| Thursday, 14th December 2023, 3:34 pm

ഞെട്ടിക്കുന്ന തോല്‍വിയിലും ചരിത്രം കുറിച്ച് ബാഴ്സലോണയുടെ വണ്ടര്‍കിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയന്‍ ക്ലബ്ബ് ആന്റ്വെര്‍പ്പ് ബാഴ്സലോണക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയന്‍ ക്ലബ്ബ് കറ്റാലന്‍മാരെ തകര്‍ത്തുവിട്ടത്. തോറ്റെങ്കിലും 12 പോയിന്റുമായി ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം ബെല്‍ജിയന്‍ ക്ലബ്ബിന്റെ ആദ്യ വിജയമായിരുന്നു ഇത്.

മത്സരത്തില്‍ ബാഴ്സക്കായി ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് സ്പാനിഷ് യുവതാരം ലാമിനെ യമാല്‍ നടത്തിയത്. ഇതിന് പിന്നാലെ ഒരു ചരിത്രപരമായ റെക്കോഡാണ് യമാല്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഗോള്‍ ഇന്‍വോള്‍മെന്റില്‍ പങ്കാളിയാവുന്ന ആദ്യ 16 വയസുള്ള താരമെന്ന നേട്ടമാണ് യമാല്‍ സ്വന്തം പേരില്‍ കുറിച്ചത്. തന്റെ അസാധാരണമായ പ്രതിഭകൊണ്ട് ഫുട്‌ബോള്‍ ലോകത്തെ നേരത്തെ അത്ഭുതപ്പെടുത്തിയതാണ് ബാഴ്സയുടെ ഈ വണ്ടര്‍ കിഡ്.

ആന്റ്വെര്‍പ്പിന്റെ ഹോം ഗ്രൗണ്ടായ ബോസുയില്‍സ്റ്റേഡിയനില്‍ നടന്ന മത്സരത്തില്‍ 4-5-1 എന്ന ശൈലിയിലാണ് ഹോം ടീം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോർമേഷനിലായിരുന്നു ബാഴ്സലോണ ഇറങ്ങിയത്.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ആര്‍തര്‍ വെര്‍മീറനിലൂടെ ആന്റ്വെര്‍പ്പാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 35ാം മിനിട്ടില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 56ാം മിനിട്ടില്‍ വിന്‍സെന്റ് ജാന്‍സനിലൂടെ ആതിഥേയ രണ്ടാം ഗോള്‍ നേടി. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മാര്‍ക്ക് ഗ്യുമിലൂടെ ബാഴ്സ രണ്ടാം ഗോള്‍ നേടി. തൊട്ടടുത്ത നിമിഷം ജോര്‍ജ് ഇലെനിഖേനയിലൂടെ ആന്റ്വെര്‍പ്പ് വിജയഗോള്‍ നേടുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആതിഥേയര്‍ സ്വന്തം ആരാധകരുടെ മുന്നില്‍ 3-2ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Lamine Yamal become the first 16 year player to directly involved in a Champions league goal.

We use cookies to give you the best possible experience. Learn more