Sports News
ഉറപ്പായും അത് അവരെ വേദനിപ്പിക്കുന്നുണ്ടാകും; ചിരിച്ചുകൊണ്ട് തുറന്നുപറഞ്ഞ് ലാമിന്‍ യമാല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 13, 08:28 am
Friday, 13th September 2024, 1:58 pm

 

ലാ ലീഗ പോയിന്റ് ടേബിളില്‍ ബാഴ്‌സലോണ മുന്നിട്ട് നില്‍ക്കുന്നതില്‍ റയല്‍ മാഡ്രിഡിന് നിരാശയുണ്ടാകുമെന്ന് ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാല്‍. സ്പാനിഷ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് യമാല്‍ തങ്ങളുടെ ചിരവൈരികള്‍ക്കെതിരെ സംസാരിച്ചത്.

‘നിങ്ങള്‍ (ബാഴ്‌സലോണ) പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അവരെ വേദനിപ്പിക്കുന്നുണ്ടാകുമോ’ എന്ന ഇന്റര്‍വ്യൂവറുടെ ചോദ്യത്തിന് ‘ഞങ്ങള്‍ ടേബില്‍ ടോപ്പേഴ്‌സായി നില്‍ക്കുന്നത് അവര്‍ക്ക് വേദനുയുണ്ടാകും’ എന്ന മറുപടിയാണ് ചിരിച്ചുകൊണ്ട് യമാല്‍ നല്‍കിയത്.

കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ചാണ് ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. വല്ലാഡോലിഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളിനാണ് കറ്റാലന്‍മാര്‍ വിജയിച്ചുകയറിയത്.

ലൂയീസ് കൊമ്പാനി ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റഫീന്യ ബ്ലൂഗ്രാനക്കായി ഹാട്രിക് നേടിയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ജൂള്‍സ് കൗണ്ടേ, ഡാനി ഓല്‍മോ, ഫെറാന്‍ ടോറസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

എതിരിലാളികളുടെ വലയിലേക്ക് 13 ഗോള്‍ തൊടുത്തുവിട്ടപ്പോള്‍ മൂന്ന് ഗോള്‍ മാത്രമാണ് തിരികെ വാങ്ങിയത്. നിലവില്‍ 12 പോയിന്റോടെയാണ് കറ്റാലന്‍മാര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സീസണില്‍ യമാലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്നും ഒരു ഗോള്‍ നേടിയപ്പോള്‍ നാല് തവണയാണ് സഹതാരങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം സ്പാനിഷ് യുവതാരം സൃഷ്ടിച്ചത്.

എന്നാല്‍ നാല് മത്സരത്തില്‍ നിന്നു രണ്ട് ജയവും രണ്ട് സമനലിയുമാണ് ലോസ് ബ്ലാങ്കോസിനുള്ളത്. ആദ്യ മത്സരത്തില്‍ മല്ലോര്‍ക്കക്കെതിരെയും മൂന്നാം മത്സരത്തില്‍ ലാസ് പാല്‍മാസിനെതിരെയും സമനില വഴങ്ങിയ മാഡ്രിഡ് വല്ലാഡോലിഡിനോടും റയല്‍ ബെറ്റിസിനോടുമാണ് വിജയിച്ചത്.

സെപ്റ്റംബര്‍ 15നാണ് റയല്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. അനൂറ്റ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ റയല്‍ സോസിഡാഡാണ് എതിരാളികള്‍.

അതേ ദിവസം തന്നെ എതിരാളികളുടെ തട്ടകത്തില്‍ ബാഴ്‌സലോണയും തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങും. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ജിറോണയാണ് എതിരാളികള്‍.

 

Content highlight: Lamine Yamal says Real Madrid will be in pain as Barcelona lead the points table