2024 യൂറോ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. അലിയൻസ് അരീനയിൽ നടന്ന മത്സരത്തില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയാണ് സ്പാനിഷ് പട കിരീട പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.
ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെ ആണ് സ്‌പെയ്ന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതോടെ യൂറോകപ്പിന്റെ ഒരു എഡിഷനില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി മാറാനും സ്‌പെയിനിന് സാധിച്ചു.
മത്സരത്തില്‍ സ്‌പെയ്‌നിനായി ബാഴ്‌സലോണ യുവതാരം ലാമിനെ യമാല്‍ കളം നിറഞ്ഞാണ് കളിച്ചത്. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ഗോള്‍ നേടിക്കൊണ്ടായിരുന്നു ഈ 16കാരന്‍ കരുത്തുകാട്ടിയത്. മത്സരത്തിന്റെ 21ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ യമാല്‍ ലക്ഷ്യം കാണുകയായിരുന്നു. ടൂര്‍ണമെന്റിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.
ഈ ഗോളിന് പിന്നാലെ ഒരു ചരിത്രനേട്ടവും ബാഴ്‌സലോണ താരത്തെ തേടിയെത്തി. യൂറോകപ്പിന്റെ സെമിഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനാണ് യമാലിന് സാധിച്ചത്. തന്റെ 16ാം വയസില്‍ ആണ് യമാല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിനുമുമ്പ് യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നത് മുന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ജൊഹാന്‍ വോണ്‍ലാന്‍തെന്‍, ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി, പോര്‍ച്ചുഗല്‍ താരം റെനാറ്റൊ സാഞ്ചസ് എന്നിവരായിരുന്നു. തങ്ങളുടെ 18 വയസിലാണ് മൂവരും ഈ നേട്ടം സ്വന്തമാക്കിയത്.
ഫ്രാന്‍സിനെതിരെ കളത്തില്‍ ഇറങ്ങിയതോടെ മറ്റൊരു ചരിത്രം നേട്ടവും യമാല്‍ സ്വന്തമാക്കിയിരുന്നു. യൂറോകപ്പിന്റെ സെമിഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് യമാല്‍ മാറിയത്.
അതേസമയം മത്സരം തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ ഫ്രാന്‍സ് ലീഡ് നേടിയിരുന്നു. റാന്‍ഡല്‍ കോലോ മുവാനിയായിരുന്നു ഗോള്‍ നേടിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ യമാലിലൂടെയും 25ാം മിനിട്ടില്‍ ഡാനി ഓള്‍മോയിലൂടെ ഗോളിലൂടെയും സ്‌പെയ്ന്‍ ഗോള്‍ തിരിച്ചടിച്ചുകൊണ്ട് ജയം നേടിയെടുക്കുകയായിരുന്നു.
ജൂലൈ 15നാണ് യൂറോ കപ്പിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ട്-നെതര്‍ലാന്‍ഡ്സ് രണ്ടാം സെമിഫൈനലിലെ വിജയികളെ ആണ് സ്പാനിഷ് പട കിരീടപോരാട്ടത്തില്‍ നേരിടുക.
Content Highlight: Lamine Yamal Create a New Record in Euro Cup