്പിക് അധികൃതരെയാണ് ആംസ്‌ട്രോങ് 2000 ഒളിമ്പിക്‌സില്‍ നേടിയ വെങ്കല മെഡല്‍ തിരിച്ച് നല്‍കിയത്. ഉത്തേജ ആരോപണത്തെ തുടര്‍ന്ന് മെഡല്‍ തിരിച്ച് നല്‍കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആംസ്‌ട്രോങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.

ആംസ്‌ട്രോങ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ ആസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു.

അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. 1996ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

2009-2010 കാലത്ത് ആംസ്‌ട്രോങ്ങിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നതിന് ഏജന്‍സിക്ക് തെളിവ് ലഭിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ എല്ലാ ആരോപണങ്ങളും ഇദ്ദേഹം നിഷേധിക്കുകയായിരുന്നു.

രണ്ടുവട്ടം ലോറസ് സ്‌പോര്‍ട്‌സ്മാന്‍ അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് ആംസ്‌ട്രോങ് അര്‍ഹനായിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ രണ്ട് ആത്മകഥകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടക്‌സസിലെ പ്ലാനോയില്‍ ജനിച്ച ആംസ്‌ട്രോങ് 1996 ല്‍ ലോക ഒന്നാം നമ്പര്‍ താരമായതോടൊപ്പം കാന്‍സറിന്റെ വിഷാണുക്കള്‍ ശരീരത്തെ കാര്‍ന്നുതുടങ്ങിയെന്ന സത്യവും വെളിപ്പെട്ടിരുന്നു. പുറംവേദനയിലായിരുന്നു തുടക്കം. വൃഷണത്തെ ബാധിക്കുന്ന കാന്‍സറാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.