പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ്: ലാലു അലക്‌സ്
Film News
പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ്: ലാലു അലക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th January 2022, 5:52 pm

പൃഥ്വിരാജ് സംവിധാനം ചെയിത ‘ബ്രോ ഡാഡി’ ജനുവരി 26നാണ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും അഭിനയിച്ച ചിത്രത്തില്‍ സ്റ്റാര്‍ പെര്‍ഫോമറായത് കുര്യന്‍ മാളിയേക്കലായെത്തിയ ലാലു അലക്‌സായിരുന്നു.

ചിത്രത്തില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്സിന്റേതാണ്. കുര്യനായി ലാലു അലക്സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നത്.

അദ്ദേഹത്തിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷണല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം. പ്രത്യേകിച്ചും ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്സിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്ക് പ്രശംസ ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ കടപ്പാട് പൃഥ്വിരാജിനോടാണ് എന്ന് പറയുകയാണ് ലാലു അലക്‌സ്. പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് പൃഥ്വിരാജെന്നും താന്‍ സംവിധായകന്റെ ആര്‍ട്ടിസ്റ്റാണെന്നും ലാലു അലക്‌സ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജുവിന്റെ ആദ്യ സിനിമ ‘ലൂസിഫര്‍’ ഞാനും കണ്ടതാണ്. രാജുവിന്റെ ഡയറക്ഷന്‍ എന്താണെന്ന് അതില്‍ മനസ്സിലാക്കാം. ബ്രോ ഡാഡിയിലെ എന്റെ ഡയലോഗുകളൊക്കെ രാജു തന്നെ കാണാതെ പറഞ്ഞുതരുമായിരുന്നു. സ്‌ക്രിപ്റ്റ് മുഴുവന്‍ കാണാതെ പഠിച്ചുവെച്ചേക്കുവായിരുന്നു. സിനിമയില്‍ മുഴുകിയിരിക്കുന്ന ആളാണ് രാജു.

ഓരോ സീനും അഭിനയിച്ചു കാണിച്ചുതരും. അത്രയും പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ്. ഈ സിനിമ ഇറങ്ങി ആളുകള്‍ അഭിനന്ദനമറിയിക്കുമ്പോള്‍ എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ, ഞാന്‍ പഴയ നടനാണ്. എനിക്ക് സംവിധായകന്‍ കഴിഞ്ഞേ എന്തുമുള്ളൂ, ഞാന്‍ ആ ക്ലാസാണ്. സംവിധായകന്റെ ആര്‍ട്ടിസ്റ്റാണ്. ഇതിന്റെ എല്ലാ കടപ്പാടും പൃഥ്വിരാജിനുള്ളതാണ്,’ ലാലു അലക്‌സ് പറഞ്ഞു.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Content Highlight: lalu alex about the direction of prithviraj