മോദി ആവശ്യപ്പെട്ട സമയം തീരാന്‍ ഇനി രണ്ട് ദിവസമാണ് ബാക്കിയുള്ളത്. ജനങ്ങളുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. അതുകൊണ്ടു തന്നെ താങ്കള്‍ പറഞ്ഞതുപോലെ തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാന്‍ മോദിയോട് ലാലു പറഞ്ഞു.
ന്യൂദല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കി 50 ദിവസം അടുത്തരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാന്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ 50 ദിവസത്തിനുള്ളില്‍ തീരുമെന്നും അല്ലെങ്കില്‍ തൂക്കിലേറാന്‍ വരെ താന്‍ തയ്യാറാണെന്നും മോദി പ്രഖ്യാപിച്ചിരുന്നു. മോദി ആവശ്യപ്പെട്ട സമയം തീരാന്‍ ഇനി രണ്ട് ദിവസമാണ് ബാക്കിയുള്ളത്. ജനങ്ങളുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. അതുകൊണ്ടു തന്നെ താങ്കള്‍ പറഞ്ഞതുപോലെ തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാന്‍ മോദിയോട് ലാലു പറഞ്ഞു.
മോദി പരസ്യശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകണമെന്ന് ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. മോദി ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മനസില്‍ തോന്നുന്ന അസംബന്ധങ്ങളെല്ലാം അദ്ദേഹം വിളിച്ചു പറയുകയാണെന്നും ലാലു വിമര്‍ശനമുന്നയിച്ചു.
പരിപാടികളില്‍ മോദി മോദി എന്ന് വിളിക്കുന്നത് കേട്ട് ആളുകള്‍ തന്നെ പുകഴ്ത്തുകയാണെന്ന അബദ്ധ വിശ്വാസമാണ് അദ്ദേഹത്തിനുള്ളതെന്നും ലാലു പറഞ്ഞിരുന്നു. സ്റ്റേജിന്റെ മുന്നിലിരിക്കുന്ന കുറച്ച് ആര്‍.എസ്.എസുകാര്‍ മാത്രമാണ് അത്തരം മുദ്രാവാക്യം വിളിക്കുന്നതെന്നും അനേകം പേരുടെയും ശബ്ദമല്ല അതെന്നും ലാലു പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാലുവിന്റെ ട്വീറ്റ്.
തങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയുമെന്നും എന്നാല്‍ അഴിമതിക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമെന്നും അവകാശവാദമുന്നയിച്ച് മോദി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നുവെന്നും മോദി ആവര്‍ത്തിച്ചു.
വരുന്ന ദിവസങ്ങളിലെ പ്രയാസങ്ങളും ജനം സഹിക്കുമെന്ന് ഉറപ്പുണ്ടെന്നും നല്ല നാളേക്കായിട്ടാണ് സര്‍ക്കാര്‍ ധീരമായ തീരുമാനം കൈക്കൊണ്ടതെന്നും മോദി പറഞ്ഞിരുന്നു.