Advertisement
national news
ബി.ജെ.പി ഒ.ബി.സിക്കാരെ മൃഗങ്ങളേക്കാള്‍ മോശമായാണ് പരിഗണിക്കുന്നത്: അതുകൊണ്ടാണ് ജാതി സെന്‍സസിനോട് പ്രശ്‌നം തോന്നുന്നതും: ലാലു പ്രസാദ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 17, 05:56 pm
Wednesday, 17th May 2023, 11:26 pm

പാട്‌ന: ബി.ജെ.പി ഒ.ബിസിക്കാരെ മൃഗങ്ങളെക്കാള്‍ മോശമായാണ് പരിഗണിക്കുന്നതെന്ന് ആര്‍.ജെ.ഡി. അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുതലകളെ മാത്രമേ പരിഗണിക്കുന്നുള്ളുവെന്നും രാജ്യത്ത് ഭൂരിഭാഗം വരുന്നത് പിന്നോക്ക സമുദായത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കാസ്റ്റ് സെന്‍സസ് എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘കേന്ദ്ര സര്‍ക്കാര്‍ മുതലകളെ പോലും കണക്കിലെടുക്കുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗവും പാവങ്ങളും, നിരാലംബരും, ഒഴിവാക്കപ്പെട്ടവരും, പിന്നോക്ക വിഭാഗങ്ങളുമല്ലേ?

ആര്‍.എസ്.എസും ബി.ജെ.പിയും ഒ.ബിസിക്കാരെ മൃഗങ്ങളെക്കാള്‍ മോശമായ രീതിയിലാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ജാതി സെന്‍സസിനോടും ജാതി സര്‍വേയോടും പ്രശ്‌നം തോന്നുന്നത്.

എന്തുകൊണ്ടാണ് ബി.ജെ.പിക്ക് പിന്നോക്ക വിഭാഗങ്ങളോട് ഇത്രയും വെറുപ്പും ശത്രുതയും തോന്നുന്നത്,’ ലാലു പ്രസാദ് പറഞ്ഞു.

ബീഹാറിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയില്‍ മുതലകളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പോട് കൂടിയാണ് ലാലു ട്വീറ്റ് പങ്കുവെച്ചിട്ടുള്ളത്. സര്‍ക്കാരിതര സംഘടനയായ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണ്ടെത്തലായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

നേരത്തെ എസ്.സി, എസ്.ടി, മതന്യൂനപക്ഷങ്ങള്‍ എന്നിവരൊഴികെയുള്ളവരെ സെന്‍സസില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ബീഹാറില്‍ ഇതിനെതിരെ ജാതി സെന്‍സസ് ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ രണ്ട് തവണ നിയമസഭയുടെ ഇരുസഭകളിലും പാസാക്കി.

അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജാതി സര്‍വേ നടത്തണമെന്ന ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വേ ഈ വര്‍ഷം ആദ്യം പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

content highlight: lalu prasad about cast sensus