| Saturday, 31st August 2019, 11:03 pm

ലാലു പ്രസാദ് യാദവിന്റെ വൃക്കകള്‍ക്ക് 63 ശതമാനം തകരാറ്; രക്തത്തില്‍ അണുബാധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്.

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുന്ന ലാലുവിന്റെ വൃക്കകള്‍ക്ക് 63 ശതമാനവും തകരാറ് സംഭവിച്ചതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പി.കെ ഝാ അറിയിച്ചു. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘അന്‍പതു ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതാണ് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, രക്തത്തില്‍ അണുബാധ എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്’- ഡോ.പി.കെ ഝാ പറഞ്ഞു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ 14 വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 23 മുതല്‍ ജയിലിലാണ് ലാലു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി അദ്ദേഹം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

2013 ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കുറ്റക്കാരനാക്കി ആദ്യ വിധിവന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് അന്ന് വിധിച്ചത്. രണ്ടാമത്തെ കേസില്‍ ഈ വര്‍ഷം ജനുവരി അഞ്ചിന് മൂന്നര വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടി. ജനുവരി 24ന് മൂന്നാമത്തെ കേസില്‍ ലാലുവിനും ജഗന്നാഥ് മിശ്രയ്ക്കും അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

We use cookies to give you the best possible experience. Learn more