ജനീവ: അമേരിക്കന്‍ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പേര് സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളയാന്‍ രാജ്യാന്തര സൈക്ലിങ് യൂണിയന്‍ തീരുമാനിച്ചു.
1999 മുതല്‍ 2005 വരെ കിരീടം ചൂടിയ ലാന്‍സ് ആംസ്‌ട്രോങ്ങിനെതിരെ (41) യു.എസ് ആന്റിഡോപ്പിങ് ഏജന്‍സിയുടെ (യുഎസ്എഡിഎ) റിപ്പോര്‍ട്ട് വന്നതോടെയാണ് സ്‌പോര്‍ട്‌സ് ചരിത്രത്തില്‍നിന്ന് തന്നെ ആ പേര് മായ്ക്കാന്‍ യു.സി.ഐ തീരുമാനിച്ചത്.[]
യു.സി.ഐ തീരുമാനത്തോടെ ആംസ്‌ട്രോങ്ങിന്റെ കിരീടങ്ങള്‍ അഴിച്ചുമാറ്റാന്‍ ടൂര്‍ ദെ ഫ്രാന്‍സിന്റെ സംഘാടകര്‍ക്ക് ഔദ്യോഗികമായി അവസരമൊരുങ്ങി.
യു.എസ്.എ.ഡി.എ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെന്നും അപ്പീല്‍ പോകില്ലെന്നും യു.സി.ഐ പ്രസിഡന്റ് പാറ്റ് മക്വയിഡ് പ്രഖ്യാപിച്ചു.
ലാന്‍സ് ചാമ്പ്യനായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷങ്ങളില്‍ പകരം ജേതാവിനെ പ്രഖ്യാപിക്കില്ലെന്നും ആ സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നുമാണു ടൂര്‍ ദെ ഫ്രാന്‍സിന്റെ ഡയറക്ടര്‍ ക്രിസ്റ്റിയന്‍ പ്രുധോം അറിയിച്ചു.
കായികരംഗം കണ്ട അത്യാധുനികവും സാങ്കേതികത്തികവോടുകൂടിയതും വിജയകരവുമായ ഉത്തേജകമരുന്നു പ്രയോഗത്തിനു ചുക്കാന്‍ പിടിച്ച ആംസ്‌ട്രോങ്ങിനെ അയോഗ്യനാക്കണമെന്നായിരുന്നു 200 പേജുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ച് അപ്പീല്‍ പോകാതിരിക്കാനാണ് ആംസ്‌ട്രോങ്ങിന്റെ തീരുമാനം. ടീമിന്റെ മുന്‍ ഡയറക്ടര്‍ ജൊഹാന്‍ ബ്രയ്‌നീലും ആരോപണവിധേയനാണ്. ആംസ്‌ട്രോങ്ങിനെതിരെ നിയമനടപടിയും അധികം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്.