ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് 29 വര്‍ഷം മുന്‍പു നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു. ആനന്ദ് പട്‌വര്‍ധന്‍ 1992-ല്‍ തയ്യാറാക്കിയ ‘രാം കേ നാം’ എന്ന ഡോക്യുമെന്ററിയിലുള്ള പ്രസംഗമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
1990 ഒക്ടോബറില്‍ ലാലു നടത്തിയ പ്രസംഗമാണിത്. അയോധ്യയിലെ ബാബ്‌റി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനായി ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോഴായിരുന്നു ഇത്. ലാലു ആ സമയം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു.
ലാലുവിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:
‘ഈ രഥയാത്ര റദ്ദാക്കി രാജ്യതാത്പര്യം കണക്കിലെടുത്ത് ദല്‍ഹിക്കു തിരിച്ചുപോകണമെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി അദ്വാനിയോട് അഭ്യര്‍ഥിക്കുന്നു. മനുഷ്യര്‍ മരിച്ചാല്‍ ആരാണു ക്ഷേത്രത്തിലെ മണിയടിക്കുക? ആരും ജീവനോടെയില്ലെങ്കില്‍ ആരാണു പള്ളിയില്‍പ്പോയി പ്രാര്‍ഥിക്കുക?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാന്‍ 24 മണിക്കൂര്‍ നേരം ജാഗ്രതയിലാണ്. ഗവര്‍ണറുടെ ഭാഗത്തുനിന്നു ഞങ്ങള്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവന്‍ വിലപ്പെട്ടതാണെങ്കില്‍ അങ്ങനെതന്നെയാണ് ഒരു സാധാരണക്കാരന്റെയും എന്ന യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കണം.