2024 യൂറോ കപ്പിന്റെ നെറുകയില്‍ എത്തി സ്പെയ്ന്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോപ്പിലെ രാജാക്കന്മാരായത്.
സ്പെയ്നിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ നാലാമത്തെ യൂറോപ്യന്‍ കിരീടമാണിത്. 1964, 2008, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു സ്പാനിഷ് പട ഇതിന് മുമ്പ് യൂറോ കപ്പ് നേടിയത്.ഇതോടെ ഒരു ചരിത്രനേട്ടവും സ്പെയ്ന്‍ സ്വന്തമാക്കി.
ഏറ്റവും കൂടുതല്‍ തവണ യൂറോകപ്പ് സ്വന്തമാക്കുന്ന ടീമെന്ന നേട്ടമാണ് സ്പെയ്നിനെ തേടിയെത്തിയത്. മൂന്ന് തവണ ചാമ്പ്യന്മാരായ ഇറ്റലിയെയും ജര്‍മനിയെയും മറികടന്നു കൊണ്ടാണ് സ്പാനിഷ് പട ഈ നേട്ടം കൈപ്പിടിയിലാക്കിയത്.
ഈ യൂറോ കപ്പില്‍ സമ്പൂര്‍ണ ആധിപത്യവുമായാണ് സ്പെയ്ന്‍ കിരീടം ചൂടിയത്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്പാനിഷ് പട യൂറോപ്പ് കീഴടക്കിയത്.
സ്പാനിഷ് പടക്കായി ഈ യൂറോകപ്പില്‍ തകര്‍പ്പന്‍ പ്രകടങ്ങളായിരുന്നു യുവതാരം ലാമിന്‍ യമാല്‍ നടത്തിയത്. ഏഴ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് താരം സ്പാനിഷ് ടീമിനൊപ്പം നേടിയത്. ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും യമാല്‍ സ്വന്തമാക്കിയിരുന്നു.
ഫൈനലില്‍ സ്‌പെയ്‌നിനായി കളത്തിലിറങ്ങിയതോടെ മറ്റൊരു ചരിത്രനേട്ടം കൂടിയാണ് യമാല്‍ സ്വന്തമാക്കിയത്. ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ ഇന്റര്‍നാഷണല്‍ മേജര്‍ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യമാലിന് 17 വയസ് തികഞ്ഞത്.
1958 ലോകകപ്പിന്റെ ഫൈനലില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയായിരുന്നു ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ കലാശ പോരാട്ടത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ പെലെയുടെ 66 വര്‍ഷത്തെ റെക്കോഡാണ് യമാല്‍ തകര്‍ത്തത്.
ഇതിനു മുമ്പും ഒരുപിടി ചരിത്രനേട്ടങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു . യൂറോകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ യമാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു.
സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ തകര്‍പ്പന്‍ ഗോളിന് പിന്നാലെ യൂറോകപ്പിന്റെ സെമിഫൈനലില്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും യമാല്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം മത്സരത്തിന്റെ 47ാംമിനിട്ടില്‍ നിക്കോ വില്യംസിലൂടെ സ്പെയ്നാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 73ാംമിനിട്ടില്‍ കോള്‍ പാമറിലൂടെ ഇംഗ്ലണ്ട് മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ 86ാം മിനിട്ടില്‍
മൈക്കല്‍ ഒയാര്‍സബലിലൂടെ സ്‌പെയ്ന്‍ വിജയഗോള്‍ നേടുകയായിരുന്നു.
Content Highlight: Lamine Yamal Create a Historical Record