പണ്ട് ഇതിഹാസതാരം ലയണല്‍ മെസിക്കൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഒരു കൊച്ചു പയ്യനാണ് ഇന്ന് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നത്. 2007ല്‍ ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ്‌നൗവില്‍ വെച്ചുള്ള ഒരു ഫോട്ടോ സെക്ഷനിലാണ് മെസി വെറും ആറ് മാസം പ്രായമുള്ള കുട്ടിയോടൊപ്പം ചിത്രം എടുക്കുന്നത്. അന്ന് മെസിക്കൊപ്പം ഫോട്ടോ എടുത്ത ആ ചെറിയ കുട്ടി ആരാണെന്നുള്ള ചോദ്യങ്ങള്‍ ശക്തമായി നിലനിന്നിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരത്തിന്റെ പേരാണ് ലാമിൻ യമാല്‍.
2024 യൂറോകപ്പിലുടനീളം തന്റെ ബൂട്ടുകളിലെ പ്രതിഭ കൊണ്ട് ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ് യമാൽ.. യൂറോ മാമാങ്കം ഇപ്പോള്‍ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. സെമിഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പെയ്ന്‍ ഫൈനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്പാനിഷ് പട ഫൈനല്‍ വരെ മുന്നേറിയത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ വിജയിക്കുന്നത്.
സ്പെയ്നിന്റെ ഈ വിജയക്കുതിപ്പിനൊപ്പം എടുത്തു പറയേണ്ട ഒന്നാണ് യുവതാരം ലാമിന്‍ യമാല്‍ സ്പാനിഷ് ടീമിനായി നടത്തുന്ന തകര്‍പ്പന്‍ പ്രകടനങ്ങള്‍. ഇതിനോടകം തന്നെ യൂറോ കപ്പില്‍ ഒരുപിടി ചരിത്ര നേട്ടങ്ങളാണ് യമാല്‍ സ്വന്തം പേരിലാക്കി മാറ്റിയത്.
സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ യമാല്‍ കളത്തിലിറങ്ങിയ നിമിഷം മുതലെ ചരിത്രനിമിഷങ്ങള്‍ക്കാണ് യൂറോ കപ്പ് സാക്ഷ്യം വഹിച്ചത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് യമാല്‍ ആദ്യം സ്വന്തമാക്കിയത്.
പിന്നീട് വെറും 21 മിനിട്ടിന്റെ ദൂരം മാത്രമേ യമാലിന് മറ്റൊരു ചരിത്രനേട്ടം നേടിയെടുക്കാന്‍ ആവശ്യമായി വന്നുള്ളൂ. മത്സരം തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ റാന്‍ഡന്‍ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് സ്പാനിഷ് പടയെ ഞെട്ടിക്കുകയായിരുന്നു.
എന്നാല്‍ യമാലിലൂടെ സ്പെയ്ന്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഫ്രാന്‍സ് പ്രതിരോധനിരയെ മറികടന്നുകൊണ്ട് പെനാല്‍ട്ടി ബോക്സിന്റെ പുറത്തു നിന്നും എടുത്ത ഈ 16കാരന്റെ തകര്‍പ്പന്‍ ഷോട്ട് ഫ്രഞ്ച് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഈ ഗോളിന് പിന്നാലെ യമാല്‍ ചരിത്രത്താളുകളില്‍ തന്റെ പേര് എഴുതിചേര്‍ക്കുകയായിരുന്നു. യൂറോകപ്പിന്റെ സെമിഫൈനലില്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സ്പെയ്ന്‍ യുവതാരം കൈപ്പിടിയിലാക്കിയത്.
ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് സ്വിറ്റ്സര്‍ലാന്‍ഡ് താരം ജൊഹാന്‍ വോണ്‍ലാന്‍തേന്‍, പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ റെനാറ്റൊ സാഞ്ചസ്, ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണി എന്നിവരാണ്. തങ്ങളുടെ 18ാം വയസിലായിരുന്നു ഈ മൂന്ന് താരങ്ങളും ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിന്റെ കുലുക്കിയതോടെ ഈ മൂന്നു താരങ്ങളെയും ഒരുമിച്ചു മറികടന്നുകൊണ്ടാണ് ഈ 16കാരന്‍ ചരിത്രം കുറിച്ചത്.
യൂറോകപ്പില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് ഇതുവരെ യമാല്‍ സ്വന്തമാക്കിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യക്കെതിരെയും പ്രീ ക്വാര്‍ട്ടറില്‍ ജോര്‍ജിയക്കെതിരെയും നേടിയ അസിസ്റ്റുകള്‍ക്ക് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളും യമാല്‍ സ്വന്തമാക്കിയിരുന്നു. യൂറോകപ്പില്‍ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, യൂറോകപ്പിന്റെ ഒരു എഡിഷനില്‍ രണ്ട് അസിസ്റ്റുകള്‍ നേടുന്ന രണ്ടാമത്തെ യുവതാരം എന്നീ നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്.
ഇതോടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറാനും യമാലിന് സാധിച്ചു. 2004 യൂറോ കപ്പിലായിരുന്നു റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്.
ഇനി യമാലിന്റെ മുന്നിലുള്ളത് യൂറോപ്പിന്റെ ഫൈനല്‍ പോരാട്ടമാണ്. രണ്ടാം സെമിഫൈനലില്‍ വിജയിച്ചുവരുന്ന ഇംഗ്ലണ്ടിനെയോ നെതര്‍ലാന്‍ഡ്സിനെയോ ആയിരിക്കും ഫൈനലില്‍ സ്പെയ്ന്‍ നേരിടുക. കലാശ പോരാട്ടത്തിന്റെ കടമ്പ കൂടി മറികടക്കാന്‍ ടിക്കി ടാക്കയുടെ തമ്പുരാക്കന്മാര്‍ക്ക് സാധിച്ചാല്‍ തന്റെ 16ാം വയസില്‍ തന്നെ സ്വന്തം രാജ്യത്തിനൊപ്പം 16ാം വയസില്‍ യൂറോകപ്പ് കിരീടം നേടുന്ന ആദ്യ താരമെന്ന നേട്ടം കൈവരിക്കാനും യമാലിന് സാധിക്കും.
ഇതിന് മുമ്പ് തന്നെ ക്ലബ്ബ് ഫുട്ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പവും യമാല്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ലാ ലിഗയിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യമാല്‍ തന്നെയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കമായ ചാമ്പ്യന്‍സ് ലീഗിന്റെ കളിത്തട്ടിലും ഈ 16കാരന്റെ പേര് മുഴങ്ങിക്കേട്ടിരുന്നു.
2023 ചാമ്പ്യന്‍സ് ലീഗില്‍ ബെല്‍ജിയന്‍ ക്ലബ്ബായ ആന്റെര്‍പ്പിനെതിരെയുള്ള മത്സരത്തില്‍ കറ്റാലന്‍മാര്‍ക്കായി ഒരു അസിസ്റ്റ് നേടിയാണ് യമാല്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അസിസ്റ്റ് നേടുന്ന 16 വയസുള്ള ആദ്യ താരമായി മാറാനാണ് യമാലിന് സാധിച്ചത്.
ഈ ചെറിയ പ്രായത്തില്‍ തന്നെ ഇത്രയധികം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി ഈ 16കാരന് മുന്നില്‍ വിശാലമായ ഒരു ഫുട്ബോള്‍ ലോകമാണ് തുറന്നു കിടക്കുന്നത്. ഭാവിയില്‍ ഫുട്ബോള്‍ ലോകത്ത് തന്റേതായ ഒരു സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്താന്‍ യമാലിന് സാധിക്കുമെന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Lamine Yamal Great Performance in Euro Cup 2024