| Tuesday, 15th February 2022, 12:41 pm

കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുവിന് വീണ്ടും തിരിച്ചടി; അഞ്ചാമത്തെ കേസിലും കുറ്റക്കാരന്‍; വിധി 26 വര്‍ഷങ്ങള്‍ക്ക് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.ജെ.ഡി (രാഷ്ട്രീയ ജനതാ ദള്‍) അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ മുഖ്യപ്രതിയായ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ജഡ്ജി സി.കെ. ശശിയുടെ നിര്‍ദേശ പ്രകാരം ലാലുപ്രസാദ് യാദവ് ചൊവ്വാഴ്ച രാവിലെ കോടതി മുറിയില്‍ ഹാജരായിരുന്നു.

950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു.

Lalu: Caste census must, remove 50% cap if required

ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍.

ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

2018ല്‍ ദുംക ട്രഷറി കേസില്‍ ശിക്ഷിക്കപ്പെട്ടതിന് 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. അതേസമയം മുന്‍ ശിക്ഷാ വിധികള്‍ക്കെതിരെ ലാലുപ്രസാദ് യാദവ് അപ്പീല്‍ പോയിരുന്നു. ഡൊറാന്‍ഡ ട്രഷറി കേസിലും അദ്ദേഹം അപ്പീലിന് പോകാനാണ് സാധ്യത.

2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്.

73 കാരനായ ലാലുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ ദല്‍ഹിയിലെത്തിച്ചത്.

ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.

Content Highlight: Lalu Prasad Yadav Convicted In 5th Fodder Scam Case

We use cookies to give you the best possible experience. Learn more