| Tuesday, 29th October 2019, 2:12 pm

അയോധ്യാക്കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; 29 വര്‍ഷം മുന്‍പ് ലാലു പ്രസാദ് യാദവ് നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നു- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് 29 വര്‍ഷം മുന്‍പു നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു. ആനന്ദ് പട്‌വര്‍ധന്‍ 1992-ല്‍ തയ്യാറാക്കിയ ‘രാം കേ നാം’ എന്ന ഡോക്യുമെന്ററിയിലുള്ള പ്രസംഗമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

1990 ഒക്ടോബറില്‍ ലാലു നടത്തിയ പ്രസംഗമാണിത്. അയോധ്യയിലെ ബാബ്‌റി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനായി ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോഴായിരുന്നു ഇത്. ലാലു ആ സമയം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു.

ലാലുവിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

‘ഈ രഥയാത്ര റദ്ദാക്കി രാജ്യതാത്പര്യം കണക്കിലെടുത്ത് ദല്‍ഹിക്കു തിരിച്ചുപോകണമെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി അദ്വാനിയോട് അഭ്യര്‍ഥിക്കുന്നു. മനുഷ്യര്‍ മരിച്ചാല്‍ ആരാണു ക്ഷേത്രത്തിലെ മണിയടിക്കുക? ആരും ജീവനോടെയില്ലെങ്കില്‍ ആരാണു പള്ളിയില്‍പ്പോയി പ്രാര്‍ഥിക്കുക?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ 24 മണിക്കൂര്‍ നേരം ജാഗ്രതയിലാണ്. ഗവര്‍ണറുടെ ഭാഗത്തുനിന്നു ഞങ്ങള്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവന്‍ വിലപ്പെട്ടതാണെങ്കില്‍ അങ്ങനെതന്നെയാണ് ഒരു സാധാരണക്കാരന്റെയും എന്ന യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കണം.

എന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ സംസ്ഥാനത്തു ഞങ്ങള്‍ ഒരു വര്‍ഗീയ സംഘര്‍ഷവും പ്രചരിക്കാന്‍ അനുവദിക്കില്ല. എവിടെയാണോ അപകടകരമായ കലാപങ്ങളുണ്ടാകുന്നത്, രാഷ്ട്രീയാധികാരം നഷ്ടപ്പെടുന്നത്, നമ്മളൊരിക്കലും അവിടെ വിട്ടുവീഴ്ച ചെയ്യരുത്.’- അദ്ദേഹം പറഞ്ഞു.

എന്നാല്‍ അദ്വാനി ഈ അഭ്യര്‍ഥന കണക്കിലെടുത്തില്ല. രഥയാത്രയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലൊക്കെയും പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന് കര്‍സേവകരോടുള്ള ആഹ്വാനമായിരുന്നു ഉണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലാലുവിന്റെ പ്രസംഗം ട്വീറ്റ് ചെയ്തവരില്‍ കോണ്‍ഗ്രസ് നേതാവ് ചിരഞ്ജീവ് റാവുവും ഉണ്ട്. ഈ പ്രസംഗം എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും വിതരണം ചെയ്യണമെന്നും എങ്ങനെ ഫാസിസത്തിനെതിരെ പോരാടണമെന്ന് ഇതിലൂടെ പഠിക്കണമെന്നും റാവു ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് അയോധ്യാക്കേസില്‍ വാദം പൂര്‍ത്തിയായത്. നവംബര്‍ 17-ന് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അതിനുമുന്‍പ് വിധിപ്രഖ്യാപനം വരാനാണു സാധ്യത.

We use cookies to give you the best possible experience. Learn more