റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പ്രവേശിപ്പിച്ചത്. ഹൃദ്‌രേഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജാര്‍ഖണ്ഡിലെ ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 89.27 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ കോടതി വിധിച്ചിരുന്നു. വിധിക്ക് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 23 മുതലാണ് ലാലുവിനെ റാഞ്ചിയിലെ ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരെ അഞ്ചു കേസുകളാണുള്ളത്. ഇതില്‍ രണ്ടാമത്തെ കേസിന്റെ വിധിയാണ് വന്നത്. ബാക്കിയുള്ള മൂന്നു കേസുകളില്‍ വിചാരണ നടക്കുകയാണ്. ആദ്യ കേസില്‍ 2013 ല്‍ വിധി പറഞ്ഞിരുന്നു. അന്ന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ലാലുവിന് വിലക്കുണ്ടായിരുന്നു. ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.