സിനിമ ചെയ്യുന്നത് വല്ലപ്പോഴും, വരുന്നതില്‍ ഷോ സ്റ്റീലറാവുന്നു, പതിവ് തെറ്റിക്കാതെ ലാലു അലക്‌സ്
Film News
സിനിമ ചെയ്യുന്നത് വല്ലപ്പോഴും, വരുന്നതില്‍ ഷോ സ്റ്റീലറാവുന്നു, പതിവ് തെറ്റിക്കാതെ ലാലു അലക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 2:14 pm

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മഹാവീര്യര്‍ മലയാളത്തില്‍ ഒരു പുത്തന്‍ പരീക്ഷണമായിരിക്കുകയാണ്. യാഥാര്‍ത്ഥ്യവും ഫാന്റസിയും കൂട്ടികലര്‍ത്തി ആധുനികവും പ്രാചീനവുമായ കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം വ്യത്യസ്തമായ കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, സിദ്ധിഖ് തുടങ്ങി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയിരുന്നു. ഇതില്‍ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു ലാലു അലക്‌സിന്റേത്.

പബ്ലിക് പ്രോസിക്യൂട്ടറായാണ് ലാലു അലക്‌സ് ചിത്രത്തിലെത്തിയത്. സത്യവും മിഥ്യയും കൂടികലര്‍ന്ന ചിത്രത്തില്‍ ഏറ്റവും യുക്തിയുള്ള കഥാപാത്രമായിരുന്നു ലാലു അലക്‌സിന്റേത്. രണ്ട് കേസുകളാണ് ചിത്രത്തില്‍ പ്രോസിക്യൂട്ടര്‍ വാദിക്കുന്നത്. ഈ രണ്ട് കേസുകളിലും പ്രതിക്കെതിരെയാണ് പ്രോസിക്യൂട്ടറിന്റെ വാദം.

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ശരിയുടെ ഭാഗത്ത് നില്‍ക്കുന്ന പ്രോസിക്യൂട്ടര്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയും ഭരണഘടനയും വ്യക്തിയുടെ അവകാശങ്ങളും ഉയര്‍ത്തി പിടിക്കുന്നുണ്ട്. പ്രതിക്കെതിരെ പ്രോസിക്യൂട്ടര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിതീപൂര്‍വമുള്ളതാവുന്നതിനൊപ്പം അയാള്‍ തൊടുത്തു വിടുന്ന പരിഹാസങ്ങള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്.

അധികാരത്തിന്റെ ശക്തിയില്‍ കോടതിയും അടിമപ്പെടുന്ന ഘട്ടത്തില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് പബ്ലിക് പ്രോസിക്യൂട്ടറാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അനീതി നടക്കുമ്പോള്‍ ഏറ്റവും അസ്വസ്ഥമാകുന്ന മുഖങ്ങളിലൊന്ന് അയാളുടേതാണ്.

സിനിമയിലെ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിന്‍ പോളിയെക്കാളും ആസിഫ് അലിയെക്കാളും സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് ലാലു അലക്‌സിന്റെ പ്രോസിക്യൂട്ടര്‍. സിദ്ധിഖിന്റെ ജഡ്ജാണ് ഏറ്റവും അധികം സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്ന മറ്റൊരു കഥാപാത്രം.

അതായത് പ്രേക്ഷകനെ ബോറടിപ്പിക്കാതെ എന്‍ഗേജ് ചെയ്യിക്കേണ്ട ഉത്തരവാദിത്തം ലാലു അലക്‌സിനാണ്. മഹാവീര്യറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. അഭിഭാഷകന്റെ തഴക്കത്തിലും വഴക്കത്തിലും ലാലു അലക്‌സ് ആ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ലാലു അലക്‌സ് പറഞ്ഞത് പോലെ തന്നെ വല്ലുപ്പോഴുമാണ് അദ്ദേഹത്തിന് സിനിമകള്‍ ലഭിക്കുന്നത്. എന്നാല്‍ വരുന്ന സിനിമകളില്‍ ലാലു അലക്‌സ് ഷോ സ്റ്റീലറാവുകയാണ് പതിവ്. മഹാലീര്യറിലും ആ പതിവ് തെറ്റിച്ചിട്ടില്ല.

Content Highlight: Lalu Alex has portrayed the role brilliantly with the grace and flexibility of a lawyer in mahaveeryar