നാലെണ്ണം കിട്ടിയാലെന്താ, ആ റെക്കോഡ് ഞാനിങ്ങെടുത്തു; ചരിത്രനേട്ടവുമായി ബാഴ്സ താരം
Football
നാലെണ്ണം കിട്ടിയാലെന്താ, ആ റെക്കോഡ് ഞാനിങ്ങെടുത്തു; ചരിത്രനേട്ടവുമായി ബാഴ്സ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 3:32 pm

കോപ്പ ഡെല്‍റേയില്‍ നിന്നും ബാഴ്സലോണ പുറത്ത്. അത്‌ലറ്റിക് ക്ലബ്ബ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരമായ ലാമിനെ യമാല്‍. മത്സരത്തില്‍ ഒരു ഗോള്‍ നേടിയായിരുന്നു യമാല്‍ മികച്ച പ്രകടനം നടത്തിയത്.

ഇതിന് പിന്നാലെ കോപ്പ ഡെല്‍റേയുടെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നേട്ടമാണ് ലാമിനെ യമാല്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ബാഴ്‌സലോണയ്ക്കായി രണ്ടാം ഗോള്‍ നേടുമ്പോള്‍ 17 വയസായിരുന്നു യമാലിന്റെ പ്രായം.

അത്‌ലെറ്റിക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ സാന്‍ മെയ്മസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയുമാണ് ബാഴ്സ പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഗോര്‍ക്ക ഗുരുസെറ്റ്കയിലൂടെ ആതിഥേയര്‍ മുന്നിലെത്തി. എന്നാല്‍ 26ാം മിനിട്ടില്‍ പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയിലൂടെ ബാഴ്സ മറുപടി ഗോള്‍ നേടി. 32ാം മിനിട്ടില്‍ ലാമിനെ യമാലിലൂടെ സന്ദര്‍ശകര്‍ വീണ്ടും മുന്നിലെത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 2-1ന് ബാഴ്സ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 49ാം മിനിട്ടില്‍ ഒഥാന്‍ സാന്‍സെറ്റ് വീണ്ടും അത്‌ലെറ്റിക് ക്ലബ്ബിനെ മത്സരത്തില്‍ ഒപ്പം എത്തിച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

ഒടുവില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ആതിഥേയര്‍ രണ്ട് ഗോളുകള്‍ നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇനാക്കി വില്യംസും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നിക്കോ വില്യംസും ഗോളുകള്‍ നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ കോപ്പ ഡെല്‍റേയുടെ സെമി ഫൈനലിലേക്ക് മുന്നേറാന്‍ അത്‌ലെറ്റിക് ക്ലബ്ബിന് സാധിച്ചു.

ലാ ലിഗയില്‍ ജനുവരി 27ന് വിയ്യാറയലിനെതിരെയാണ് കറ്റാലന്‍മാരുടെ അടുത്ത മത്സരം.

Content Highlight: Lamine yamal create a new record.