എന്നെ മെസിയുമായി താരതമ്യം ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല: ബാഴ്സ സൂപ്പർതാരം
Football
എന്നെ മെസിയുമായി താരതമ്യം ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല: ബാഴ്സ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 12:19 pm

2024 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനി പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ടിരുന്നു. പട്ടികയില്‍ സ്പാനിഷ് യുവതാരം ലാമിനെ യമാലും ഇടം നേടിയിരുന്നു.

ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയതിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് യമാല്‍ സംസാരിച്ചു.

മെസിയുമായി ആളുകള്‍ തന്നെ താരതമ്യം ചെയ്യുന്നതില്‍ ശ്രദ്ധ നല്‍കുന്നില്ലെന്നാണ് സ്പാനിഷ് യുവതാരം പറഞ്ഞത്. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യമാല്‍.

‘എന്നെ സംബന്ധിച്ചിടത്തോളം ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് ഇപ്പോഴുള്ള പ്രകടനങ്ങള്‍ നിലനിര്‍ത്തി മികച്ച ഒരു കരിയര്‍ നേടിയെടുക്കുക എന്നതാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഞാന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയത് കൊണ്ടാണെന്ന് കരുതുന്നു. പക്ഷേ ഞാന്‍ എപ്പോഴും ഞാനായിരിക്കാനാണ് ശ്രമിക്കുന്നത്,’ യമാല്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്‌പെയ്‌നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്.

യൂറോകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്‌പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.

നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് വേണ്ടിയാണ് യമാല്‍ കളിക്കുന്നത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിന്റെ കീഴില്‍ സ്പാനിഷ് ലീഗില്‍ സ്വപ്നതുല്യമായ കുതിപ്പാണ് ബാഴ്‌സ നടത്തുന്നത്.

സ്പാനിഷ് ലീഗില്‍ നാല് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് യമാല്‍ നേടിയിട്ടുള്ളത്. നിലവില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലും വിജയിച്ചുകൊണ്ട് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്‍മാര്‍.

 

Content Highlight: Lamine Yamal Talks About The Comparison of Lionel Messi With Him