| Thursday, 10th February 2022, 6:51 pm

ബി.ജെ.പി ബ്രിട്ടീഷുകാരുടെ പുനര്‍ജന്മമാണ്, ജനങ്ങള്‍ അഖിലേഷിനെ അധികാരത്തിലേറ്റണം; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. ബി.ജെ.പി ബ്രിട്ടീഷുകാരുടെ പുനര്‍ജന്മമാണെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ അതേ തന്ത്രം തന്നെയാണ് ബി.ജെ.പിയും പയറ്റുന്നതെന്നായിരുന്നു ലാലുപ്രസാദ് പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ലാലു ഇക്കാര്യം പറഞ്ഞത്.

‘കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരോടും ജനങ്ങളോടും മോശമായാണ് പെരുമാറിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

rjd supremo lalu prasad yadav on caste based census skt | जातीय जनगणना को लेकर केंद्र सरकार पर बरसे लालू यादव, RJD सुप्रीमो ने दी आंदोलन की चेतावनी

ഉത്തര്‍പ്രദേശിനും ജനങ്ങള്‍ക്കും വേണ്ടി ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും അഖിലേഷിനെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി ബ്രിട്ടീഷുകാരെ പോലെയാണ് ഭരണം നടത്തുന്നതെന്നും നമ്മുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരെ തുരത്തിയതുപോലെ ബി.ജെ.പിയെ തുരത്തണമെന്നും ലാലുപ്രസാദ് പറഞ്ഞു.

‘നമ്മുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരെ നമ്മുടെ രാജ്യത്ത് നിന്നും തുരത്തി. അളുകളെ സമുദായത്തിന്റെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലിക്കുന്ന അവര്‍ (ബി.ജെ.പി) ബ്രിട്ടീഷുകാരുടെ പുനര്‍ജന്മമാണ്,’ ലാലു പറയുന്നു.

ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി 10ന് നടന്നിരുന്നു. 57.77 ശതമാനം ആളുകളാണ് വൈകീട്ട് അഞ്ച് മണി വരെ വോട്ട് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ വോട്ടെടുപ്പ് ശാന്തമായ രീതിയിലാണ് നടന്നതെന്നാണ് അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ബി.ഡി. റാം പറഞ്ഞത്. ചില ബൂത്തുകളില്‍ ഇ.വി.എം തകരാറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.

623 മത്സരാര്‍ത്ഥികളാണ് ഫെബ്രുവരി 10ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2.27 കോടി ജനങ്ങള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നത്.

ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്

മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

Content Highlight: Lalu says BJP new incarnation of British, urges UP voters to support Akhilesh

We use cookies to give you the best possible experience. Learn more