തെല്‍അവീവ്: ഇസ്രഈല്‍ തടവറയില്‍ ഫലസ്തീന്‍ എഴുത്തുകാരി ലമ ഖാതറിന് ബലാത്സംഗഭീഷണി. ഒക്ടോബര്‍ 26ന് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് ലമയുടെ വീട് ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലമയെ കൂടാതെ നാല് സ്ത്രീകളെയും കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഒരു കൂട്ടം വനിതാ തടവുകാരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ജയിലില്‍ ഭക്ഷണം ലഭിക്കാതെ ദുരിതത്തില്‍ ആണെന്നും ജയില്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ലമയുടെ അഭിഭാഷകന്‍ ഹസന്‍ അബാദി പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
‘അവളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം കൈയും കണ്ണും കെട്ടി ഹെബ്രോണിനടുത്തുള്ള കിര്യത് അറബ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അവിടെ സൈനികര്‍ അവളെ ബലാത്സംഗ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 20 സൈനികരും അവര്‍ ആഗ്രഹിക്കുന്നത് എന്തും ചെയ്യുമെന്ന് വനിത തടവുകാരോട് പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഭീഷണി ഒരു തുടക്കം മാത്രമായിരുന്നു. ലമയെ വാക്കാല്‍ അധിക്ഷേപിക്കുകയും പരുഷമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. ഫലസ്തീന്‍ വനിതാ തടവുകാരോട് ദേഹ പരിശോധനയുടെ മറവില്‍ ലൈംഗിക ചൂഷണവും നടക്കുന്നുണ്ട്.
ഞാന്‍ ആദ്യമായി സ്ത്രീ തടവുകാരെ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ അവശരായിരുന്നു. അവര്‍ മെത്തകള്‍ ഇല്ലാതെ തറയിലാണ് ഉറങ്ങുന്നതെന്നും അധിക വസ്ത്രങ്ങളോ പുതപ്പുകളോ ഇല്ലാതെയാണ് അവിടെ ജീവിക്കുന്നതെന്നും ലമ എന്നോട് പറഞ്ഞു,’ അഭിഭാഷകനായ അബാദി പറഞ്ഞു.
ഒക്ടോബര്‍ 27ന് ഫലസ്തീന്‍ വനിതാ തടവുകാരെ പാര്‍പ്പിച്ചിരുന്ന ഡാമണ്‍ ജയിലില്‍ ഒരു ഇസ്രഈല്‍ സൈന്യം ഇരച്ചു കയറുകയും കാരണമില്ലാതെ അവരെ ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ അവരുടെ മുറികളിലേക്ക് ഗ്യാസ് ബോംബുകള്‍ എറിയുകയും അവരില്‍ മൂന്നു പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റുള്ളവരെ ഏകാന്ത തടവില്‍ ഒറ്റപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹതടവുകാരിയായ ഉം ആസിഫ് (65) ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ അവളുടെ മരുന്നുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. തന്റെ ഇത്രയും കാലത്തെ അഭിഭാഷകവൃത്തിയില്‍ വനിതാ തടവുകാരോട് ഇത്രയും മോശമായി പെരുമാറിയത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlight: Lama khather gets rape threats from Israel militariants