| Monday, 19th March 2018, 5:33 pm

കാലിത്തീറ്റ കുംഭകോണത്തില്‍ നാലാമത്തെ കേസിലും ലാലുപ്രസാദ് കുറ്റക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണത്തില്‍ നാലാമത്തെ കേസിലും ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് സി.ബി.ഐ കോടതി. അതേസമയം ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടു.

അഞ്ച് കേസുകളില്‍ മൂന്ന് കേസില്‍ ലാലു കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ സി.ബി.ഐ കോടതി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ധുംക ട്രഷറിയില്‍ നിന്ന് 3.13 കോടി അനധികൃതമായി പിന്‍വലിച്ചെന്ന നാലാമത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

2013 ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കുറ്റക്കാരനാക്കി ആദ്യ വിധിവന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് അന്ന് വിധിച്ചത്. രണ്ടാമത്തെ കേസില്‍ ഈ വര്‍ഷം ജനുവരി അഞ്ചിന് മൂന്നര വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടി. ജനുവരി 24ന് മൂന്നാമത്തെ കേസില്‍ ലാലുവിനും ജഗന്നാഥ് മിശ്രയ്ക്കും അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.


Related: ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിനെ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രേഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നാണ് ലാലു വിധി കേള്‍ക്കാനായി കോടതിയിലെത്തിയത്.

We use cookies to give you the best possible experience. Learn more