നെയ്മറിന്റെ കളി ശൈലി എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം അദ്ദേഹമാണ്: ലാമിനെ യമാൽ
Cricket
നെയ്മറിന്റെ കളി ശൈലി എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം അദ്ദേഹമാണ്: ലാമിനെ യമാൽ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st September 2024, 6:12 pm

ഫുട്‌ബോളില്‍ താന്‍ ആരാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് സ്പാനിഷ് യുവതാരം ലാമിനെ യമാല്‍. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെയുമാണ് യമാല്‍ പ്രിയപ്പെട്ട താരങ്ങളായി തെരഞ്ഞെടുത്തത്. ജിക്യു സ്‌പോര്‍ട്‌സിന് നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യമാല്‍.

‘എനിക്ക് ഫുട്‌ബോളില്‍ രണ്ട് റോള്‍ മോഡലുകളുണ്ട്. മെസിയും നെയ്മറും. നെയ്മറിനെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ മികച്ച കളി രീതിയാണ്. മെസിയെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹം കളിക്കുന്ന രീതി വളരെ അവിശ്വസിനീയമാണ്. ഫുട്‌ബോളില്‍ കാണാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ ഇടതുകാലുകളില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഫുട്‌ബോളില്‍ മറ്റൊരു താരവും അദ്ദേഹത്തെ പോലെ കളിക്കില്ല,’ ലാമിന്‍ യമാല്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്‌പെയ്‌നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്.

യൂറോകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്‌പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.

നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് വേണ്ടിയാണ് യമാല്‍ കളിക്കുന്നത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിന്റെ കീഴില്‍ സ്പാനിഷ് ലീഗില്‍ സ്വപ്നതുല്യമായ കുതിപ്പാണ് ബാഴ്‌സ നടത്തുന്നത്.

നിലവില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലും വിജയിച്ചുകൊണ്ട് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്‍മാര്‍. ലാ ലിഗയില്‍ സെപ്റ്റംബര്‍ 15ന് ജിറോണക്കെതിരെയാണ് കറ്റാലന്‍മാരുടെ അടുത്ത മത്സരം. ജിറോണയുടെ തട്ടകമായ മോണ്ടില്‍വി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Lamine Yamal Talks About Neymar and Lionel Messi