ബീഹാര്‍: ബി.ജെ.പിയുമായി വിട്ടു വീഴ്ച നടത്തുന്നതിനേക്കാള്‍ നല്ലത് തൂങ്ങിമരിക്കുന്നതാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്.
ബീഹാറില്‍ ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത ബി.ജെ.പി വിരുദ്ധ മഹാറാലിയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബി.ജെ.പിയുമായി സഹകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും എന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. പക്ഷേ തോറ്റു പിന്മാറാന്‍ ഞാന്‍ തയ്യാറല്ല. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായി പോരാടും.അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ തൊല്‍പ്പിക്കുന്നതുവരെ അവര്‍ക്കെതിരായി ഞങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ല,” ലാലു പറഞ്ഞു
ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത ബി.ജെ.പി വിരുദ്ധ റാലിയില്‍ ഇന്ന് ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. വിമത ജെ.ഡി.യു നേതാവ് ശരത് യാദവും യോഗത്തില്‍ പങ്ക് ചേര്‍ന്നു. “ബി.ജെ.പിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന ആര്‍.ജെ.ഡി മദ്രാവാക്യം ഏറ്റെടുത്ത് വിവിധ രാഷ്ട്രീയ നേതാക്കളും അണികളും പറ്റ്നയിലേക്ക് ഒഴുകുകയായിരുന്നു.
ജെ.ഡി.യുവിന്റെ മുന്നറിയിപ്പുകള്‍ ലംഘിച്ചാണ് ശരത് യാദവ് മഹാറാലിയില്‍ പങ്ക് ചേര്‍ന്നത്. മഹാസഖ്യം വേര്‍പ്പെടുത്തി ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട നിതിഷ് കുമാറിനും അനുയായികള്‍ക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയായി മാറിയിരിക്കുകയാണ് പറ്റ്നയിലെത്തിയ ജനസഞ്ചയം.
സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി ജോഷി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബാബുലാല്‍ തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.