ന്യൂദല്‍ഹി: രാജ്യത്ത് പിടിമുറുക്കുന്ന ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപിക്കാനൊരുങ്ങി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ പിടിമുറുക്കുന്ന സംഘപരിവാര്‍ ശക്തിക്കെതിരെ ബീഹാര്‍ മോഡല്‍ സഖ്യത്തിനായി ലാലു പ്രസാദ് സോണിയാ ഗാന്ധിയുമായ് കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജി സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയെ കണ്ട് മടങ്ങിയതിനു പിന്നാലെയാണ് മഹാസഖ്യത്തിനായുള്ള ഒരുക്കത്തിനായ് ലാലുവും ദല്‍ഹിയിലെത്തുന്നത്. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പിടിമുറുക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.
ഇതിനപവാദമായി നില്‍ക്കുന്നത് ബീഹാര്‍ മാത്രമാണ്. രാജ്യത്തെ വിജയത്തുടര്‍ച്ചയ്ക്ക് ബീഹാറില്‍ തടയിട്ടത് ലാലുപ്രസാദ് അണിയിച്ചൊരുക്കിയ മഹാസഖ്യമായിരുന്നു. നിതീഷ്‌കുമാറിന്റെ ജനതാദല്‍ യുണൈറ്റഡുമായി സഖ്യമുണ്ടാക്കിയ ആര്‍.ജെ.ഡി കോണ്‍ഗ്രസിനെയും സഖ്യത്തിലുള്‍പ്പെടുത്തി ശക്തിയാര്‍ജ്ജിക്കുകയായിരുന്നു.
“മിഷന്‍ 2019” എന്ന പേരില്‍ തങ്ങള്‍ക്ക് സ്വാധീമനമില്ലാത്ത സംസ്ഥാനങ്ങളിലും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് മമത ബാനര്‍ജിയുടെയും ലാലു പ്രസാദിന്റെയും ദല്‍ഹി യാത്ര. ഇടതു പക്ഷവുമായുള്ള കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള സഖ്യ ശ്രമങ്ങളും മഹാ സഖ്യത്തിനായുള്ള ഒരുക്കവുമായ് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും സി.പി.ഐ.എം വേര്‍തിരിച്ച് കാണണമെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയും ഇതുമായ് ചേര്‍ന്ന് നില്‍ക്കുന്നതാണ്. നാളെയും മറ്റനാളുമായാണ് ലാലുപ്രസാദ് സോണിയാ ഗാന്ധിയുമായ് കൂടിക്കാഴ്ച നടത്തുന്നത്.
You must read this ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി
ഇതിനു പുറമെ ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാരിനെതിരെ നടത്തുന്ന മഹാറാലിയില്‍ പങ്കെടുക്കുവാനും ലാലു പ്രസാദ് സോണിയയെ ക്ഷണിച്ചിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്നതിനായ് മമത ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് എന്നി നേതാക്കളെയും ലാലുപ്രസാദ് ക്ഷണിച്ചിട്ടുണ്ട്.