National Politics
ചിരാഗും തേജസ്വിയും ഒന്നിക്കണം; ബീഹാറില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ലാലുപ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 03, 01:53 pm
Tuesday, 3rd August 2021, 7:23 pm

പട്‌ന: എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും ആര്‍.ജെ.ഡി നേതാവും തന്റെ മകനുമായ തേജസ്വി യാദവും സംസ്ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് ലാലുപ്രസാദ് യാദവ്. എല്‍.ജെ.പിയിലെ ഭിന്നതയില്‍ എന്ത് സംഭവിച്ചാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിരാഗും പശുപതി കുമാര്‍ പരാസും തമ്മില്‍ പാര്‍ട്ടി നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ലാലുവിന്റെ അഭിപ്രായ പ്രകടനം.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം 10 ലേറെ സീറ്റുകളില്‍ അട്ടിമറി നടത്തിയെന്നും ലാലു ആരോപിച്ചു.

നേരത്തെ തേജസ്വി യാദവ് ചിരാഗ് പാസ്വാനുമായി സംസാരിക്കുകയും അദ്ദേഹത്തിന് വേണ്ടി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പശുപതി പരസും അനുയായികളും ഉള്ള വിഭാഗത്തെയാണ് ബി.ജെ.പി പിന്തുണയ്ക്കുന്നത്.

കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പശുപതിയ്ക്ക് അംഗത്വവും ലഭിച്ചിരുന്നു.

എന്‍.ഡി.എ പുനപ്രവേശന കാര്യത്തിലുള്ള ചിരാഗിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചതോടെയാണ് ആര്‍.ജെ.ഡിയുമായി സഖ്യ നീക്കം ഊര്‍ജിതമായത്. എല്‍.ജെ.പിയിലെ പിളര്‍പ്പിനു പുറത്തുനിന്നു ചരടു വലിച്ചതു മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ചിരാഗ് പാസ്വാന്‍ തുറന്നടിച്ചിരുന്നു.

അന്തരിച്ച രാം വിലാസ് പസ്വാന്‍ ഒരു സോഷ്യലിസ്റ്റും ജീവിതകാലം മുഴുവന്‍ സാമൂഹ്യനീതി എന്ന ആശയത്തില്‍ ഉറച്ചു വിശ്വസിച്ച ആളുമായിരുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.

നിതീഷ് കുമാറിനെ നേരിടാന്‍ ആര്‍.ജെ.ഡിയുമായി സഹകരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു ചിരാഗ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lalu Prasad Yadav favours Tejashwi-Chirag alliance in Bihar