| Friday, 28th January 2022, 1:29 pm

കുറെക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരിക്കുന്നു; കുര്യന്‍ മാളിയേക്കലിനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൃഥ്വിരാജിന്റെ സംവിധാന സംരംഭത്തിലിറങ്ങിയ രണ്ടാമത്തെ സിനിമ ബ്രോ ഡാഡി പല കാരണങ്ങളാല്‍ ചര്‍ച്ചകളില്‍ നിറയുകയാണ്.

ഒരിടവേളക്ക് ശേഷം ലാലു അലക്‌സ് മുഴുനീള കഥാപാത്രമായി വന്ന് തിളങ്ങിയെന്നും മോഹന്‍ലാലിന്റെ കോമഡി ടച്ചുള്ള കഥാപാത്രം തരക്കേടില്ലാതെ വര്‍ക്കൗട്ട് ആയെന്നുമാണ് ചിത്രത്തെ പ്രശംസിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പൃഥ്വിരാജിന്റെ സംവിധാനവും കഥയും കോമഡികളും സിനിമയില്‍ പാളിപ്പോയെന്ന ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

എന്തായാലും ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് മുഴുനീള വേഷത്തില്‍ ലാലു അലക്‌സ് എത്തുന്നത്.

കുര്യന്‍ മാളിയേക്കലിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് നടന്‍ ലാലു അലക്‌സ്. നീണ്ട ഇടവേളക്ക് ശേഷം താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ലാലു അലക്‌സ് വെളിപ്പെടുത്തി.


”സുഹൃത്തുക്കളേ, ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരിക്കുകയാണ്. നിങ്ങളുടെ എല്ലാ മെസേജുകളും ആശംസകളും പോസ്റ്റുകളും ഞാന്‍ വായിച്ചു.

ബ്രോ ഡാഡി സിനിമക്കും കുര്യന്‍ മാളിയേക്കലിനും തന്ന സ്‌നേഹത്തിനും പിന്തുണക്കും എല്ലാവര്‍ക്കും നന്ദി,” ലാലു അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹോട്ട്‌സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Content Highlight: Lalu Alex Facebook post thanking audience for receiving Bro Daddy and his character Kurian Maliekkal

We use cookies to give you the best possible experience. Learn more