ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും ഇതിഹാസം താരമായ ആന്‍ഡ്രീസ് ഇനിയേസ്റ്റ അടുത്തിടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായ ഇനിയേസ്റ്റ നേരത്തെ വിരമിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
ഇപ്പോള്‍ ഇനിയേസ്റ്റയെക്കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സയുടെ യുവ താരം ലാമിന് യമാല്‍. ഇനിയേസ്റ്റയും മെസിയും നെയ്മറുമൊക്കെ ഒരുമിച്ച് കളിച്ച കാലം തനിക്ക് ഓര്‍മയുണ്ടെന്നും ഫുട്‌ബോള്‍ തീര്‍ച്ചയായും ഇനിയേസ്റ്റയെ മിസ് ചെയ്യുമെന്നാണ് യമാല്‍ പറഞ്ഞത്.
‘സത്യം പറഞ്ഞാല്‍ 2010 വേള്‍ഡ് കപ്പിലെ ഒന്നും തന്നെ എനിക്ക് ഓര്‍മയില്ല. പക്ഷെ മെസിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ കളിക്കുന്നത് കാണാന്‍ വേണ്ടി ക്യാമ്പ് നൗവിലേക്ക് പോയത് എനിക്ക് ഓര്‍മയുണ്ട്. എല്ലാം വളരെ എളുപ്പമാണ് എന്ന് തോന്നിച്ച ഒരു താരമാണ് ഇനിയേസ്റ്റ. തീര്‍ച്ചയായും ഫുട്‌ബോള്‍ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും,’ ലാമിന് യമാല്‍ പറഞ്ഞു.
ഫുട്‌ബോള്‍ കരിയറില്‍ ഇനിയേസ്റ്റ ഒമ്പത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ട്രോഫികളും ഫിഫയുടെ മൂന്ന് ക്ലബ് ലോകകപ്പുകളും ഏഴ് സ്പാനിഷ് സൂപ്പര്‍ കപ്പുകളും നേടിയിട്ടുണ്ട്.
ബാഴ്‌സലോണക്കൊപ്പം ഐതിഹാസികമായ ഒരു കരിയര്‍ ആണ് താരം ഉയര്‍ത്തിക്കെട്ടിയത്. ബാഴ്സലോണയ്ക്ക് വേണ്ടി 674 മത്സരങ്ങളില്‍ നിന്ന് 135 ഗോളുകളാണ് താരം നേടിയത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 962 മത്സരങ്ങളാണ് ഇനിയേസ്റ്റ കളിച്ചിട്ടുള്ളത്.
Content Highlight: Lamine Yamal Talking About Iniesta