ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസിലെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് അത്താഴ വിരുന്നൊരുക്കി രാഷ്ട്രീയ ജനദാതള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ലാലു തന്നെ പാകം ചെയ്ത മട്ടന്‍ കറിയൊരുക്കി ആര്‍.ജെ.ഡി എം.പി മിസ ഭാരതിയുടെ ദല്‍ഹിയിലെ വസതിയിലായിരുന്നു വിരുന്ന്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും വിരുന്നില്‍ പങ്കെടുത്തു.
ഇരുവരും നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ബിഹാറില്‍ നിന്ന് ആട്ടിറച്ചിയും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുവരാന്‍ ലാലു ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ബിഹാറിന്റെ പ്രത്യേക ശൈലിയില്‍ ലാലു പ്രസാദ് തന്നെ ആട്ടിറച്ചി പാകം ചെയ്യുകയായിരുന്നുവെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.
കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
content highlights: LALU PRASAD YADAV TREATS RAHUL GANDHI