ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയില്‍ ഏറ്റവുമധികം പ്രശംസ ലഭിച്ച കഥാപാത്രമാണ് ലാലു അലക്‌സിന്റെ കുര്യന്‍ മാളിയേക്കല്‍.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് മുഴുനീള വേഷത്തില്‍ ലാലു അലക്സ് എത്തിയത്.
അദ്ദേഹത്തിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷണല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു രീതിയിലാണ് ലാലു അലക്‌സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മകളായ അന്ന തന്റെ പ്രേമബന്ധത്തെ പറ്റി എന്തുകൊണ്ട് ലാലു അലക്‌സിന്റെ കഥാപാത്രത്തോട് പറഞ്ഞില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കാരണം മലയാളസിനിമയിലെ പെണ്‍മക്കളുടെ പ്രേമത്തിന് കൂട്ടു നില്‍ക്കുന്ന ആസ്ഥാന അച്ഛന്‍ എന്ന പട്ടം ഇതിനോടകം തന്നെ ലാലു അലക്‌സിന് ലഭിച്ചിട്ടുള്ളതാണ്.
മലയാളത്തില്‍ ഇത്തരത്തില്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടുപോയ താരമാണ് ലാലു അലക്‌സും. ആസ്ഥാന ഇടുക്കികാരന്‍-ജാഫര്‍ ഇടുക്കി.
നായകന്റെ ചെറുപ്പത്തില്‍ മരിച്ചു പോകുന്ന ആസ്ഥാന അമ്മ-അഞ്ജലി നായര്‍, എല്ലാ സിനിമയിവും മരിക്കുന്ന കഥാപാത്രം-സന്തോഷ് കീഴാറ്റൂര്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
അങ്ങനെയുള്ള ലാലു അലക്‌സിന്റെ കഥാപാത്രത്തോട് തന്റെ പ്രേമം എന്തുകൊണ്ടാണ് നായികയായ അന്ന പറയാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 1999 ല്‍ പുറത്തിറങ്ങിയ നിറം, 2007ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മകളുടെ പ്രേമത്തെ പിന്തുണയ്ക്കുന്ന കൂള്‍ അച്ഛനായിട്ടാണ് ലാലു അലക്‌സ് എത്തുന്നത്.