ലാ ലിഗയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡിട്ടിരിട്ടിരിക്കുകയാണ് ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമല്‍.
ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്കായി സ്‌കോര്‍ ചെയ്തതോടെ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയാണ് യമല്‍ പേരിലാക്കിയിരിക്കുന്നത്. ഗ്രനാഡിനെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്കായി ആദ്യ ഗോള്‍ നേടിയത് ഈ പതിനാറുകാരനായിരുന്നു.
ബാഴ്‌സലോണക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. അന്താരാഷ്ട്ര മത്സരത്തില്‍ സ്‌പെയിനിന് വേണ്ടി അരങ്ങേറ്റം കുറിച്ച യമല്‍ ദേശീയ ടീമിലും ചരിത്ര നേട്ടം കൊയ്തിരുന്നു.
ജോര്‍ജിയക്കെതിരായ മത്സരത്തില്‍ ദേശീയ ടീമിനുവേണ്ടി ഗോള്‍ നേടിയതോടെ സ്‌പെയ്‌നിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം കൈവരിക്കാനും യമലിന് സാധിച്ചു.
ലാ ലിഗയില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഗ്രനാഡയുമായി സമനില വഴങ്ങിയിരുന്നു. ബാഴ്‌സലോണക്കായി ലാമിന്‍ യമല്‍, സെര്‍ജി റോബേര്‍ട്ടോ എന്നീ താരങ്ങള്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഗ്രനാഡക്കായി ബ്രയാന്‍ സരഗോസ മാര്‍ട്ടിനെസ് ഇരട്ട ഗോള്‍ നേടി.
രണ്ടാം പാദത്തിന്റെ ഇഞ്ച്വറി ടൈമില്‍ ജാവോ കാന്‍സലോയില്‍ നിന്ന് പാസ് സ്വീകരിച്ച ജാവോ ഫെലിക്‌സ് പന്ത് വലയിലെത്തിച്ചിരുന്നു. മത്സരം 3-2ന് ബാഴ്‌സ വിജയിച്ചെന്നുറപ്പിച്ചിടത്ത് നിന്ന് വാര്‍ പരിശോധിച്ച റഫറി ഫെലിക്‌സിന്റെ ഗോള്‍ ഓഫ് സൈഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മത്സരം ആരംഭിച്ച് ഒരു മിനിട്ട് പിന്നിട്ടപ്പോഴാണ് ബ്രയാന്‍ ഗ്രനാഡക്കായി അക്കൗണ്ട് തുറന്നത്. ഗ്രനാഡക്കായി ലീഡെടുത്ത ബ്രയാന്‍ 29ാം മിനിട്ടില്‍ രണ്ടാമത്തെ ഗോളും തൊടുത്തു.
ശക്തമായ പോരാട്ടത്തിനൊടുവില്‍ ആദ്യ പാദം അവസാനിച്ച് ഒരു മിനിട്ട് പിന്നിട്ടപ്പോഴായിരുന്നു യമല്‍ ബാഴ്‌സലോണക്കായി ആദ്യ ഗോള്‍ നേടുന്നത്. 85ാം മിനിട്ടില്‍ ക്യാപ്റ്റന്‍ സെര്‍ജി റോബേര്‍ട്ടോ വല കുലുക്കിയതോടെ മത്സരം 2-2 എന്ന നിലയിലായി.
സീസണില്‍ ഇതുവരെ നടന്ന ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും മൂന്ന് സമനിലയുമായി 21 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. റയല്‍ മാഡ്രിഡും ജിറോണ എഫ്.സിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഒക്ടോബര്‍ 23ന് അത്‌ലെറ്റിക് ക്ലബ്ബിനെതിരെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Lamine Yamal names as the youngest goal scorer in La Liga’s history