|

അടിയന്തരാവസ്ഥക്കെതിരെ ഞങ്ങള്‍ പോരാടുമ്പോള്‍ മോദിയോ ഓം ബിര്‍ലയോ ഒന്നും ഉണ്ടായിരുന്നില്ല: ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തിനെതിരെ പോരാടുമ്പോള്‍ ബി.ജെ.പിയോ നരേന്ദ്ര മോദിയോ ഒന്നും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. 18ാം ലോക്‌സഭയിലെ സത്യപ്രതിജ്ഞക്കിടെ അടിയന്തരാവസ്ഥയെ പരാമര്‍ശിച്ച സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന. അടിയന്തരാവസ്ഥയെ കുറിച്ചും സ്വാതന്ത്ര്യത്തിന്റെ മൂല്യത്തെ കുറിച്ചും ഇന്ന് ജനങ്ങളോട് പ്രസംഗിക്കുന്ന മോദിയെയും ജെ.പി. നദ്ദയെയും ബി.ജ.പിയിലെ മറ്റ് അംഗങ്ങളെയും ആ കാലത്ത് തങ്ങളാരും കണ്ടിട്ട് പോലുമില്ലെന്ന് ലേഖനത്തില്‍ അദ്ദേഹം വിമര്‍ശിച്ചു.

‘അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ അതിരുകടക്കലിനെ ചെറുക്കാന്‍ മാഹാത്മാഗാന്ധിക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ജനനേതാവായ ജയപ്രകാശ് നാരായണ്‍ രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ഞാന്‍. മെയിന്റനന്‍സ് ഓഫ് സെക്യൂരിറ്റി ആക്ടിന്റെ ഭാഗമായി 15 മാസത്തോളമാണ് അന്ന് ഞാന്‍ ജയിലില്‍ കഴിഞ്ഞത്.

എന്നാല്‍ അടിയന്തരാവസ്ഥയെ കുറിച്ച് ഇന്ന് സംസാരിക്കുന്ന ബി.ജെ.പി മന്ത്രിമാരില്‍ പലരെയും അന്ന് എനിക്കോ എന്റെ സഹപ്രവര്‍ത്തകര്‍ക്കോ അറിയില്ലായിരുന്നു,’ ലാലു പ്രസാദ് യാദവ് പറഞ്ഞു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി അവലംബിച്ചത് ഭരണഘടനാ വ്യവസ്ഥകളെയാണെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു. ഇന്ദിരാഗാന്ധി തങ്ങളില്‍ പലരെയും ജയിലില്‍ അടച്ചെങ്കിലും ആരെയും അവര്‍ അധിക്ഷേപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവരോ അവരുടെ മന്ത്രിമാരോ ഞങ്ങളെ ദേശവിരുദ്ധരെന്നോ അല്ലെങ്കില്‍ ദേശസ്‌നേഹമില്ലാത്തവരെന്നോ വിളിച്ചിട്ടില്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊല്ലാനും പരിക്കേല്‍പ്പിക്കാനും അവര്‍ കൂട്ടുനിന്നിട്ടില്ല. കന്നുകാലി കച്ചവടക്കാരെ ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടില്ല.

1975ലെ അടിയന്തരാസ്ഥക്കാലത്ത് മഹാത്മാഗാന്ധിയുടെ ഘാതകരെ അവര്‍ ആരാധിച്ചിരുന്നില്ല. യുവാക്കള്‍ക്ക് ഇഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ലൗ ജിഹാദിന്റെ പേരില്‍ ആരും പീഡിപ്പിക്കപ്പെട്ടിട്ടുമില്ല, ലാലു പ്രസാദ് യാദവ് പറഞ്ഞു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വോട്ട് ജിഹാദ് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസ്ഭയിലെ സത്യപ്രതിജ്ഞക്കിടെ ആയിരുന്നു സ്പീക്കര്‍ ഓം ബിര്‍ല അപ്രതീക്ഷിതമായി അടിയന്തരാവസ്ഥ കാലത്തെ പരാമര്‍ശിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷികമായ ജൂണ്‍ 25 കരിദിനമായി കണക്കാക്കണമെന്നാണ് ഓം ബിര്‍ല ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്.

Content Highlight: Lalu Prasad yadav about bjp and Emergency era