| Friday, 23rd June 2023, 7:09 pm

'രാഹുല്‍ ഗാന്ധി ഉടനെ വിവാഹം കഴിക്കണം'; പ്രതിപക്ഷ നേതാക്കളെ പൊട്ടിച്ചിരിപ്പിച്ച് ലാലുജി, വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: രാഹുല്‍ ഗാന്ധി താടി വളര്‍ത്തുന്നത് നിര്‍ത്തി പെട്ടെന്ന് കല്ല്യാണം കഴിക്കണമെന്ന് ലാലു പ്രസാദ് യാദവ്. ഇന്ന് പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പത്രസമ്മേളനത്തിനിടെയാണ് ആര്‍.ജെ.ഡി അധ്യക്ഷന്‍ സ്‌നേഹപൂര്‍വം രാഹുലിനോട് അഭ്യര്‍ത്ഥന നടത്തിയത്.

‘രാഹുല്‍ ഗാന്ധി താടി വളര്‍ത്തിയിരിക്കുകയാണ്. ഇത് നരേന്ദ്ര മോദിയുടെ പഴയ ശീലമാണ്. അത് നമ്മളെല്ലാം ചേര്‍ന്ന് പെട്ടെന്ന് തന്നെ ചെറുതാക്കി കൊടുക്കും. എന്നാല്‍ രാഹുല്‍ ഗാന്ധി താടിയൊക്കെ വെട്ടിയൊതുക്കി വിവാഹം കഴിക്കണം.

രാഹുലിന്റെ വിവാഹ ഘോഷയാത്രയില്‍ ഞങ്ങള്‍ക്കെല്ലാം പങ്കെടുക്കണം. രാഹുലിനെ കാണുമ്പോഴെല്ലാം മുമ്പ് വിവാഹം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കാറുണ്ട്. അദ്ദേഹം കേട്ടാലും കേട്ടില്ലെങ്കിലും ഉടനെ വിവാഹത്തിന് തയ്യാറാകണം. മകന്‍ എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്ന് സോണിയ ഗാന്ധിയും എന്നോട് പറഞ്ഞിരുന്നു. രാഹുല്‍ ദയവായി എന്റെ വാക്കുകള്‍ കേള്‍ക്കണം,’ ലാലു പ്രസാദ് യാദവ് പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധയോടെയാണ് ആദ്യം കേട്ടിരുന്നതെങ്കിലും പിന്നീട് നേതാക്കളുടെയെല്ലാം മുഖത്ത് ചിരിപടര്‍ന്നു. മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ ചെറുചമ്മലോടെ കേട്ടിരുന്ന രാഹുല്‍ ഗാന്ധി പിന്നീട് മറ്റുള്ളവര്‍ക്കൊപ്പം ചിരിയുടെ ഭാഗമായി.

ലാലു പ്രസാദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കല്ല്യാണം കഴിക്കാമെന്ന് രാഹുലിന് തലകുലുക്കി സമ്മതിക്കേണ്ടിയും വന്നതോടെ മറ്റു നേതാക്കളുടെ ചിരിയുടെ ശബ്ദം ഉച്ചസ്ഥായിയിലെത്തിയിരുന്നു.

പാട്‌നയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ സംയുക്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഘപരിവാറും ബി.ജെ.പിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഒന്നിച്ച് പോരാടാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇന്ന് പാറ്റ്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വലിയ വിജയമായിരുന്നുവെന്നും ഈ ഐക്യം തുടരാനാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

ജൂലൈ 10, 11 ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ടെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്നതിനെ കുറിച്ചും ഷിംലയില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ തീരുമാനിക്കുമെന്ന് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ യോഗം പ്രതീക്ഷയേകുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Lalu Prasad Yadav compells rahul gandhi to get married

We use cookies to give you the best possible experience. Learn more