അൻസു ഫാറ്റിയുടെയും ഗാവിയുടെയും റെക്കോർഡ് മറികടന്ന് പതിനാറുകാരൻ
യുവേഫ യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ സ്പാനിഷ് ടീമിന് ഏഴു ഗോളിന്റെ ത്രസിപ്പിക്കുന്ന വിജയം. ജോര്‍ജിയയെയാണ് സ്‌പെയിന്‍ ഗോള്‍ മഴയില്‍ മുക്കിയത്.
സ്പാനിഷ് താരം ലാമിന്‍ യമാല്‍ എന്ന പതിനാറുകാരന്‍ പുതു ചരിത്രമാണ് ഈ മത്സരത്തില്‍ സൃഷ്ടിച്ചത്. സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് യമാല്‍. മത്സരത്തിന്റെ 74 ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍.
സ്‌പെയിന്‍ താരങ്ങളായ അന്‍സു ഫാറ്റിയുടെയും ഗാവിയുടെയും റെക്കോര്‍ഡ് ആണ് ഈ യുവതാരം മറികടന്നത്. ഗാവി 18 വയസ്സിലും, അന്‍സു ഫാറ്റി 17 വയസ്സിലും ആണ് സ്‌പെയിനിന് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്. ഈ റെക്കോര്‍ഡ് ആണ് ഈ പതിനാറുകാരന്‍ മറികടന്നത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
മത്സരശേഷം താരം തന്റെ സന്തോഷം പങ്കുവെച്ചു.
‘എന്റെ അരങ്ങേറ്റത്തിലും എന്റെ ലക്ഷ്യത്തിലും ഞാന്‍ സന്തോഷവാനാണ്, ഇതൊരു സ്വപ്നമാണ്, ഞാനിപ്പോള്‍ ഒരു സ്വപ്നത്തിലാണ് ജീവിക്കുന്നത്. എനിക്ക് ആത്മവിശ്വാസം തന്ന എന്റെ ടീമംഗങ്ങളോടും കോച്ചിനോടും ഈ വഴികളിലൂടെ വരാന്‍ എന്നെ സഹായിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു’ സ്പാനിഷ് മാധ്യമമായ ടെലിഡെപോര്‍ട്ടിനോട് യമാല്‍ പറഞ്ഞു.
മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് താരം അല്‍വാരോ മൊറാട്ട ഹാട്രിക് നേടി ശ്രദ്ധനേടി. മത്സരത്തിന്റെ 22 , 40 , 65 മിനിട്ടുകളില്‍ ആയിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. ഡാനി ഓല്‍മോ, നിക്കോ വില്യംസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍, ജോര്‍ജിയന്‍ താരം സോളമന്‍ ക്വിര്‍ക്ക്വെലി ഓണ്‍ ഗോളും നേടി. ജോര്‍ജി ചക്വെറ്റാഡ്‌സെന്‌റേയുടെ വകയായിരുന്നു ജോര്‍ജിയയുടെ ഏകഗോള്‍.
സെപ്റ്റംബര്‍ 13 ന് സൈപ്രസിനെതിരെയാണ് സ്‌പെയിനിന്റെ അടുത്ത മത്സരം.
Content Highlight : Lamine Yamal become the youngest goal scorer for Spain national team